കവര്‍ ആയി 'അയ്യന്‍', പ്രൊഫൈലായി 'കാളി'; ആഷിക് അബുവിന്റെ 'അയ്യങ്കാളി' വിനായകനോ?

By Web TeamFirst Published Jun 2, 2019, 4:54 PM IST
Highlights

സാംകുട്ടി പട്ടംകരിയും ശ്യാം പുഷ്‌കരനുമാണ് ചിത്രത്തിന്റെ രചയിതാക്കളെന്നും എഴുത്ത് അവര്‍ നേരത്തേ ആരംഭിച്ചിരുന്നുവെന്നും 'വൈറസി'നുവേണ്ടി താന്‍ ആ പ്രോജക്ടില്‍ നിന്നും ഒരു ഇടവേള എടുത്തതേയുള്ളുവെന്നുമാണ് ആഷിക് പറഞ്ഞിരിക്കുന്നത്.
 

കേരളത്തിന്റെ നവോത്ഥാന ആധുനികതയുടെ വെളിച്ചങ്ങളിലൊന്നായ 'അയ്യങ്കാളി'യുടെ ജീവിതം സിനിമയാകാന്‍ പോകുന്നുവെന്നൊരു വാര്‍ത്ത സിനിമാ മേഖലയില്‍ ഏറെനാളായി പ്രചരിച്ചിരുന്നു. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അയ്യങ്കാളിയായി ടൈറ്റില്‍ വേഷത്തില്‍ എത്താന്‍ സാധ്യത വിനായകനാണെന്നും സംസാരമുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു ചിത്രത്തെക്കുറിച്ച് ഒഫിഷ്യല്‍ വിവരങ്ങളൊന്നും പുറത്തെത്തിയിരുന്നില്ല. എന്നാല്‍ തന്റെ പുതിയ ചിത്രം 'വൈറസ്' തീയേറ്ററുകളിലെത്താനിരിക്കെ ആഷിക് അബു 'അയ്യങ്കാളി' പ്രോജക്ട് സ്ഥിരീകരിച്ചിരിക്കുകയാണ്. 

സാംകുട്ടി പട്ടംകരിയും ശ്യാം പുഷ്‌കരനുമാണ് ചിത്രത്തിന്റെ രചയിതാക്കളെന്നും എഴുത്ത് അവര്‍ നേരത്തേ ആരംഭിച്ചിരുന്നുവെന്നും 'വൈറസി'നുവേണ്ടി താന്‍ ആ പ്രോജക്ടില്‍ നിന്നും ഒരു ഇടവേള എടുത്തതേയുള്ളുവെന്നുമാണ് ആഷിക് പറഞ്ഞിരിക്കുന്നത്. 'അയ്യങ്കാളി'യായി ആര് അഭിനയിക്കും എന്നതുള്‍പ്പെടെ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ആഷിക് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ആഷിക് അബുവിന്റെ 'അയ്യങ്കാളി'യായി സ്‌ക്രീനിലെത്താന്‍ സാധ്യത വിനായകനാണെന്ന തരത്തിലുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അതിന് കാരണവുമുണ്ട്.

കഴിഞ്ഞ ദിവസമാണ് വിനായകന്‍ തന്റെ ഫേസ്ബുക്ക് പേജിലെ കവര്‍ ഫോട്ടോയും പ്രൊഫൈല്‍ ഇമേജും മാറ്റിയത്. കവര്‍ ഫോട്ടോ അയ്യപ്പനും പ്രൊഫൈല്‍ കാളിയുടേതുമായിരുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയം വിലയിരുത്തിയതിന് പിന്നാലെ വിനായകനെതിരേ വ്യാപകമായ സൈബര്‍ ആക്രമണം നടന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവച്ച ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു വിനായകന്റെ പ്രസ്താവന. സൈബര്‍ ആക്രമണം നടത്തിയതും പ്രധാനമായും ബിജെപി അനുഭാവികളായിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് വിനായകന്‍ അയ്യന്റെയും കാളിയുടെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കവര്‍, പ്രൊഫൈല്‍ ഇമേജുകള്‍ ആക്കിയത്.

രണ്ട് ഹിന്ദു ദേവതകളുടെ ചിത്രങ്ങള്‍ എന്നതിനപ്പുറം വിനായകന്‍ ഒരു വസ്തുത വിനിമയം ചെയ്യുന്നുണ്ടെന്നും അയ്യനും കാളിയും ചേര്‍ത്ത് പറയുമ്പോഴുള്ള 'അയ്യങ്കാളി'യിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടുന്നതെന്നും വായനകള്‍ പിന്നാലെ വന്നു. ഇതേസമയത്തുതന്നെ 'അയ്യങ്കാളി' സിനിമയെക്കുറിച്ച് ആഷിക് അബു ആദ്യമായി വെളിപ്പെടുത്തിയതുകൂടി ചേര്‍ത്തുവായിച്ചാണ് ചിത്രത്തിലെ 'വിനായകന്റെ താരനിര്‍ണയവും' സോഷ്യല്‍ മീഡിയ ഊഹിച്ചെടുക്കുന്നത്. 

അയ്യങ്കാളി മുന്നോട്ടുവെച്ച ആശയങ്ങളിലുള്ള വിശ്വാസം വിനായകന്‍ മുന്‍പേ പറഞ്ഞിട്ടുള്ളകാണ്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ (പോയിന്‍റ് ബ്ലാങ്ക്) വിനായകന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു. 'ഞാന്‍ കുറച്ചുകൂടി ഒരു അയ്യന്‍കാളി തോട്ടില്‍ ചിന്തിക്കുന്ന ഒരു മനുഷ്യനാണ്. ഒരു ഫെറാരി കാറില്‍ വരാന്‍ പറ്റുമെങ്കില്‍ അങ്ങനെതന്നെ വരണം എന്നാണ് എന്റെ ചിന്ത. അല്ലാതെ ഒരു പുലയനാണെന്ന് പറഞ്ഞിട്ട് പുറകിലോട്ട് പോകില്ല ഞാന്‍, ഒരിക്കലും. അയ്യങ്കാളി ചിന്തയില്‍ തന്നെയാണ്. പറ്റുമെങ്കില്‍ ഒരു സ്വര്‍ണ്ണ കിരീടവും വെക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്.' 

click me!