
പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചുള്ള പ്രചരണ വീഡിയോയില്‍ പ്രമുഖ ബംഗാളി സംവിധായകന്‍ ഋത്വിക് ഘട്ടക്കിന്റെ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ ഉപയോഗിച്ചതിനെതിരേ അദ്ദേഹത്തിന്റെ കുടുംബം. പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടെ നിയമത്തെ ന്യായീകരിച്ചുകൊണ്ടുള്ള പ്രചരണ വീഡിയോ തയ്യാറാക്കിയത് ഭാരതീയ ജനത യുവമോര്‍ച്ച ബംഗാള്‍ ഘടകമാണ്. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഘട്ടക്കിന്റെ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ ഉപയോഗിച്ചതിനെതിരേ അദ്ദേഹത്തിന്റെ കുടുംബത്തിലെ 24 അംഗങ്ങളാണ് രംഗത്തെത്തിയത്. ഇത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ഘട്ടക്ക് എന്തിനുവേണ്ടിയാണോ നിലകൊണ്ടത് അതിന് കടകവിരുദ്ധമാണെന്നും കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
'തങ്ങളുടെ പൗരത്വം പുനസ്ഥാപിക്കുന്നതിനായി ഓരോ പൗരന്മാരും ഒരു അഗ്നിപരീക്ഷയിലൂടെ കടന്നുപോകേണ്ടിവരുന്ന, ദശലക്ഷക്കണക്കിന് മുസ്ലിങ്ങളെ രാജ്യമില്ലാത്തവരാക്കിയേക്കാവുന്ന ഒരു നിയമങ്ങളെ ന്യായീകരിക്കാന്‍, ഋത്വിക് ഘട്ടക്കിന്റെ സിനിമകളിലെ (സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത) ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോട് ഞങ്ങള്‍ക്ക് യോജിക്കാനാവില്ല', എത്രയും പെട്ടെന്ന് ആ രംഗങ്ങള്‍ പിന്‍വലിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
സമൂഹത്തിലെ പിന്നോക്കാവസ്ഥയില്‍ കഴിയുന്നവരോട്, അരികുവല്‍ക്കരിക്കപ്പെട്ടവരോട് ഏറെ അനുതാപമുണ്ടായിരുന്ന ഒരാളായിരുന്നു ഘട്ടക്ക് എന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും സിനിമകളെയും ദുരുപയോഗം ചെയ്യുകയാണ് യിവമോര്‍ച്ചയെന്നും കുടുംബം പ്രസ്ഥാവനയില്‍ പറഞ്ഞു. 'അങ്ങേയറ്റം മതേതരമായ വീക്ഷണം പുലര്‍ത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. ഘട്ടക്കിനെ പരിചയമുള്ളവര്‍ക്കെല്ലാം അറിയുന്ന കാര്യമാണ് അത്. അദ്ദേഹം എഴുതിയിട്ടുള്ളതും സിനിമകളുമൊക്കെ അതിന്റെ തെളിവുകളുമാണ്', കുടുംബം പറയുന്നു.
1955ല്‍ പുറത്താക്കപ്പെടുന്നതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ അംഗമായിരുന്നു ഋത്വിക് ഘട്ടക്. ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍-എന്ന പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടനയുടെ പ്രധാന നേതാക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം.
എന്നാല്‍ ഈ പ്രചരണ വീഡിയോ വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ പ്രസക്തമാണെന്നാണ് ബിജെപി നേതാവ് സാമിക് ഭട്ടാചാര്യയുടെ പ്രതികരണം. 'വിഭജനത്തിന്റെ ചരിത്രത്തെ തുടച്ചുനീക്കാന്‍ സംയോജിതമായ ഒരു ശ്രമം നടക്കുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ഇപ്പോഴത്തെ തലമുറയെ ഇരുട്ടില്‍ നിര്‍ത്താന്‍ ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുകയാണ് ചിലര്‍', സാമിക് ഭട്ടാചാര്യ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ