'തുറമുഖം' റിലീസ് എന്തുകൊണ്ട് വൈകുന്നു? തുറന്നു പറഞ്ഞ് നിവിന്‍ പോളി

By Web TeamFirst Published Sep 25, 2022, 10:37 AM IST
Highlights

നേരത്തെ പലകുറി റിലീസ് മാറ്റിയിരുന്ന ചിത്രത്തിന്‍റേതായി അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ജൂണ്‍ 3 ആയിരുന്നു

നിവിന്‍ പോളിയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് രാജീവ് രവി സംവിധാനം ചെയ്‍ത തുറമുഖം. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം പലകുറി റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രമാണ്. ചിത്രത്തിനായുള്ള കാത്തിരിപ്പ് സോഷ്യല്‍ മീഡിയയിലൂടെ സിനിമാപ്രേമികളില്‍ പലരും പലപ്പോഴായി പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രം കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ പകരുന്ന ഒരു വിവരം നിവിന്‍ തന്നെ പങ്കുവച്ചിരിക്കുകയാണ്. ചിത്രം നവംബര്‍- ഡിസംബര്‍ കാലയളവില്‍ എത്തിയേക്കും എന്നതാണ് അത്.

താന്‍ നായകനാവുന്ന പുതിയ ചിത്രം സാറ്റര്‍ഡേ നൈറ്റിന്‍റെ പ്രചരണാര്‍ഥം രാജ​ഗിരി കോളെജില്‍ മറ്റ് അണിയറക്കാര്‍ക്കൊപ്പം എത്തിയ നിവിന്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് ഇത് പറഞ്ഞത്. താന്‍ നിവിന്‍ പോളിയുടെ വലിയ ആരാധകനാണെന്നും തുറമുഖം അടിയന്തിരമായി തിയറ്ററില്‍ ഇറക്കണമെന്നുമായിരുന്നു നിവിനോട് വിദ്യാര്‍ഥിയുടെ ആവശ്യം. എന്നാല്‍ തുറമുഖം തന്‍റെ പോക്കറ്റിലല്ല ഇരിക്കുന്നത് എന്നായിരുന്നു ചിരിയോടെയുള്ള നിവിന്‍ പോളിയുടെ മറുപടി. പിന്നീട് ചിത്രം വൈകാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. 

തുറമുഖം എന്‍റെ പോക്കറ്റിലല്ല ഇരിക്കണെ. ആ സിനിമ ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആ​ഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്‍റെ നിര്‍മ്മാതാവിന്‍റെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാം കാരണം അത് ഇത്തിരി പ്രശ്നത്തില്‍ ഇരിക്കുകയാണ്. അത് നവംബര്‍- ഡിസംബറില്‍ റിലീസ് ആവുമെന്നാണ് കേള്‍വി. നമ്മുടെ നിര്‍മ്മാതാക്കളില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇപ്പോള്‍ നില്‍ക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിന്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നു, നിവിന്‍ പറഞ്ഞു.

 

നേരത്തെ പലകുറി റിലീസ് മാറ്റിയിരുന്ന ചിത്രത്തിന്‍റേതായി അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ജൂണ്‍ 3 ആയിരുന്നു. 'അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ തുറമുഖത്തിന്റെ റിലീസ് വീണ്ടും ഒരാഴ്ചത്തേക്ക് മാറ്റിവെക്കേണ്ടി വന്നിരിക്കുന്നു എന്നായിരുന്നു ഈ തീയതി മാറ്റിയപ്പോള്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചത്. എന്നാല്‍ പിന്നീടൊരു റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

ALSO READ : ദുല്‍ഖറിനെ സ്വീകരിച്ചോ ബോളിവുഡ്? 'ചുപ്പ്' ആദ്യ ദിനം നേടിയത്

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

click me!