'തീയേറ്ററുകള്‍ക്ക് ഒന്നും സംഭവിക്കില്ല'; ഒടിടി റിലീസുകളെക്കുറിച്ച് ലിബര്‍ട്ടി ബഷീര്‍

By Web TeamFirst Published Jan 1, 2021, 1:46 PM IST
Highlights

'കാലാകാലങ്ങളായി സിനിമകള്‍ ചാനലുകളില്‍ കാണിക്കുന്നില്ലേ? എന്നിട്ട് തീയേറ്ററുകള്‍ക്ക് എന്തെങ്കിലും തിരിച്ചടി നേരിട്ടോ?'

മലയാള സിനിമാലോകത്തിനും പ്രേക്ഷകര്‍ക്കുമുള്ള പുതുവത്സരത്തിലെ സര്‍പ്രൈസ് വാര്‍ത്തയായിരുന്നു 'ദൃശ്യം 2'ന്‍റെ ഒടിടി റിലീസ്. കൊവിഡ് അനന്തരം തീയേറ്ററുകള്‍ തുറക്കുമ്പോള്‍ 'ദൃശ്യം 2' പോലെ പ്രേക്ഷക പ്രതീക്ഷയുള്ള ഒരു ചിത്രം എത്തിയാല്‍ നന്നായിരിക്കുമെന്ന് ചലച്ചിത്രമേഖല പ്രതീക്ഷിച്ചിരുന്നു. അതേസമയം ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ തീയേറ്റര്‍ തുറക്കുന്നത് നീളുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. കൊവിഡ് സാഹചര്യം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാന്‍ അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ദൃശ്യം 2 പോലെ വലിയ പ്രേക്ഷക പ്രതീക്ഷയുണ്ടായിരുന്ന ഒരു ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയി എത്തുന്നതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് തീയേറ്ററുകള്‍ക്ക് അത് പ്രതിസന്ധി സൃഷ്ടിക്കുകയില്ലെന്നു പറയുന്നു ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ആയ ലിബര്‍ട്ടി ബഷീര്‍. കേരളത്തിലെ തീയേറ്ററുകള്‍ ഈ മാസം അവസാനത്തോടെ തുറക്കാനാവുമെന്നാണ് കരുതുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു.

"തീയേറ്ററുകള്‍ക്ക് ഒന്നും സംഭവിക്കില്ല. എത്ര ഒടിടി പ്ലാറ്റ്ഫോമുകള്‍ വന്നാലും പ്രേക്ഷകര്‍ തീയേറ്ററില്‍ വരാതിരിക്കില്ല. അവിടെ ഒരുമിച്ചിരുന്നുള്ള സിനിമ കാണലും  ആരവവുമൊക്കെ വേറൊരു അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. കാലാകാലങ്ങളായി സിനിമകള്‍ ചാനലുകളില്‍ കാണിക്കുന്നില്ലേ? എന്നിട്ട് തീയേറ്ററുകള്‍ക്ക് എന്തെങ്കിലും തിരിച്ചടി നേരിട്ടോ? ആളുകള്‍ക്ക് എന്‍റര്‍ടെയ്ന്‍‍മെന്‍റിനുള്ള ഉപാധികള്‍ ഇല്ല എന്നതാണ് നിലവിലെ സ്ഥിതി. പലരും യാത്രകള്‍ക്ക് പോവുകയാണ്. വയനാട്ടിലൊന്നും ലോഡ്‍ജുകളില്‍ മുറി കിട്ടാനില്ലാത്ത സ്ഥിതിയാണ്. തീയേറ്റര്‍ തുറന്നാല്‍ ആളുകളുടെ പുറത്തേക്കുള്ള ഒഴുക്ക് കുറയും. തീയേറ്ററുകളെ സംബന്ധിച്ച് യാതൊരു ഭയവുമില്ല. രോഗം കൂടുതല്‍ വര്‍ധിച്ചില്ലെങ്കില്‍ ഈ മാസം തുറക്കാനുള്ള ഓര്‍ഡര്‍ ഇടുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും സംസാരിച്ചതില്‍ നിന്ന് അതാണു മനസിലാക്കുന്നത്. പ്രൊഡ്യൂസേഴ്സും തീയേറ്റര്‍ ഉടമകളും ഡിസ്ട്രിബ്യൂട്ടേഴ്സും തമ്മില്‍ ചില തര്‍ക്കങ്ങളുമുണ്ട്. ആ തര്‍ക്കങ്ങളും തീര്‍ന്നാല്‍ ഈ മാസം അവസാനത്തോടെ കേരളത്തിലെ തീയേറ്ററുകള്‍ തുറക്കും", ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

 

ദൃശ്യം 2 തീയേറ്ററില്‍ റിലീസ് ചെയ്യാനായിരുന്നു ആഗ്രഹമെന്നും എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ ഒടിടി റിലീസിലേക്ക് നീങ്ങുകയായിരുന്നുവെന്നും ചിത്രത്തിന്‍റെ സംവിധായകനായ ജീത്തു ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. "തീയേറ്റര്‍ റിലീസ് എന്ന ആഗ്രഹത്തിന്‍റെ പുറത്തുതന്നെയാണ് സിനിമ ചെയ്തത്. പ്രഖ്യാപിച്ചതും ഷൂട്ട് തുടങ്ങിയതുമൊക്കെ അങ്ങനെ ആയിരുന്നു. കൊവിഡ് ആദ്യം ജൂണ്‍-ജൂലൈ മാസങ്ങളില്‍ തീരുമെന്നാണ് കരുതിയിരുന്നത്. പിന്നീട് അത് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ അവസാനിക്കുമെന്നും കരുതി. ഡിസംബര്‍ ആവുമ്പോഴേക്ക് പ്രശ്നങ്ങള്‍ എന്തായാലും ഒതുങ്ങുമെന്നാണ് കരുതിയത്. 'മരക്കാര്‍' മാര്‍ച്ചിലേക്കും 'ദൃശ്യം 2' ജനുവരി 26ലേക്കും റിലീസ് ചെയ്യാമെന്നാണ് ആന്‍റണി ആദ്യം പറഞ്ഞത്. വേറെയും റിലീസ് കാത്തിരിക്കുന്ന സിനിമകള്‍ ഉണ്ടല്ലോ എന്നും. പക്ഷേ കൊവിഡ് പ്രതിസന്ധി നീണ്ടുനീണ്ടുപോയി. ആമസോണ്‍ പ്രതിനിധി ആന്‍റണിയെ സമീപിച്ചു. പക്ഷേ അപ്പൊഴും ഞങ്ങള്‍ തീരുമാനം എടുത്തിരുന്നില്ല. തീയേറ്ററില്‍ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തിലാണ് നമ്മളും ഇത്രനാള്‍ ഇത് ഹോള്‍ഡ് ചെയ്തത്. പക്ഷേ യുകെയില്‍ വീണ്ടും ഔട്ട്ബ്രേക്ക് ഉണ്ടാവുന്നു, വിമാനത്താവളങ്ങള്‍ അടയ്ക്കുന്നു, അങ്ങനെ വന്നപ്പോഴേക്ക് ഡിസംബറിലാണ് ഒടിടി തീരുമാനം എടുക്കുന്നത്. കാരണം മരക്കാറിന്‍റെ റിലീസ് മാര്‍ച്ചില്‍ വച്ചിരിക്കുന്നു. അതൊരു ബ്രഹ്മാണ്ഡ പടമാണ്, ഡേറ്റ് മാറ്റാന്‍ പറ്റില്ല. നമുക്ക് മുന്‍പെ ചെയ്ത ഒത്തിരി പടങ്ങള്‍ വേറെയും ഉണ്ടുതാനും. അപ്പൊ ദൃശ്യം എന്ന് റിലീസ് ചെയ്യാനാ? റിലീസ് ചെയ്താല്‍ തന്നെ ആളുകള്‍ തീയേറ്ററിലേക്ക് വരുമോ എന്ന സംശയം. ഫാമിലിയൊക്കെ ഇപ്പോഴും മടിച്ചുനില്‍ക്കുകയാ. പലരുമായിട്ടും സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു പേടിയുണ്ട്. തീയേറ്ററില്‍ ഇറങ്ങി നാലഞ്ച് ദിവസം കഴിയുമ്പോള്‍ ഒരു പൈറേറ്റഡ് കോപ്പി ഇറങ്ങിയാല്‍ സിനിമ തീര്‍ന്നു. അപ്പോള്‍ അത് നല്ല രീതിയില്‍ ഓണ്‍ലൈനില്‍ എന്തുകൊണ്ട് റിലീസ് ചെയ്തുകൂടാ എന്ന ആലോചന വന്നു", ജീത്തു ജോസഫ് പറഞ്ഞു.

click me!