തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു

By Web TeamFirst Published May 10, 2021, 9:07 PM IST
Highlights

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരുക്കിയ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. നിറക്കൂട്ട്, രാജാവിന്‍റെ മകൻ, കോട്ടയം കുഞ്ഞച്ചൻ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ താരനിരയുടെ തലവര മാറ്റിയെഴുതിയ തിരക്കഥകൾ.

കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലേക്ക് പോകും വഴി തന്നെ മരണം സംഭവിക്കുകയായിരുന്നു. 

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരുക്കിയ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. എൺപതുകളിലെ ഹിറ്റ് മേക്കർ. നിറക്കൂട്ട്, രാജാവിന്‍റെ മകൻ, കോട്ടയം കുഞ്ഞച്ചൻ എന്നിങ്ങനെ മലയാളത്തിലെ സൂപ്പർ താരനിരയുടെ തലവര മാറ്റിയെഴുതിയ തിരക്കഥകൾ.

ആകാശദൂത്, നമ്പർ 20 മദ്രാസ് മെയിൽ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയത് ഡെന്നിസ് ജോസഫാണ്. 45 സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. 

ജോഷി, തമ്പി കണ്ണന്താനം എന്നിവർക്കൊപ്പം ഒട്ടേറെ ഹിറ്റുകൾ ഒരുക്കി അദ്ദേഹം. കെ ജി ജോർജ്, ടി എസ് സുരേഷ് ബാബു, സിബി മലയിൽ, ഹരിഹരൻ എന്നിവർക്കായും സിനിമകൾ എഴുതി.

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ അദ്ദേഹത്തിന്‍റെ സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് സിനിമാ ലേഖകനായിട്ടാണ്. പിന്നീട് തിരക്കഥാ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർ താര പദവിയിൽ എത്തിച്ച തിരക്കഥാകൃത്തെന്ന് നിസ്സംശയം ഡെന്നിസ് ജോസഫിനെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്‍റെ ഏറ്റവും അവസാനം പുറത്തുവന്ന ചിത്രം പ്രിയദർശന്‍റെ ഗീതാഞ്ജലിയാണ്. 

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്‍റെയും മകനായാണ് ഡെന്നീസ് ജോസഫിന്‍റെ ജനനം.  ഏറ്റുമാനൂർ ഗവൺമെന്‍റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളേജിൽ നിന്നും ബിരുദവും നേടിയ അദ്ദേഹം പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി. 

1985-ൽ ജേസി സംവിധാനംചെയ്ത 'ഈറൻ സന്ധ്യയ്ക്ക്' എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. 'ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദറാരാണെന്ന്, ഞാൻ പറഞ്ഞു, ഒരു രാജാവാണെന്ന്..', എന്ന രാജാവിന്‍റെ മകൻ എന്ന ചിത്രത്തിലെ ആ ഹിറ്റ് ഡയലോഗ് ഒരിക്കലെങ്കിലും മനസ്സിലുരുവിടാത്ത മലയാള സിനിമാപ്രേക്ഷകരുണ്ടാകില്ല. കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചനും, രാജാവിന്‍റെ മകനിലെ വിൻസന്‍റ് ഗോമസും, നമ്പർ 20 മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലും മുതൽ ആകാശദൂതിലെ ആനിയും ജോണിയും വരെ കഥാപാത്രങ്ങൾ ഡെന്നിസ് ജോസഫിന്‍റെ പേനയിലൂടെ വൈവിധ്യമാർന്നു. 

മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. ആ വർഷം കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി 'മനു അങ്കിൾ'. ഭൂമിയിലെ രാജാക്കന്മാർ, ശ്യാമ, ചെപ്പ്, സംഘം, നായർസാബ്, കിഴക്കൻ പത്രോസ്, വജ്രം, പത്താം നിലയിലെ തീവണ്ടി എന്നിങ്ങനെ ഡെന്നിസ് ജോസഫിന്‍റെ പല തിരക്കഥകളും ജനപ്രിയതയും കലാമൂല്യവും ഒന്നിച്ചുവന്ന എഴുത്തുകളായി. 

മനു അങ്കിളിന് പുറമേ, അഥർവ്വം, തുടർക്കഥ, അപ്പു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട് അദ്ദേഹം. മാതൃഭൂമി വിശേഷാൽപ്രതിയിൽ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു.

അഭിനേതാവ് ജോസ് പ്രകാശിന്റെ മരുമകനാണ് ഇദ്ദേഹം.

ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ഔസേപ്പച്ചൻ.

click me!