
നിവിൻ പോളി- മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’നെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. റിലീസിങ് ദിവസം തന്നെ ഒരു ചിത്രം കാണണമെന്ന് തോന്നിയാൽ ആ സിനിമ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല എന്നതാണ് അനുഭവമെന്ന് പറഞ്ഞ ശാരദക്കുട്ടി, അങ്ങനെ ഒരു പടമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന് പറയുന്നു. പ്രമേയത്തിൽ പറയത്തക്ക പുതുമകളൊന്നുമില്ലെങ്കിലും ഒരൽപം പോലും വിരസമാകാതെ ചിത്രം രസിപ്പിച്ചുവെന്നും അവർ പറഞ്ഞു.
ശാരദക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ
റിലീസിങ് ദിവസം തന്നെ ഒരു ചിത്രം കാണണമെന്ന് തോന്നിയാൽ ആ സിനിമ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല എന്നതാണ് അനുഭവം. അതിൻ്റെ നിർമ്മാണം , casting മറ്റു പിന്നണിക്കാർ ഒക്കെ ആരെന്ന് നോക്കിയാൽ ഏറെക്കുറെ ചിത്രത്തിൻ്റെ നിലവാരം പിടികിട്ടും.ആ തോന്നൽ ദീർഘകാലത്തെ സിനിമാ കാഴ്ചയനുഭവം കൊണ്ട് കിട്ടിയ ഒരു പാഠമാണ്.
ഇന്നലെ 'ബത്ലഹേം കുടുംബ യൂണിറ്റ്' ആദ്യദിവസത്തെ ഷോ തന്നെ കണ്ടു. നിർമ്മാതാക്കളായി ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നീ പേരുകൾ കണ്ടതാണ് സിനിമ കാണാനുണ്ടായ ആദ്യ പ്രേരണ. ഗിരീഷ് A D യുടെ മുൻ ചിത്രങ്ങളും മികച്ച വിനോദാനുഭവം പകർന്നതാണല്ലോ .
പ്രമേയത്തിൽ പറയത്തക്ക പുതുമകളൊന്നുമില്ലെങ്കിലും ഒരൽപം പോലും വിരസമാകാതെ രസിപ്പിച്ചു ചിത്രം. കണ്ടു മടുക്കാത്ത മുഖങ്ങൾ, ശബ്ദങ്ങൾ അതൊക്കത്തന്നെ ഒരു സുഖമാണ്. വളിപ്പിന് വേണ്ടി കുത്തിക്കയറ്റിയ തമാശകളില്ല. എന്നാൽ വളരെ സ്വാഭാവികമായ, സന്ദർഭത്തിനിണങ്ങിയ നല്ല നല്ല നർമ്മ മുഹൂർത്തങ്ങൾ ! പൊട്ടിച്ചിരിപ്പിക്കുകയല്ല, കഥാപാത്രങ്ങളെ നോക്കിയിരിക്കുമ്പോൾ നമ്മുടെ മുഖത്ത് അറിയാതെ ചിരി പടരുകയാണ്.
സുരേഷ് കൃഷ്ണയുടെ സംഭാഷണങ്ങളിലല്ല നർമ്മം , അയാളിൽ നിന്നത് വരുമ്പോഴുള്ള അപ്രതീക്ഷിതമായ ഒരു കൗതുകമുണ്ട്. ആ മുഖഭാവമുൾപ്പെടെ നമ്മുടെ ചുണ്ടിൽ ഒരു ചിരി പടർത്തും. ടക് ടക്കെന്ന് കൗണ്ടറടിക്കുന്ന വ്യത്യസ്തനായ ഒരു സുരേഷ് കൃഷ്ണയെ കാണാൻ വേണ്ടി മാത്രവും ഈ ചിത്രം കാണാം.
മഞ്ജുവാര്യർ, കാവ്യാ മാധവൻ, നവ്യാനായർ, മീരാ ജാസ്മിൻ എന്നിവരൊക്കെ അവരുടെ കാലത്ത് അവതരിപ്പിച്ച റൊമാൻ്റിക് കൗമാരകാലനായികമാരെല്ലാം വല്ലാത്ത അമിതാഭിനയമായിരുന്നല്ലോ എന്ന് തോന്നിപ്പിക്കുന്ന അളവിൽ natural and normal ആണ് മമിത ബൈജുവിൻ്റെ ആഷ്‌ലി. മമിത ബൈജു പഴയകാല ഉർവ്വശിയുടെ സ്വാഭാവികതയും natural Smartness ഉം കൊണ്ട് വല്ലാതെ നമ്മുടെ സ്‌നേഹം പിടിച്ചു പറ്റുന്നുണ്ട്. സായൂജ്യ ആയി വന്ന നടിയും കൊള്ളാം.
നിവിൻ പോളി തനിക്ക് ഇണങ്ങുന്ന കഥാപാത്രങ്ങളെ കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. വൈകാരിക മുഹൂർത്തങ്ങളിൽ നിവിൻ പോളി പുലർത്തിയ അച്ചടക്കം എടുത്തു പറയേണ്ടതുണ്ട്. കഥാമുഹൂർത്തമാവശ്യപ്പെടുന്ന അളവിൽ മാത്രമുള്ള ഭാവനിയന്ത്രണം. പലയിടത്തും കരയാതെ കരയുന്നുണ്ട് നിവിൻ . 80 കളിലെ മോഹൻലാലാണ് മലയള സിനിമയിൽ ഭാവനിയന്ത്രണത്തിനേറ്റവും മികച്ച മാതൃക.
എന്തുകൊണ്ടോ സിനിമ കണ്ട് മടങ്ങുന്ന വഴി ഞാൻ മോഹൻലാലിൻ്റെ സമാന മുഹൂർത്തങ്ങളുള്ള പല പഴയ കാല ചിത്രങ്ങളും ഓർമ്മിച്ചു. ഏതു കാലത്തെ നടന്മാർക്കും 80 കളിലെ മോഹൻലാൽ ഒരു പാഠപുസ്തകം തന്നെയാണ്.
പലയിടത്തും നിവിൻ - മമിത ടീം, മിസ്റ്റർ ബാച്ച് ലറിലെ ഇന്ദ്രജിത്ത് - അനശ്വര രാജൻ ടീമിനെ ഓർമ്മിപ്പിച്ചു. നല്ല പാട്ടുകളുണ്ട്. നായികയുടെ മിതമായ മേക്കപ്പ് സുഖമുണ്ട് കണ്ടിരിക്കാൻ. നായികയുടെ അമ്മയായ നടി കൊള്ളാം.
ചെറുതെങ്കിലും ഒരു കഥാപാത്രം പോലും അധികപ്പറ്റായി തോന്നിയില്ല. ഒരു മുഖവും മനസ്സിൽ നിന്ന് മായുന്നുമില്ല. ഓണക്കാലത്ത് തീയേറ്ററുകൾ ആഘോഷമാക്കാൻ ഇത്തരം ഒരു ഭാരമില്ലാത്ത ചിത്രമൊരുക്കിയ അണിയറപ്രവർത്തകർ സ്‌നേഹവും അഭിനന്ദനവും അർഹിക്കുന്നു. നല്ല തിരക്കാണ് സിനിമയ്ക്ക്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ