സല്‍മാന്‍ ആവുമോ തെലുങ്കിലെ 'സയീദ് മസൂദ്'? ഓഫറുമായി ചിരഞ്ജീവി

By Nirmal SudhakaranFirst Published Aug 17, 2021, 11:18 PM IST
Highlights

മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

സ്ക്രീന്‍ ടൈം കുറഞ്ഞതെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു 'ലൂസിഫറി'ലെ 'സയീദ് മസൂദ്'. സംവിധായകന്‍ പൃഥ്വിരാജ് തന്നെ അവതരിപ്പിച്ച കഥാപാത്രം. മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് വരുമ്പോള്‍ ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കുന്നത് ആരൊക്കെ എന്നതും മലയാളി പ്രേക്ഷകരെ സംബന്ധിച്ച് കൗതുകമാണ്. ഇപ്പോഴിതാ തെലുങ്ക് റീമേക്കിന്‍റെ ഒരു സ്റ്റാര്‍കാസ്റ്റ് സംബന്ധിച്ച വാര്‍ത്തകള്‍ തെലുങ്ക് മാധ്യമങ്ങളില്‍ നിറയുകയാണ്.

'സയീദ് മസൂദ്' എന്ന കഥാപാത്രത്തിനായുള്ള അന്വേഷണത്തെക്കുറിച്ച് തന്നെയാണ് അത്. മറ്റാരുമല്ല, തന്‍റെ അടുത്ത സുഹൃത്തും ബോളിവുഡ് സൂപ്പര്‍താരവുമായ സാക്ഷാല്‍ സല്‍മാന്‍ ഖാനെയാണത്രെ ചിരഞ്ജീവി ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി സമീപിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തിയത്. എന്നാല്‍ ഒരു റീമേക്ക് ചിത്രത്തിലെ എക്സ്റ്റന്‍ഡഡ് കാമിയോ വേഷം സല്‍മാനെ ആവേശം കൊള്ളിച്ചില്ലെന്നും ഓഫര്‍ അദ്ദേഹം നിരസിച്ചെന്നുമാണ് ഏറ്റവും പുതിയ വാര്‍ത്ത. അതേസമയം സല്‍മാനു പകരം തമിഴ് താരം വിക്രത്തെ സമീപിക്കാനാണ് നിര്‍മ്മാതാക്കളുടെ പുതിയ തീരുമാനമെന്നും തെലുങ്ക് എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് സുകുമാറിന്‍റെ പേരായിരുന്നു. രംഗസ്ഥലവും ആര്യയുമൊക്കെ ഒരുക്കിയ സംവിധായകന്‍. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദി, ടാഗോര്‍, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വി വി വിനായകിന്‍റെ പേരും പിന്നീട് ഉയര്‍ന്നുകേട്ടിരുന്നു. പിന്നീടാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം മോഹന്‍ രാജ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!