
പുതുവര്‍ഷ ദിനത്തില്‍ മലയാള സിനിമാലോകത്തുനിന്നുള്ള സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു 'ദൃശ്യം 2' ഒടിടി റിലീസ് ആയിരിക്കുമെന്ന വിവരം. എന്നാല്‍ നേരത്തെ ഒടിടി റിലീസ് ആവുമെന്ന് കരുതപ്പെട്ടിരുന്ന മറ്റൊരു പ്രധാന ചിത്രം തീയേറ്റര്‍ റിലീസ് ആയേക്കുമെന്ന സൂചനയും പുറത്തുവരുന്നു. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്‍പദമാക്കി ഒരുങ്ങുന്ന ശ്രീനാഥ് രാജേന്ദ്രന്‍റെ ദുല്‍ഖര്‍ ചിത്രം 'കുറുപ്പ്' ആണ് തീയേറ്റര്‍ റിലീസിന്‍റെ സൂചനകള്‍ നല്‍കിയിരിക്കുന്നത്. പുതുവര്‍ഷദിനത്തില്‍ പങ്കുവച്ച ചിത്രത്തിന്‍റെ ബഹുഭാഷാ പോസ്റ്ററുകള്‍ക്കൊപ്പമാണ് ചിത്രത്തിന്‍റെ തീയേറ്റര്‍ റിലീസിനെക്കുറിച്ചും ദുല്‍ഖര്‍ പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. അതേസമയം തീയേറ്റര്‍ റിലീസ് ആയിരിക്കുമെന്ന് ഉറപ്പിച്ചു പറയുന്നുമില്ല ദുല്‍ഖര്‍.
"ഇന്ത്യയുടെ എക്കാലത്തെയും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ കഥ പറയുന്ന കുറുപ്പ് ബഹുഭാഷകളിലാവും റിലീസ് ചെയ്യപ്പെടുക. നിങ്ങളേവര്‍ക്കും തീയേറ്ററില്‍ കാണാന്‍ കഴിയുന്ന ചിത്രമായിരിക്കും ഇതെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്", എന്നാണ് ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ക്കും പുതുവത്സരാശംസകള്‍ക്കുമൊപ്പം ദുല്‍ഖര്‍ കുറിച്ചത്. 35 കോടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് നവംബറില്‍ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഒരു കരാറിലേക്ക് ഇനിയും എത്തിയിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി ചിത്രം തയ്യാറാക്കിയാല്‍ ഒടിടി റിലീസ് ആവുന്നപക്ഷവും നേട്ടമുണ്ടാക്കാമെന്ന് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നു. അഞ്ച് ഭാഷകളിലെ പോസ്റ്ററുകളാണ് പുതുവത്സര ദിനത്തില്‍ പുറത്തെത്തിയിരിക്കുന്നത്.
ദുൽഖർ സൽമാന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന 'സെക്കൻഡ് ഷോ' ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്ന്‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിംഗിനായി ചിലവഴിച്ചു. ഡബ്ബിംഗ് അടക്കമുള്ള ജോലികള്‍ പൂർത്തീകരിച്ചുകഴിഞ്ഞു. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോൻ' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ചന്ദ്രൻ. പി ആർഒ ആതിര ദിൽജിത്. പോസ്റ്റർ ഡിസൈൻ ആനന്ദ് രാജേന്ദ്രൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ