Marakkar : മരക്കാറിന് ഫാസിസ്റ്റു വിരുദ്ധരുടെ പിന്തുണ കിട്ടേണ്ടതുണ്ടെന്ന് എഴുത്തുകാരന്‍ അന്‍വര്‍ അബ്ദുള്ള

By Web TeamFirst Published Dec 7, 2021, 8:08 AM IST
Highlights

"സാമൂതിരിക്ക് അടിമയായിട്ടല്ല മരയ്ക്കാറെ സിനിമയില്‍  ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ, ഹിന്ദു നാടുവാഴികളുടെ കുത്തിത്തിരിപ്പുകൊണ്ടാണ് മരയ്ക്കാറും സാമൂതിരിയും തോല്‍ക്കുന്നത്." 

കോഴിക്കോട്: സമകാലിക രാഷ്ട്രീയ അവസ്ഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്  പിന്തുണ നല്‍കേണ്ടതുണ്ടെന്ന് എഴുത്തുകാരന്‍ അന്‍വര്‍ അബ്ദുള്ള. ഫേസ്ബുക്കിലൂടെയായിരുന്നു അന്‍വര്‍ അബ്ദുള്ള തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇന്നത്തെ ഒരു രാഷ്ട്രീയസാഹചര്യത്തില്‍, പ്രിയദര്‍ശന്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയെടുക്കുക, അതില്‍ മോഹന്‍ലാല്‍ മരയ്ക്കാറായി അഭിനയിക്കുക എന്നതു തന്നെ സുപ്രധാനമാണെന്നു അന്‍വര്‍ പറയുന്നു. 

സാമൂതിരിക്ക് അടിമയായിട്ടല്ല മരയ്ക്കാറെ സിനിമയില്‍  ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ, ഹിന്ദു നാടുവാഴികളുടെ കുത്തിത്തിരിപ്പുകൊണ്ടാണ് മരയ്ക്കാറും സാമൂതിരിയും തോല്‍ക്കുന്നത്. ഇതൊക്കെക്കൊണ്ടുതന്നെ, ഈ ആഖ്യാനം പിന്തുണ ലഭിക്കണ്ട ഒന്നായിട്ടാണ് തനിക്കു തോന്നുന്നത്. സിനിമ, കുട്ടികളുമായിപ്പോയി തിയേറ്ററില്‍ക്കണ്ട് പിന്തുണ നല്കുകയും ചെയ്‌തെന്നും അന്‍വര്‍ പറഞ്ഞു.

മോഹൻലാലും പ്രിയദർശനും എൻെറ ബാല്യകൌമാരയൌവ്വനങ്ങളെ ആനന്ദത്താൽ ഭരിതമാക്കിയിട്ടുള്ള രണ്ടുപേരാണ്. അവരുടെ വീഴ്ചയിൽ എനിക്കു സന്തോഷം തോന്നുന്നില്ല.  ധാരാളം കുഴപ്പങ്ങളുണ്ട്. പക്ഷേ, അതൊന്നും സാരമില്ലെന്നാണു ഞാൻ കരുതുന്നത്. സിനിമ നന്നാകുന്നതിനേക്കാൾ, അതായത്, സമൂഹത്തിന്‍റെ കലാബോധം ഉയർത്തുന്നതിനേക്കാൾ പ്രധാനപ്പെട്ട പല ധർമങ്ങളും സിനിമയ്ക്കു സമൂഹത്തിൽ ചെയ്യാനുണ്ട്. ഞാൻ കുഞ്ഞാലിമരയ്ക്കാർ ചെയ്യുന്ന ആ ധർമ്മങ്ങളെ ആദരിക്കുന്നു- അന്‍വര്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ഇന്നത്തെ ഒരു രാഷ്ട്രീയസാഹചര്യത്തിൽ, പ്രിയദർശൻ കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയെടുക്കുക, അതിൽ മോഹൻലാൽ മരയ്ക്കാറായി അഭിനയിക്കുക എന്നതു തന്നെ സുപ്രധാനമാണെന്നു ഞാൻ കരുതുന്നു. അതിൽ സാമൂതിരിക്ക് അടിമയായിട്ടല്ല മരയ്ക്കാറെ ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ, ഹിന്ദു നാടുവാഴികളുടെ കുത്തിത്തിരിപ്പുകൊണ്ടാണ് മരയ്ക്കാറും സാമൂതിരിയും തോൽക്കുന്നത്. ഇതൊക്കെക്കൊണ്ടുതന്നെ, ഈ നരേറ്റീവ് സപ്പോർട്ട് ചെയ്യേണ്ട ഒന്നായിട്ടാണ് എനിക്കു തോന്നുന്നത്. ഞാൻ സിനിമ, കുട്ടികളുമായിപ്പോയി തിയറ്ററിൽക്കണ്ട് പിന്തുണ നല്കുകയും ചെയ്തു. 

ചരിത്രത്തിൽ വ്യക്തതയില്ലാത്ത സംഭവത്തിന് പ്രിയൻ തനിക്കു പറ്റുന്നതുപോലെ ഭാവനാരൂപം നല്കുകയാണ്. പ്രിയന്‍റെ ഭാവന ഇങ്ങനെയാണ്. നല്ല ആളുകളെക്കൊണ്ടു തിരക്കഥയെഴുതിക്കാമായിരുന്നു. പക്ഷേ, അപ്പോൾ പ്രിയനുദ്ദേശിക്കുന്ന തിരക്കഥയല്ലല്ലോ കിട്ടുക. പിന്നെ, മോഹൻലാൽ മെതേഡ് ആക്ടിംഗ് ശൈലിയിൽ അല്പം വീക്കാണ്. ഹിസ്റ്ററിക്കൽ സിനിമയ്ക്കു പറ്റിയ ഒരു ഭാഷയേ അല്ല മലയാളം. എംടി രക്ഷപ്പെടുന്നത് മീറ്ററിൽ എഴുതുന്ന ഗദ്യകവിതയാണദ്ദേഹത്തിന്‍റെത് എന്നതിനാലാണ്. പിന്നെ, അപാരമായ സാഹിത്യവും. എങ്കിലും പഴശ്ശിരാജ അട്ടർ ഊളത്തരമായിരുന്നല്ലോ. 

പല കാരണങ്ങളാൽ ഈ സിനിമയെ ഞാൻ പൂർണ്ണമായും പിന്താങ്ങുന്നു. ഒന്ന്, ഈ കാലത്ത് ഇത്തരമൊരു സിനിമ പ്രിയൻ - ലാൽ സംഘത്തിൽ നിന്നു വരുന്നത് ശുഭകരമാണ്. അതിന് ഫാസിസ്റ്റു വിരുദ്ധരുടെ പിന്തുണ കിട്ടേണ്ടതുണ്ടെന്നു ഞാൻ കരുതുന്നു. രണ്ട്, ഈ സിനിമയെ ചീത്തവിളിക്കുന്നവർ ഒരു പ്രത്യേകതരക്കാരും അവരുടെ ഗൂഢോദ്ദേശ്യം മനസ്സിലാകാത്ത ഏറാൻമൂളികളുമാണ്. ആ ഗൂഢോദ്ദേശ്യസംഘത്തോടുള്ള എതിർപ്പു പ്രകടിപ്പിക്കാനും ഈ സിനിമയെ ഞാൻ പിന്തുണയ്ക്കുന്നു. 

മൂന്ന്, മോഹൻലാലും പ്രിയദർശനും എൻെറ ബാല്യകൌമാരയൌവ്വനങ്ങളെ ആനന്ദത്താൽ ഭരിതമാക്കിയിട്ടുള്ള രണ്ടുപേരാണ്. അവരുടെ വീഴ്ചയിൽ എനിക്കു സന്തോഷം തോന്നുന്നില്ല.  ധാരാളം കുഴപ്പങ്ങളുണ്ട്. പക്ഷേ, അതൊന്നും സാരമില്ലെന്നാണു ഞാൻ കരുതുന്നത്. സിനിമ നന്നാകുന്നതിനേക്കാൾ, അതായത്, സമൂഹത്തിന്‍റെ കലാബോധം ഉയർത്തുന്നതിനേക്കാൾ പ്രധാനപ്പെട്ട പല ധർമങ്ങളും സിനിമയ്ക്കു സമൂഹത്തിൽ ചെയ്യാനുണ്ട്. ഞാൻ കുഞ്ഞാലിമരയ്ക്കാർ ചെയ്യുന്ന ആ ധർമ്മങ്ങളെ ആദരിക്കുന്നു.
 

click me!