
ഉടന്‍ തിയറ്ററുകളില്‍ എത്താനിരിക്കുന്ന ആട് 3 എന്ന സിനിമയുടെ തിരുവനന്തപുരത്തെ പ്രൊമോഷന്‍ അവസാന നിമിഷം റദ്ദാക്കേണ്ടിവന്നതില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് വിജയ് ബാബു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളെജിലും മാള്‍ ഓഫ് ട്രാവന്‍കൂളിലും ഇന്നാണ് സിനിമയുടെ താരങ്ങളും അണിയറക്കാരും പങ്കെടുക്കുന്ന പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. ചിത്രത്തിലെ നായകനായ ജയസൂര്യ ഉള്‍പ്പെടെ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന പരിപാടികളായിരുന്നു ഇവ. എന്നാല്‍ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാല്‍ അവസാന നിമിഷം പ്രോഗ്രാമുകള്‍ റദ്ദാക്കേണ്ടി വരികയായിരുന്നെന്ന് വിജയ് ബാബു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. വിഷയത്തില്‍ അദ്ദേഹം ക്ഷമയും ചോദിച്ചിട്ടുണ്ട്. കമ്മിറ്റ് ചെയ്ത കാര്യങ്ങളില്‍ നിന്ന് സാധാരണ പിന്മാറാത്തതാണെന്ന് പറഞ്ഞ വിജയ് ബാബു മാര്‍ ഇവാനിയോസിലെ വിദ്യാര്‍ഥികളോടും മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വരുന്നവരോടും വരും ദിനങ്ങളില്‍ തങ്ങളില്‍ നിന്ന് ചില സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാമെന്നും പറയുന്നുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ചിത്രത്തിന്‍റെ റിലീസിനെ ബാധിക്കില്ലെന്ന് അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഈ മാസം 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.
പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്". മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018, അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് ആട് 3.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ