പാപനാശം 2; 'സ്വയംഭൂലിംഗ'മായി കമല്‍ ഹാസന്‍ തന്നെ വരുമോ?

By Web TeamFirst Published Feb 25, 2021, 6:19 PM IST
Highlights

കമല്‍ഹാസന്‍റെ രാഷ്ട്രീയപ്രവേശം തന്നെ സിനിമ സംഭവിക്കാനുള്ള പ്രധാന വെല്ലുവിളി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കമല്‍

'ദൃശ്യം 2' പോലെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയാവുന്ന ഒരു ഡയറക്ട് ഒടിടി റിലീസ് ആദ്യമാണെന്നുതന്നെ പറയാം. റിലീസ് ചെയ്യപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിത്രം ഉയര്‍ത്തിയ ചര്‍ച്ചകള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. ത്രില്ലര്‍ ചിത്രം, അതും ഏറെ ആഘോഷിക്കപ്പെട്ട 'ദൃശ്യ'ത്തിന്‍റെ സീക്വല്‍ ആയതിനാല്‍ സിനിമയില്‍ ഉപയോഗിക്കാതിരുന്ന സാധ്യതകള്‍, വിമര്‍ശനങ്ങള്‍, മൂന്നാംഭാഗത്തെക്കുറിച്ചുള്ള ചിന്തകള്‍ ഇവയൊക്കെയാണ് സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുന്നത്. നാല് ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ ആകെ ആറ് റീമേക്കുകള്‍ സംഭവിച്ച ദൃശ്യത്തിന്‍റെ സീക്വല്‍ ഇറങ്ങിയപ്പോള്‍ റീമേക്കുകളെക്കുറിച്ചുള്ള ചര്‍ച്ചകളും സിനിമാപ്രേമികള്‍ക്കിടയില്‍ സജീവമാണ്. ഇതില്‍ തെലുങ്ക് റീമേക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ദൃശ്യത്തില്‍ നിന്ന് വ്യത്യസ്തമായി ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും ദൃശ്യം 2 തെലുങ്ക് റീമേക്കിനുണ്ട്. മറ്റു രണ്ട് ഭാഷകളിലെ റീമേക്കിനെക്കുറിച്ചുകൂടി താന്‍ ആലോചിക്കുന്നതായി ജീത്തു അടുത്തിടെ പറഞ്ഞിരുന്നു. തമിഴ്, ഹിന്ദി റീമേക്കുകളാണ് അത്. എന്നാല്‍ ഇതില്‍ തമിഴ് റീമേക്ക് നിലവില്‍ എത്രത്തോളം സാധ്യമാണ് എന്ന സംശയം സിനിമാപ്രേമികള്‍ക്കിടയില്‍ ഉയരുന്നുണ്ട്.

 

കമല്‍ഹാസന്‍റെ രാഷ്ട്രീയപ്രവേശം തന്നെ സിനിമ സംഭവിക്കാനുള്ള പ്രധാന വെല്ലുവിളി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കമല്‍. ഇത്തവണ എന്തായാലും താന്‍ മത്സരിക്കുമെന്നും മുഖ്യമന്ത്രിപദം ലക്ഷ്യത്തിലുണ്ടെന്നും കമല്‍ പറഞ്ഞിരുന്നു. തന്‍റെയും മക്കള്‍ നീതി മയ്യത്തിന്‍റെയും തെരഞ്ഞെടുപ്പ് പ്രകടനത്തിനു ശേഷമേ അഭിനയിക്കേണ്ട സിനിമകള്‍ കമല്‍ തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ളൂ. പാപനാശം 2ന് മുന്നിലുള്ള മറ്റൊരു കാസ്റ്റിംഗ് പ്രതിസന്ധിയായി തമിഴ് മാധ്യമങ്ങളില്‍ കാണുന്നത് കമല്‍-ഗൗതമി കോമ്പിനേഷന്‍ ആണ്. പാപനാശം പുറത്തെത്തിയത് 2015ല്‍ ആയിരുന്നു. 13 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് കമലും ഗൗതമിയും വേര്‍പിരിഞ്ഞത് തൊട്ടടുത്ത വര്‍ഷമാണ്. അതേസമയം സിനിമയെ ഏറെ പ്രൊഫഷണല്‍ ആയി സമീപിക്കുന്ന ഇരുവരും അക്കാരണത്താല്‍ പാപനാശം 2 ഒഴിവാക്കില്ലെന്നും വിലയിരുത്തലുകളുണ്ട്.

അതേസമയം കാസ്റ്റിംഗ് പ്രതിസന്ധി പരിഹരിച്ചാലും തമിഴ് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ദൃശ്യം 2ന്‍റെ തിരക്കഥയില്‍ വേണ്ട മാറ്റം വരുത്തേണ്ട ഉത്തരവാദിത്തവുമുണ്ട് ജീത്തു ജോസഫിന്. കഥാതന്തു ഒന്നുതന്നെ ആയിരുന്നെങ്കിലും കമലിന്‍റെ പാത്രരൂപീകരണത്തിലടക്കം പാപനാശത്തിന് ദൃശ്യത്തില്‍ നിന്ന് വ്യത്യാസമുണ്ടായിരുന്നു. കുടുംബം അപ്രതീക്ഷിതമായി വന്നുപെട്ട പ്രതിസന്ധിയില്‍ കുറ്റകൃത്യം മറച്ചുവെക്കാനുള്ള തീരുമാനമടക്കം അക്ഷോഭ്യമായി എടുത്ത ആളാണ് ജോര്‍ജുകുട്ടിയെങ്കില്‍ കൂടുതല്‍ ഇമോഷണല്‍ ആയ കഥാപാത്രമായിരുന്നു കമല്‍ ഹാസന്‍റെ സ്വയംഭൂലിംഗം. വരുണിന്‍റെ 'അന്ത്യ'ത്തെക്കുറിച്ച് അധികം വിട്ടുപറയാതെ അതിസൂക്ഷ്‍മമായാണ് ജോര്‍ജുകുട്ടി പ്രഭാകറിനോടും ഗീതയോടും സംവദിച്ചതെങ്കില്‍ ക്രൈമില്‍ തനിക്ക് വ്യക്തിപരമായുള്ള പങ്കിനെക്കുറിച്ച് കുറച്ചുകൂടി വിവരിക്കുകയായിരുന്നു സ്വയംഭൂലിംഗം. ദൃശ്യം 2ന്‍റെ തമിഴ് റീമേക്കിന്‍റെ സ്ക്രിപ്റ്റിംഗ് ജീത്തുവിന് ഒരു അധിക വെല്ലുവിളി കൂടി ഉയര്‍ത്തുന്നുണ്ടെന്ന് സാരം.

click me!