
ഇന്ത്യന്‍ സിനിമയ്ക്ക് ഒരു പുതിയ മാതൃക സൃഷ്ടിച്ചുകൊണ്ടാണ് ആമിര്‍ ഖാന്‍റെ ഏറ്റവും പുതിയ ചിത്രം സിതാരെ സമീന്‍ പര്‍ യുട്യൂബില്‍ പേ പെര്‍ വ്യൂ മാതൃകയില്‍ അവതരിപ്പിച്ചത്. തിയറ്റര്‍ റിലീസിന് ശേഷം ഒടിടി ഒഴിവാക്കിക്കൊണ്ടാണ് യുട്യൂബിലെ പേ പെര്‍ വ്യൂവിലേക്ക് ചിത്രം എത്തിയത്. ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ യുട്യൂബ് റിലീസ്. 100 രൂപ മുടക്കിയാല്‍ 48 മണിക്കൂറിലേക്ക് ആക്സസ് ലഭിക്കുമെന്നായിരുന്നു ആമിര്‍ ഖാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആപ്പിളിന്‍റെ ഡിവൈസുകളില്‍ ചിത്രം കാണാന്‍ ശ്രമിച്ചവര്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടിവന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്.
“ഞങ്ങള്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ആപ്പിളിന്‍റെ ഡിവൈസുകളില്‍ സിതാരെ സമീന്‍ പര്‍ വാടകയ്ക്ക് എടുക്കാന്‍ 179 രൂപ ആവുന്നുവെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ക്ഷമയ്ക്കും മനസിലാക്കലിനും നന്ദി”, ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് ആര്‍ എസ് പ്രസന്ന സംവിധാനം ചെയ്ത സിതാരെ സമീന്‍ പര്‍ സ്പോര്‍ട്സ് കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ്. 2018 ല്‍ പുറത്തെത്തിയ സ്പാനിഷ് ചിത്രം ചാമ്പ്യന്‍സിന്‍റെ റീമേക്കുമാണ് ഇത്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് നേടിയത്. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ എടുത്ത ഇടവേളയ്ക്ക് ശേഷം എത്തിയ ചിത്രത്തിലൂടെ ആമിര്‍ ഖാന്‍ വീണ്ടും വിജയത്തിലേക്ക് എത്തുകയും ചെയ്തു.
കൊവിഡ് കാലത്തിന് ശേഷം ബോളിവുഡ് നേരിട്ട തകര്‍ച്ചയില്‍ ഇടിവ് തട്ടിയ താര സിംഹാസനങ്ങളില്‍ ഒന്ന് ആമിര്‍ ഖാന്‍റേത് ആയിരുന്നു. ദംഗലിന് ശേഷം ആമിര്‍ ഖാന്‍ സോളോ ഹീറോ ആയ ഒരു ചിത്രം തിയറ്ററുകളില്‍ വിജയിച്ചിരുന്നില്ല. 2016 ല്‍ ആയിരുന്നു ദംഗലിന്‍റെ റിലീസ്. 2017 ല്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ നിര്‍മ്മാണത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ വന്‍ വിജയമായിരുന്നു. ആമിര്‍ അതില്‍ അഭിനയിച്ചുവെങ്കിലും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സൈറ വസിം ആയിരുന്നു. പിന്നീട് ആമിര്‍ നായകനായ തഗ്സ് ഓഫ് ഹിന്ദൊസ്ഥാനും ലാല്‍ സിംഗ് ഛദ്ദയും പ്രേക്ഷകപ്രീതി നേടുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം ആമിര്‍ ഒരു ഇടവേള എടുക്കുകയായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ