
ബിഗ് ബജറ്റ് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളെ സംബന്ധിച്ച് തങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒരു സോളോ റിലീസ് തീയതി ലഭിക്കാനാണ് ശ്രമിക്കാറ്. എന്നാല്‍ അത് പലപ്പോഴും സാധിക്കണമെന്നില്ല. തമിഴ് സിനിമയില്‍ വരാനിരിക്കുന്ന ഒരു വലിയ ക്ലാഷ് ഒക്ടോബര്‍ 10 ആണ്. രജനിയുടെ വേട്ടൈയനും സൂര്യയുടെ കങ്കുവയും അന്നാണ് എത്തുക. വേട്ടൈയന്‍റെ കാര്യം നേരത്തേ തീരുമാനിച്ചിരുന്നതാണെങ്കില്‍ കങ്കുവയുടെ റിലീസ് തീയതി ഏതാനും ദിവസം മുന്‍പാണ് പ്രഖ്യാപിച്ചത്. രജനി ചിത്രവുമായി ക്ലാഷ് വെക്കാന്‍ കങ്കുവ നിര്‍മ്മാതാവ് തീരുമാനിച്ചത് എന്തുകൊണ്ടാണ്? ഇപ്പോഴിതാ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് തമിഴിലെ പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ ജി ധനഞ്ജയന്‍.
പൂജ അവധി ദിനങ്ങളും രണ്ടാം ശനിയും ഞായറുമടക്കം നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ലഭിക്കുമെന്നതാണ് ഒക്ടോബര്‍ 10 എന്ന തീയതിയുടെ പ്രത്യേകതയെന്ന് ധനഞ്ജയന്‍ പറയുന്നു. തമിഴ് യുട്യൂബ് ചാനലായ ടൂറിംഗ് ടോക്കീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്- "ആ റിലീസ് തീയതിക്ക് പിന്നില്‍ പല കാര്യങ്ങള്‍ ഉണ്ട്. പ്രാധാന്യമുള്ള ഒരു തീയതിയാണ് അത്. പത്ത് മുതല്‍ നാല് ദിവസം തുടര്‍ച്ചയായി അവധിദിനങ്ങളാണ്. വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിനങ്ങളാണ്, സിനിമകള്‍ക്ക് നാല് ദിവസത്തെ ആദ്യ വീക്കെന്‍ഡ് ലഭിക്കുന്നത് അപൂര്‍വ്വമാണ്. ദീപാവലി വീക്കെന്‍ഡ് പോലും അത്ര നീളില്ല. രണ്ട് ദിവസമേ വരൂ. സെപ്റ്റംബര്‍ 5 ആയിരുന്നു ഇതിന് മുന്‍പ് നാല് ദിവസത്തെ വീക്കെന്‍ഡ് ലഭിക്കുന്ന റിലീസ് തീയതി. അത് വിജയ് കൃത്യമായി തെരഞ്ഞെടുത്തു (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം റിലീസ് തീയതി). അതുപോലെ ഒരു തീയതിയാണ് ഒക്ടോബര്‍ 10", ധനഞ്ജയന്‍ പറയുന്നു
"ജ്ഞാനവേല്‍ സാറിന്‍റെ (കെ ഇ ജ്ഞാനവേല്‍ രാജ, കങ്കുവയുടെ നിര്‍മ്മാതാവ്) മറ്റൊരു കണക്കുകൂട്ടല്‍ എന്തെന്നാല്‍ ഹിന്ദിയിലും ആ തീയതി ലഭിക്കും. ദീപാവലിക്കാണ് ഹിന്ദിയില്‍ വലിയ മത്സരം. ആ സമയത്ത് അവിടെ വലിയ പടങ്ങള്‍ ഇതിനകം തന്നെ റിലീസ് തീയതി തീരുമാനിച്ചിട്ടുണ്ട്, തെലുങ്കിലും. ദീപാവലിക്ക് ഇവിടെ വിടാമുയര്‍ച്ചി റിലീസുമുണ്ട്. ഒക്ടോബര്‍ 10 തെലുങ്കിലും ഓകെ ആണ്. തമിഴ്നാട്ടില്‍ മാത്രമാണ് ഒരു ഡയറക്റ്റ് ക്ലാഷ് ഉള്ളത്, വേട്ടൈയനുമായി. എന്നാല്‍ മറ്റെല്ലാ സ്ഥലങ്ങളിലും ഓപണ്‍ മാര്‍ക്കറ്റ് ലഭിക്കും. രണ്ട് വലിയ പടങ്ങള്‍ ഒരേ ദിവസം വരുമ്പോള്‍ തിയറ്റര്‍ കുറയുമെങ്കിലും നാല് ദിവസത്തെ വീക്കെന്‍ഡ് ഉള്ളതിനാല്‍ വലിയ പ്രശ്നം ഉണ്ടാവില്ല. അതാണ് നിര്‍മ്മാതാവ് ചിന്തിക്കുന്നത്", ധനഞ്ജയന്‍ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ