‘ഷൂട്ടിങ്ങിനെ പറ്റിയാണെന്ന് കരുതി അദ്ദേഹം മറുപടി നൽകും': മമ്മൂട്ടിയെ ‘പറ്റിച്ച' കഥയുമായി മുകേഷ്

By Web TeamFirst Published Sep 26, 2021, 7:36 PM IST
Highlights

'മുകേഷ് സ്പീക്കിംഗ്' എന്ന പേരില്‍ ആരംഭിച്ച ചാനലിന്റെ ആദ്യ എപ്പിസോഡ് ഞായറാഴ്ചയാണ് പുറത്തുവിട്ടത്. 

ലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് മുകേഷ്(mukesh). പതിറ്റാണ്ടുകളായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റെ തിരശ്ശീലയിലെ അഭിനയപാടവം തെളിയിച്ചു കൊണ്ടിരിക്കയാണ് താരം. അദ്ദേഹത്തിന്റെ കഥ പറച്ചിൽ കേൾക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. സിനിമക്ക് അകത്തും പുറത്തുമുള്ള കഥകളാണ് താരം എപ്പോഴും പറയുക. തനിക്കറിയാവുന്ന ഇത്തരം കഥകള്‍(story) പറയുന്നതിനായി പുതിയ യൂട്യൂബ് ചാനലും മുകേഷ് ആരംഭിച്ചിട്ടുണ്ട്. 'മുകേഷ് സ്പീക്കിംഗ്'(mukesh speaking) എന്ന പേരില്‍ ആരംഭിച്ച ചാനലിന്റെ ആദ്യ എപ്പിസോഡ് ഞായറാഴ്ചയാണ് പുറത്തുവിട്ടത്. 

'ക്ഷമിക്കണം മമ്മൂക്ക' എന്ന പേരിലാണ് ആദ്യ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സൈന്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് നടന്‍ മമ്മൂട്ടിയുമായുള്ള(mammootty) ഒരനുഭവമാണ് മുകേഷ് പങ്കുവയ്ക്കുന്നത്. മദ്യപിക്കാത്ത മമ്മൂട്ടിയുടെ പേരില്‍ മദ്യം വാങ്ങി കഴിച്ച കഥയായിരുന്നു ഇത്.  

രാജ്യത്തിന്റെ വിവിധ പട്ടാള ക്യാമ്പുകളിലായിരുന്നു ഷൂട്ടിങ്. എല്ലായിടത്തും വളരെ മികച്ച സ്വീകരണം. ഒരിടത്ത് അവിടുത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഒരു മലയാളി ആയിരുന്നു. അദ്ദേഹം മമ്മൂട്ടിയുടെ വലിയ ഒരു ആരാധകനും. തുടര്‍ന്ന് എന്താവശ്യത്തിനും മറ്റൊരു മലയാളി ഉദ്യോഗസ്ഥനെയും അദ്ദേഹം ഏര്‍പ്പെടുത്തി. ഇതിനിടെ പട്ടാള കാന്റീനില്‍ സാധനങ്ങള്‍ക്ക് വില കുറവാണെന്നറിഞ്ഞപ്പോള്‍ മദ്യം വാങ്ങിയാലോ എന്ന ഒരു ചിന്ത എല്ലാവരിലും ഉണ്ടായി. തുടര്‍ന്ന് 300 രൂപ പുറത്തുവിലയുള്ള മദ്യം 100 രൂപയ്ക്ക് അവിടെ നിന്ന് ഉദ്യോഗസ്ഥന്‍ എത്തിച്ചു തന്നെന്നും മുകേഷ് പറയുന്നു.

പിന്നീട്, മമ്മൂട്ടിയും മദ്യം കഴിക്കുന്നുണ്ടെന്നും എന്നാല്‍ ഇക്കാര്യം പുറത്തറിയരുതെന്നും പറഞ്ഞ് എല്ലാ ദിവസവും മദ്യം വാങ്ങിയെന്നും മുകേഷ് കൂട്ടിച്ചേർക്കുന്നു. ഉദ്യോഗസ്ഥന്‍ എന്നും രാവിലെ വന്ന് മമ്മൂട്ടിയോട് ചോദിക്കും, ഏങ്ങനെ ഉണ്ടായിരുന്നു സാര്‍ ഇന്നലെ എന്ന്. സിനിമാ ഷൂട്ടിങ്ങിനെ പറ്റിയാണെന്ന് കരുതി മമ്മൂട്ടി ഗംഭീരമായിരുന്നു എന്ന് മറുപടിയും നല്‍കും. അങ്ങനെ കുറേ ദിനങ്ങള്‍. 

ഒടുവില്‍ ഷൂട്ടിങ് തീരുന്ന ദിനം. ഈ ഉദ്യോഗസ്ഥന്‍ വന്ന്, മമ്മൂക്കയുടെ കാറില്‍ കുപ്പി കൊണ്ടുവയ്ക്കട്ടെ എന്ന് ചോദിച്ചു. എന്തിനെ കുറിച്ചാണ് ഈ ചോദിക്കുന്നതെന്ന് അന്ന് ആദ്യമായി മമ്മൂക്ക എന്നോട് ചോദിച്ചു. എന്നാല്‍ ഇവിടെ മിക്‌സിക്കൊക്കെ വലിയ വിലക്കുറവാണെന്നും ഇതിനെ കുറിച്ചാണ് ചോദിക്കുന്നതെന്നും ഞാൻ മറുപടി നൽകി.

എന്നാല്‍, വിവിധ രാജ്യങ്ങളുടെ 200 ലേറെ മിക്‌സികള്‍ ഉള്ള ആളാണ് മമ്മൂട്ടിയെന്നും വേണ്ടി വരില്ലെന്നും ഉദ്യോഗസ്ഥനോട് പറഞ്ഞതായും മമ്മൂട്ടിയോട് പറഞ്ഞെന്നും മുകേഷ് പറയുന്നു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു, ശെ. 200 എന്നൊന്നും പറയണ്ടായിരുന്നു. ആ നിനക്ക് വേണമെങ്കില്‍ വാങ്ങിച്ചോ. അങ്ങനെ ആ ഉദ്യോഗസ്ഥന്‍ എനിക്ക് കുപ്പി വാങ്ങി കാറില്‍വച്ചു തന്നുവിട്ടുവെന്നും മുകേഷ് ഓർത്തെടുത്തു.

ഇന്ന് ഈ വീഡിയോയിലൂടെയായിരിക്കും മമ്മൂട്ടി അന്ന് നടന്ന സംഭവത്തിന്റെ യാഥാർത്ഥ്യം അറിയുന്നത്. ആ ഉദ്യോഗസ്ഥന്‍ എന്നും വന്ന് മമ്മൂട്ടിയോട് എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിക്കുമ്പോള്‍ സിനിമയെ കുറിച്ചാണെന്ന് അദ്ദേഹം കരുതി പോന്നു. അതാണ് മമ്മൂട്ടി. സിനിമയാണ് അദ്ദേഹത്തിനെല്ലാം. ക്ഷമിക്കണം മമ്മൂക്കയെന്നും വീഡിയോയില്‍ മുകേഷ് പറയുന്നു.

click me!