'വാരിയംകുന്നന്‍' എന്തുകൊണ്ട് സംഭവിച്ചില്ല? പൃഥ്വിരാജിന്‍റെ പ്രതികരണം

By Web TeamFirst Published Oct 7, 2021, 11:13 AM IST
Highlights

ആഷിക് അബുവും പൃഥ്വിരാജും പ്രോജക്റ്റില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് വിശദീകരണവുമായി എത്തിയിരുന്നു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നനി'ല്‍ (Vaariyamkunnan) നിന്നും ചിത്രം സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ആഷിക് അബുവും (Aashiq Abu) നായകനാവേണ്ടിയിരുന്ന പൃഥ്വിരാജും (Prithviraj Sukumaran) പിന്മാറിയിരുന്നു. നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് പറഞ്ഞപ്പോള്‍ പൃഥ്വിരാജ് ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ 'ഭ്രമം' (Bhramam) റിലീസുമായി ബന്ധപ്പെട്ട് ഇന്നലെ ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ ചോദ്യം പൃഥ്വിരാജിന്‍റെ നേര്‍ക്ക് എത്തി.

"എന്‍റെ വ്യക്തിജീവിതത്തിനും പ്രൊഫഷണല്‍ ജീവിതത്തിനും വെളിയില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് സൗകര്യപൂര്‍വ്വം ശ്രദ്ധ കൊടുക്കാത്ത ഒരാളാണ് ഞാന്‍. അത് ജീവിതവും തൊഴില്‍ മേഖലയും എന്നെ പഠിപ്പിച്ച ഒരു കാര്യമാണ്", പൃഥ്വിരാജ് പറഞ്ഞു. വാരിയംകുന്നന്‍ താന്‍ നിര്‍മ്മിക്കാനോ സംവിധാനം ചെയ്യാനോ ഇരുന്ന ചിത്രം അല്ലല്ലോ എന്നും ആ സിനിമ എന്തുകൊണ്ട് സംഭവിച്ചില്ല എന്ന ചോദ്യം അവരോട് ചോദിക്കുകയാവും നല്ലതെന്നും പൃഥ്വിരാജ് പറഞ്ഞു. 

ആഷിക് അബുവും പൃഥ്വിരാജും പ്രോജക്റ്റില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് വിശദീകരണവുമായി എത്തിയിരുന്നു. ചില നിര്‍ഭാഗ്യകരമായ സാചചര്യങ്ങളാല്‍, പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റില്‍ നിന്നും ആഷിക് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനില്‍ക്കേണ്ടതായി വന്നുവെന്നും എന്നാല്‍ സിനിമയുമായി മുന്നോട്ടുപോകാനാണ് തങ്ങളുടെ തീരുമാനമെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ പ്രതികരണം. രണ്ട് ഭാഗങ്ങളായി പുറത്തെത്തുന്ന ചിത്രത്തിന്‍റെ സംവിധായകനെയും അഭിനേതാക്കളെയും പിന്നീട് പ്രഖ്യാപിക്കുമെന്നും കോംപസ് മൂവീസ് അറിയിച്ചിരുന്നു.

click me!