Asianet News MalayalamAsianet News Malayalam

ദുല്‍ഖറിനെ സ്വീകരിച്ചോ ബോളിവുഡ്? 'ചുപ്പ്' ആദ്യ ദിനം നേടിയത്

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

chup revenge of the artist first day box office collection dulquer salmaan sunny deol r balki
Author
First Published Sep 24, 2022, 1:36 PM IST

കൊവിഡ് കാലത്തിനു ശേഷം സംഭവിച്ച പരാജയത്തുടര്‍ച്ചകളില്‍ നിന്ന് പതിയെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ബോളിവുഡ്. അഥവാ അങ്ങനെ ഒരു തോന്നലാണ് ചലച്ചിത്ര വ്യവസായത്തില്‍ നിന്ന് ലഭിക്കുന്നത്. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ബോക്സ് ഓഫീസില്‍ വന്‍ പരാജയം നേരിട്ടപ്പോള്‍ അതിന് ഒരു അവസാനമുണ്ടാക്കിയത് രണ്‍ബീര്‍ കപൂര്‍ നായകനായ ബ്രഹ്‍മാസ്ത്ര ആയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരം 300 കോടി നേടിയ ചിത്രം 10 ദിവസങ്ങളില്‍ 360 കോടിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഇന്നലെ തിയറ്ററുകളിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍- സണ്ണി ഡിയോള്‍ ചിത്രം ചുപ്പ് നടത്തുന്ന ബോക്സ് ഓഫീസ് പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ട്രേഡ് അനലിസ്റ്റുകള്‍.

23ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് എങ്കിലും രണ്ട് ദിവസം മുന്‍പ് പ്രേക്ഷകര്‍ക്കായി പ്രധാന നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍ സൌജന്യ പ്രിവ്യൂ പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു അണിയറക്കാര്‍. ഈ പ്രിവ്യൂസിനു ശേഷം വന്‍ അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ റിലീസിനു ശേഷം ചിത്രം നേടിയ ആദ്യദിന കളക്ഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തി തുടങ്ങുകയാണ്. ആദ്യദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 2.5- 3 കോടിയാണെന്ന് ട്രേഡ് സോഴ്സുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോക്സ് ഓഫീസ് ഇന്ത്യയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചിത്രത്തിന്‍റെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 2.5 കോടി ആണെന്നാണ്.

ALSO READ : തമിഴ്നാട്ടില്‍ മാത്രം വിറ്റത് 1.5 കോടി ടിക്കറ്റുകള്‍! കമല്‍ ഹാസന്‍റെ വിക്രം നേടിയ കളക്ഷന്‍

chup revenge of the artist first day box office collection dulquer salmaan sunny deol r balki

മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം പല സംസ്ഥാനങ്ങളിലും തിയറ്റര്‍ ഉടമകള്‍ ഇന്നലെ ദേശീയ ചലച്ചിത്ര ദിനമായി ആചരിച്ചിരുന്നു. ഇതുപ്രകാരം ഏത് സിനിമയുടെയും ഏത് ഷോയ്ക്കും 75 രൂപയായിരുന്നു ഒരു ടിക്കറ്റിന്. കാണികളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ ഈ ദിവസം റിലീസ് ചെയ്തതിനാല്‍ ചുപ്പിന് കഴിഞ്ഞു എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അതേസമയം ചിത്രത്തിന്‍റെ ഔദ്യോഗിക കളക്ഷന്‍ ഇനിയും പുറത്തെത്തിയിട്ടില്ല.

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍ ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്‍ ബല്‍കിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി.  

Follow Us:
Download App:
  • android
  • ios