‘ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ആ സ്നേഹവും കരുതലും ഒരുപോലെ’യെന്നാണ് മോഹൻ ലാലിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് അൻസിബ കുറിച്ചത്. ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുള്ള അൻസിബയുടെ കുറിപ്പ് വൈറലാവുകയാണ്.
കൊച്ചി: നടിമാരായ ലക്ഷ്മിപ്രിയ, ശ്വേതാ മേനോൻ എന്നിവർക്കെതിരെ പരാതി നൽകിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പുമായി നടി അൻസിബ ഹസൻ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടൻ മോഹൻ ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുള്ള അൻസിബയുടെ കുറിപ്പ് വൈറലാവുകയാണ്. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ആ സ്നേഹവും കരുതലും ഒരുപോലെയെന്നാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് അൻസിബ കുറിച്ചത്.
നേരത്തെ തന്നെ ‘മേത്തച്ചി’യാക്കിയും പിന്നീട് ‘ജിഹാദി’യാക്കിയും മതപരിവർത്തനത്തിന്റെ പേരിൽ ഒറ്റപ്പെടുത്താൻ ശ്രമം നടന്നുവെന്നും, ഒരു ജനപ്രതിനിധിയും മഹാനടൻ മുതൽ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ തന്നെ തേജോവധം ചെയ്തുവെന്നും അൻസിബ ആരോപിച്ചിരുന്നു. അൻസിബയുടെ പോസ്റ്റിന് പിന്നാലെ ആരോപണവിധേയരായവരെക്കുറിച്ചും പോസ്റ്റിൽ പരാമർശിച്ച മഹാനടനെക്കുറിച്ചും ചർച്ചകൾ ഉയരുന്നതിനിടെയാണ് നടൻ മോഹൻ ലാൽ തനിക്ക് പിന്തുണയുമായി കൂടെയുണ്ടെന്ന് വ്യക്തമാക്കുന്ന കുറിപ്പോടെ അൻസിബ ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്.
അന്‍സിബ ഹസന്‍റെ കുറിപ്പ്
എന്‍റെ ഓരോ തരിയിലും കത്തിയെരിയുന്ന ഈ വേദനയ്ക്ക് വാക്കുകളില്ല. ആദ്യം 'മേത്തച്ചി'യാക്കി, പിന്നെ 'ജിഹാദി'യാക്കി, മതപരിവർത്തനത്തിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തി. ജനപ്രതിനിധി മുതൽ പലരും ഇതിന് കൂട്ടുനിന്നു. പക്ഷേ, അതെല്ലാം കഴിഞ്ഞ് ആ ജനപ്രതിനിധിയുടെ മകൻ എനിക്ക് അയച്ച സന്ദേശം മാത്രം ബാക്കി: 'തളരരുത്'.
ചാരുകസേരയിൽ ഇരുന്ന് അവർ എന്റെ സ്വഭാവഹത്യ നടത്തി. മഹാനടൻ മുതൽ സഹപ്രവർത്തകർ വരെ, അവസാനമെന്റെ രണ്ടാനച്ഛന്റെ പേരിൽ പോലും എന്നെ തേജോവധം ചെയ്തു. ഇപ്പോൾ സുഹൃത്തുക്കളിലേക്കും ആ ക്രൂരമായ വിരലുകൾ നീളുന്നു. കൂടെപ്പിറന്ന നാല് സഹോദരങ്ങൾ കൂടി എനിക്കുണ്ട് എന്ന ചിന്ത പോലും അവർക്ക് എന്നെ തകർക്കാൻ തടസ്സമായില്ല. ലക്ഷങ്ങൾ ഒഴുക്കി പിആര് ഏജൻസികളെക്കൊണ്ട് അവർ എനിക്കെതിരെ ഗൂഢാലോചന മെനയുന്നു. ഇനിയും അവർ ആക്രമിക്കും, ഇനിയും അവർ എന്നെ വേട്ടയാടും. എനിക്കറിയാം. പക്ഷേ, എന്റെ സംഘടനയിൽ ഞാൻ ചോദിച്ച, ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ വായുവിൽ അലയുന്നുണ്ട്... അവ എന്നെന്നേക്കുമായി മൗനമാക്കപ്പെടില്ല.
ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാൻ പൊരുതാൻ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകൾക്കെതിരെ ഞാൻ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്. സ്നേഹത്തോടെ, അൻസിബ ഹസ്സൻ


