'സഹയാത്രികന്‍റെ ശല്യത്തെക്കുറിച്ച് പറഞ്ഞ എന്നെ മാറ്റിയിരുത്തി'; എയര്‍ഇന്ത്യയില്‍ നിന്ന് പ്രതികരണമില്ലെന്ന് നടി

Published : Oct 13, 2023, 10:39 AM IST
'സഹയാത്രികന്‍റെ ശല്യത്തെക്കുറിച്ച് പറഞ്ഞ എന്നെ മാറ്റിയിരുത്തി'; എയര്‍ഇന്ത്യയില്‍ നിന്ന് പ്രതികരണമില്ലെന്ന് നടി

Synopsis

"വിമാനം ലാന്‍ഡ് ചെയ്യുന്നത് വരെ അയാള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. എയര്‍പോര്‍ട്ടില്‍ വച്ച് ഇയാളുടെ സുഹൃത്തുക്കള്‍ വന്ന് ക്ഷമ പറഞ്ഞിരുന്നു"

വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന യുവനടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് പരാതിക്ക് ഇടയാക്കിയ സംഭവം. നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഇത് വലിയ ചര്‍ച്ചയായതിനെത്തുടര്‍ന്ന് താന്‍ നേരിട്ട ദുരനുഭവവും പൊലീസിനെ സമീപിക്കാന്‍ ഇടയാക്കിയ സാഹചര്യവും വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അവര്‍.

ദുരനുഭവം വിവരിച്ച് യുവനടി

12 എ എന്നതായിരുന്നു എന്‍റെ സീറ്റ് നമ്പര്‍. വിന്‍ഡോ സീറ്റ് ആയിരുന്നു. എന്‍റെ സീറ്റിലേക്ക് ഇരിക്കാന്‍ പറ്റാത്ത തരത്തില്‍ ഞാന്‍ നേരത്തെ പോസ്റ്റില്‍ പറഞ്ഞിരുന്ന ആള്‍ നില്‍ക്കുകയായിരുന്നു. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. വളരെ മോശമായ നോട്ടത്തോടെയും ഭാവത്തോടെയുമാണ് നിന്നിരുന്നത്. എനിക്ക് എന്‍റെ സീറ്റിലേക്ക് ഇരിക്കാന്‍ അയാളോട് ഒരുപാട് പറഞ്ഞ് മനസിലാക്കേണ്ടിവന്നു. ഞാന്‍ ഇരുന്നതിന് പിന്നാലെ തൊട്ടടുത്ത സീറ്റായ 12 ബിയില്‍ ആയാള്‍ വന്ന് ഇരുന്നു. നേരെയല്ല അയാള്‍ ഇരിക്കുന്നുണ്ടായിരുന്നത്. അതുകൊണ്ട് എനിക്കും ശരിയായി ഇരിക്കാന്‍ സാധിച്ചില്ല. പിന്നെ അയാള്‍ എന്‍റെ പേരും ജോലിയും ചോദിച്ചു. പേര് ​ഗൂ​ഗിളില്‍ സെര്‍ച്ച് ചെയ്തിട്ട് എന്‍റെ ഒരു ഫോട്ടോ എന്നെത്തന്നെ കാണിച്ചിട്ട് ഇതുപോലെ അല്ലല്ലോ നിങ്ങള്‍ ഇരിക്കുന്നതെന്ന് ചോദിച്ചു. സിനിമാനടിയാണെന്ന് മനസിലായപ്പോള്‍ സുഹൃത്തിനോട് എന്നെ മോശക്കാരിയാക്കുന്ന തരത്തില്‍ പരാമ​ര്‍ശം നടത്തി. എന്‍റെ ശരീരത്തില്‍ അയാള്‍ തട്ടുന്നുമുണ്ടായിരുന്നു. നിങ്ങള്‍ എന്നെ തട്ടുന്നുണ്ടെന്നും മര്യാദയ്ക്ക് ഇരിക്കണമെന്നും പറഞ്ഞു. എന്നാല്‍ അയാള്‍ ശബ്ദം ഉയര്‍ത്തുകയാണ് ഉണ്ടായത്. വളരെ മോശമായാണ് പ്രതികരിച്ചത്. പിന്നീട് എയര്‍ ഇന്ത്യയുടെ ജീവനക്കാരോട് ഞാന്‍ ഇക്കാര്യം അറിയിച്ചു. എനിക്ക് അവിടെ ഇരിക്കാന്‍ പറ്റുന്നില്ലെന്നും എന്തെങ്കിലും നടപടി എടുക്കണമെന്നും പറഞ്ഞു. 

എന്നാല്‍ എനിക്ക് മറ്റൊരു സീറ്റ് തരികയാണ് അവര്‍ ചെയ്തത്. ഇത് എനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി. വിമാനം ലാന്‍ഡ് ചെയ്യുന്നത് വരെ അയാള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. എയര്‍പോര്‍ട്ടില്‍ വച്ച് ഇയാളുടെ സുഹൃത്തുക്കള്‍ വന്ന് ക്ഷമ പറഞ്ഞിരുന്നു. 12 ബി ആയിരുന്നില്ല അയാളുടെ സീറ്റെന്നും തങ്ങളില്‍ മറ്റൊരാളുടെ സീറ്റില്‍ ഇരിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. തക്ക സമയത്ത് എയര്‍ ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് ഒരു നടപടി ഉണ്ടായിരുന്നെങ്കില്‍ പിന്നീട് പരാതിയുമായി മുന്നോട്ട് പോകണമെന്ന് എനിക്ക് തോന്നുമായിരുന്നില്ല. വീട്ടിലെത്തിയതിന് ശേഷം നെടുമ്പാശ്ശേരി പൊലീസിനും എയര്‍ ഇന്ത്യയ്ക്കും ഇമെയിലില്‍ പരാതികള്‍ അയച്ചു. പിറ്റേന്ന് തന്നെ പൊലീസില്‍ നിന്ന് പ്രതികരണം ഉണ്ടായി. ഞാന്‍ മൊഴി കൊടുത്തു, എഫ്ഐആര്‍ ഫയല്‍ ചെയ്തു. തങ്ങളുടെ വിമാനത്തിലെ ഒരു യാത്രക്കാരിക്ക് ഉണ്ടായ ദുരനുഭവത്തെക്കുറിച്ചുള്ള പരാതിയില്‍ എയര്‍ ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് എന്ത് പ്രതികരണമാണ് ഉണ്ടാവുകയെന്ന് അറിയില്ല. അതിന് ഞാന്‍ കാത്തിരിക്കുകയാണ്. ഇതുവരെ ഒരു പ്രതികരണവും അവരുടെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ല. യാത്ര ചെയ്യുമ്പോഴും മറ്റും അപരിചിതത്വമുള്ള ഒരു വ്യക്തിയോട് ഉണ്ടാവേണ്ട പെരുമാറ്റത്തിന് ഒരു അതിരുണ്ട്. ആ അതിര്‍ത്തി ഇവിടെ ലംഘിക്കപ്പെട്ടു. ആ അതിര്‍ത്തി എവിടം വരെ ആയിരിക്കണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ബോധ്യം വേണമെന്ന് എനിക്ക് തോന്നി. എന്‍റെ സഹയാത്രികന്‍ അത് ലംഘിച്ചതുകൊണ്ടാണ് എനിക്ക് പരാതി കൊടുക്കേണ്ടിവന്നത്. 

അതേസമയം കുറ്റാരോപിതനായ തൃശൂര്‍ സ്വദേശി ആന്‍റോ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നുവെന്നും ആന്റോ ഹർജിയിൽ വ്യക്തമാക്കുന്നു. താൻ ​ഗ്രൂപ്പ് ടിക്കറ്റിൽ യാത്ര ചെയ്ത ആളാണ്. സീറ്റുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു എന്ന് ആന്റോ പറയുന്നു. നടിയുടെ സീറ്റിലാണ് താൻ ഇരുന്നിരുന്നത് എന്നും ഇയാൾ വ്യക്തമാക്കി. പിന്നീട് എയർഹോസ്റ്റസ് ഇടപെട്ട് നടിക്ക് മറ്റൊരു സീറ്റ് നൽകി പ്രശ്നം പരിഹരിച്ചതാണന്നും ഇയാൾ വെളിപ്പെടുത്തി. പിന്നീട് ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാതി വന്നതെന്ന് അറിയില്ലെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. മുംബൈയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പാണ് തർക്കമുണ്ടായതെന്നും അതിനാല്‍ നെടുമ്പാശ്ശേരി പൊലീസിന്റെ അധികാര പരിധിയിലല്ല ഈ കേസ് വരുന്നതെന്നും ഇയാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുൻകൂർ ജാമ്യം അനുവദിക്കുന്നത് വരെ തന്റെ അറസ്റ്റ് തടയണമെന്നും ഇയാൾ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. 

ALSO READ : അത് ഒഫിഷ്യല്‍! 'മാത്യു'വും 'നരസിംഹ'യും വീണ്ടും ഒരുമിക്കുന്നു; വരുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മണിക്കൂറുകൾ ക്യൂ നിന്ന് പടം കാണാൻ പറ്റാതെ പോരേണ്ട: ചലച്ചിത്ര മേളയിൽ ഇനി കൂപ്പൺ
'കോടതി വിധിയെ മാനിക്കുന്നു, നമ്മളെല്ലാവരും അവൾക്കൊപ്പം തന്നെ': നടി സരയു