
രജനികാന്ത് ആരാധകരെ ഏറെ ആവേശത്തിൽ ആഴ്ത്തിയ പ്രഖ്യാപനമായിരുന്നു താരത്തിന്റെ 169ാമത്തെ ചിത്രം. നെല്‍സണ്‍ (Nelson Dilipkumar) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ് നിർവഹിക്കുന്നത്. ഇപ്പോഴിതാ 'തലൈവര്‍ 169' (Thalaivar 169 )എന്ന താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ശിവകാര്‍ത്തികേയനും സിമ്പുവും വേഷമിടുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
എന്നാൽ സിമ്പുവും ശിവകാർത്തികേയനും ചിത്രത്തിൽ അഭിനയിക്കുന്ന കാരയത്തിൽ ഔദ്യോഗിക സ്ഥിരീകരിങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ തിയേറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ശ്രമമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഇതാദ്യമായിട്ടാണ് നെല്‍സണ്‍ ഒരു രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം, നെല്‍സണിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത് 'ബീസ്റ്റാ'ണ്. വിജയ് ആണ് ചിത്രത്തിലെ നായകൻ. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ബീസ്റ്റ്. രജനികാന്തിനൊപ്പം ഇത് മൂന്നാം തവണയാണ് അനിരുദ്ധ് ഒന്നിക്കുന്നത്. നേരത്തെ പേട്ട, ദര്‍ബാര്‍ എന്നീ ചിത്രങ്ങള്‍ക്ക് അനിരുദ്ധാണ് സംഗീതം ചെയ്തത്. ഇരു ചിത്രങ്ങളിലെയും ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. അണ്ണാത്തെയാണ് രജനിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.