സേക്രഡ് ഗെയിംസിന്‍റെ രണ്ടാം സീസണ്‍; ട്രെയിലര്‍ തരംഗമാകുന്നു

By Web TeamFirst Published Jul 9, 2019, 5:17 PM IST
Highlights

നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഗണേഷ് ഗയ്തോണ്ടെ എന്ന അധോലോക നായകന്‍റെ വളര്‍ച്ചയും, അതിന് സമാന്തരമായി പറയുന്ന സെയ്ഫ് അലിഖാന്റെ സര്‍താജ് സിംഗ് എന്ന പൊലീസുകാരന്‍റെ അന്വേഷണങ്ങളും രണ്ട് കാലത്തില്‍ നിന്ന് ആവിഷ്കരിച്ചതായിരുന്നു സേക്രഡ് ഗെയിംസിന്‍റെ ഒന്നാം സീസണ്‍

മുംബൈ: നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ വെബ് സീരീസായ സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ ആഗസ്റ്റ് 15 മുതല്‍ സ്ട്രീം ചെയ്യും. പുതിയ സീസണിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കല്‍ക്കി കൊച്ച്ലിന്‍, റണ്‍വീര്‍ ഷോറെ, പങ്കജ് ത്രിപാഠി എന്നീ വന്‍താരങ്ങളും പുതിയ ഭാഗത്ത് എത്തുന്നുണ്ട്.  നവാസുദ്ദീൻ സിദ്ദിഖി, സെയ്ഫ് അലിഖാൻ അടക്കമുള്ള താരങ്ങള്‍ പുതിയ സീസണിലുമുണ്ട്.

നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഗണേഷ് ഗയ്തോണ്ടെ എന്ന അധോലോക നായകന്‍റെ വളര്‍ച്ചയും, അതിന് സമാന്തരമായി പറയുന്ന സെയ്ഫ് അലിഖാന്റെ സര്‍താജ് സിംഗ് എന്ന പൊലീസുകാരന്‍റെ അന്വേഷണങ്ങളും രണ്ട് കാലത്തില്‍ നിന്ന് ആവിഷ്കരിച്ചതായിരുന്നു സേക്രഡ് ഗെയിംസിന്‍റെ ഒന്നാം സീസണ്‍.  25 ദിവസങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ സംഭവിക്കുന്ന വന്‍ ദുരന്തം എന്തായിരിക്കും എന്ന അന്വേഷണം തീര്‍ത്തും ത്രില്ലിങ്ങായാണ് ആദ്യ സീസണില്‍ അവസാനിപ്പിച്ചത്.

വിക്രം ചന്ദ്രയുടെ പ്രശസ്തമായ സേക്രഡ് ഗെയിംസ് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് നിര്‍മ്മിച്ചിട്ടുള്ളത്. വിക്രമാദിത്യ മോഠ്വാനി അനുരാഗ് കശ്യപും ഒരുമിച്ചാണ് സേക്രഡ് ഗെയിംസ് ആദ്യ ഭാഗം സംവിധാനം ചെയ്തിരുന്നത്. പുതിയ സീസണില്‍ വിക്രമാദിത്യ മോഠ്വാനിക്ക് പകരം നീരജ് ഗെയ്‍വാനാണ് സംവിധാനം ചെയ്യുന്നത്.

നേരത്തെയുള്ള സീസണിന്‍റെ നിര്‍മ്മാണം നിര്‍വഹിച്ച ഫാന്‍റം ഫിലിംസ് പിന്നീട് പിരിച്ചുവിട്ടിരുന്നു. ഇതിനാല്‍ സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ പ്രതിസന്ധിയിലായി എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സീരിസിന്‍റെ ജനപ്രീതി കണക്കിലെടുത്ത് പുതിയ നിര്‍മ്മാണ പങ്കാളിയെ കണ്ടെത്തിയാണ് നെറ്റ്ഫ്ലിക്സ് രണ്ടാം സീസണ്‍ എത്തിക്കുന്നത് എന്നാണ് സൂചന. ഫാന്‍റം നിര്‍മ്മാണം അവസാനിപ്പിച്ചതോടെയാണ് വിക്രമാദിത്യ മോഠ്വാനി സീരിസില്‍ നിന്നും പിന്‍വാങ്ങിയത് എന്ന് വാര്‍ത്തയുണ്ട്.

നേരത്തെ മുംബൈയിലായിരുന്നു സീരിസിന്‍റെ കഥ ഒതുങ്ങിയതെങ്കില്‍ പുതിയ സീസണില്‍ ദക്ഷിണാഫ്രിക്ക, കെനിയ എന്നിവിടങ്ങളിലും ചിത്രീകരണം നടത്തിയിട്ടുണ്ട്.

click me!