'എന്നെ കൊല്ലല്ലേ' എന്ന് സഹദേവന്‍ പറയുമോ? 'ട്രോള്‍ ആയപ്പോള്‍ ജീത്തു സാര്‍ എനിക്ക് തന്ന മറുപടി'; ഷാജോണ്‍ പറയുന്നു

Published : Jun 27, 2026, 09:51 AM IST
will sahadevan really do the same as drishyam 3 climax Kalabhavan Shajohn reacts to trolls after ott release

Synopsis

ദൃശ്യം 3-ലെ സഹദേവന്‍റെ ക്ലൈമാക്സ് രംഗത്തെക്കുറിച്ചുള്ള ട്രോളുകളിൽ പ്രതികരിച്ച് കലാഭവൻ ഷാജോൺ.

സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു ദൃശ്യം 3. എന്നാല്‍ ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ലഭിച്ചതുപോലെ പോസിറ്റീവ് അഭിപ്രായങ്ങള്‍ മാത്രമല്ല ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്ര അഭിപ്രായം ആയിരുന്നു. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമാവുകയും ചെയ്തു. എന്നാല്‍ ഒടിടിയില്‍ എത്തിയപ്പോള്‍ ചിത്രത്തിന്‍റെ പല ഘടകങ്ങളും ട്രോള്‍ ചെയ്യപ്പെട്ടു. അതിലൊന്നായിരുന്നു കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍. സഹദേവന്‍റെ കണ്ണിലെ ചുവപ്പും ക്ലൈമാക്സില്‍ ജോര്‍ജുകുട്ടിയോട് അപേക്ഷിക്കുന്നതുമൊക്കെ പ്രേക്ഷകര്‍ വിമര്‍ശനവിധേയമാക്കി. ഇപ്പോഴിതാ ക്ലൈമാക്സിലെ സഹദേവന്‍റെ പ്രവര്‍ത്തിയെക്കുറിച്ച് പറയുകയാണ് ഷാജോണ്‍. ചിത്രീകരണ സമയത്ത് സഹദേവന്‍ അങ്ങനെ ചെയ്യുമോ എന്ന് തനിക്കും സംശയം തോന്നിയിരുന്നുവെന്ന് ഷാജോണ്‍ പറയുന്നു. ദി ഷോസ്കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് കലാഭവന്‍ ഷാജോണിന്‍റെ പ്രതികരണം.

ക്ലൈമാക്സ് രംഗം അഭിനയിക്കുമ്പോള്‍ അതില്‍ ലോജിക്കല്‍ പ്രശ്നം തോന്നിയിരുന്നോ എന്ന ചോദ്യത്തിന് ഷാജോണിന്‍റെ മറുപടി ഇങ്ങനെ- “സത്യം പറഞ്ഞാല്‍ നമുക്ക് അത് തോന്നിയിട്ടുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ ആ സമയത്ത് ഒരു ഫൈറ്റ് ഒക്കെ വേണമെന്നായിരുന്നു എന്‍റെ മനസില്‍. അങ്ങനെ നില്‍ക്കുന്ന ഒരു കഥാപാത്രമല്ലേ സഹദേവന്‍. അപ്പോള്‍ അത്ര പെട്ടെന്ന് അയാള്‍ തോല്‍ക്കാന്‍ പാടില്ല എന്ന് എന്‍റെ മനസില്‍ ഉണ്ടായിരുന്നു. പക്ഷേ ജിത്തു ഭായിയുമായി (ജീത്തു ജോസഫ്) അത് ഞാന്‍‌ ചര്‍‌ച്ച ചെയ്തില്ല. കാരണം അദ്ദേഹം ഒരു സംഭവം എഴുതി വച്ചിരിക്കുകയാണല്ലോ. അതിന്‍റെ പിറകില്‍ ഒരു കാരണമുണ്ടാവും”, ഷാജോണ്‍ പറയുന്നു.

“പിന്നീട് ഇത്രയും ട്രോളുകള്‍‌ വന്നതിന് ശേഷം ജിത്തു ഭായിയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. എന്താണ് എല്ലാവരും പറയുന്നത്, എന്താണ് അതിനുള്ള ഒരു റിയാക്ഷന്‍ എന്ന്. അപ്പോള്‍ എന്നോട് പറഞ്ഞു, ഷാജോണേ, എത്ര വലിയ ഒരു ക്രിമിനല്‍ ആണെന്നുണ്ടെങ്കിലും ഒരു സ്ഥലത്ത് അയാളുടെ ജീവന് ഒരു ഭീഷണി ഉണ്ടെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ അയാള്‍ ചിലപ്പോള്‍ കാല് പിടിച്ച് കരയും, എന്നെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞിട്ട്. സിനിമയില്‍ അത് വന്നതുകൊണ്ടായിരിക്കും ഒരുപക്ഷേ ആളുകള്‍ക്ക് അത് സ്വീകരിക്കാന്‍ ഒരു പ്രയാസം. ഞാന്‍ ആലോചിച്ചപ്പോള്‍ ശരിയാണ്. പത്ത് പേര്‍‌ക്കൊപ്പം നടന്നുപോകുമ്പോഴുള്ള ഒരു ഗുണ്ടയുടെ ധൈര്യം ആയിരിക്കില്ല അയാള്‍ ഒറ്റയ്ക്ക് ഉള്ളപ്പോള്‍. അയാളുടെ നേര്‍ക്ക് ഒരു കത്തിയുമായിട്ട് വന്നാല്‍ അയാള്‍ ചിലപ്പോള്‍ ഓടും. അയാളുടെ ജീവന്‍ രക്ഷിക്കാനല്ലേ നോക്കൂ”, ഷാജോണിന്‍റെ വാക്കുകള്‍

“ഒരു ന്യായീകരിച്ച് മെഴുകലായി ഇതിനെ കാണരുത്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം അങ്ങനെ ആയിരിക്കും ആ കഥാപാത്രത്തെ ഡെവലപ്പ് ചെയ്ത് കൊണ്ടുവന്നിട്ടുള്ളത്. സഹദേവന് എതിരെ നില്‍ക്കാന്‍ ആരും ഉണ്ടായിട്ടില്ല. ജോര്‍ജുകുട്ടിയും അങ്ങനെ നില്‍ക്കില്ല എന്ന് കരുതിയിട്ടാവും ഇയാള്‍ ജോര്‍ജുകുട്ടിയെ ഉപദ്രവിച്ചുകൊണ്ടേയിരിക്കുന്നത്. എന്നാല്‍ ജോര്‍ജുകുട്ടി ഒരു സാഹചര്യത്തില്‍‌ ഒരു കത്തിയുമായി ഇയാളുടെ മുന്നില്‍ വരുമ്പോള്‍ ഇയാള്‍ക്കും ജീവനില്‍ കൊതിയുണ്ടാവില്ലേ. അങ്ങനെ പറഞ്ഞതായിരിക്കാം. ആ പറഞ്ഞതിനുള്ള മറുപടി ജിത്തു ഭായ് ദൃശ്യം നാലിലോ അഞ്ചിലോ ഒക്കെ കൊണ്ടുവന്നെന്നുമിരിക്കാം. നാല്, അഞ്ച് ഭാഗമൊക്കെ ഉണ്ടെങ്കില്‍ അദ്ദേഹം അതിനൊരു ക്ലാരിറ്റി വരുത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു”, കലാഭവന്‍ ഷാജോണ്‍ പറഞ്ഞവസാനിപ്പിക്കുന്നു. മൂന്നാം ഭാഗത്തിന്‍റെ അവസാനം കാണുമ്പോള്‍ ഒരു നാലാം ഭാഗം ഉണ്ടാവുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ആ സ്നേഹവും കരുതലും ഒരുപോലെ'; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അൻസിബ
ആറ് കഥകളുമായി 'ടുമോറോ'; അഞ്ചാം ഭാഗമായ 'വട്ടിപ്പലിശ'യുടെ ചിത്രീകരണം പൂർത്തിയായി