
തെലുങ്കില്‍ സ്പൂഫ് സിനിമകളിലൂടെ തരംഗം തീര്‍ത്ത നടനാണ് സമ്പൂര്‍ണേഷ് ബാബു. ഒരു ഇടവേളയ്ക്ക് ശേഷം 'കൊബ്ബരി മട്ട' എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചിത്രത്തിന്റെ ട്രെയിലറാണ്. തീപ്പൊരി ഡയലോഗും സംഘട്ടന രംഗവുമാണ് ട്രെയിലറിന്റെ സവിശേഷത. ട്രെയിലറിന് പിന്നാലെ സമ്പൂര്‍ണേഷ് ബാബുവിന്റെ ട്രോളുകളും സമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
ചിത്രത്തിന്റെ ആദ്യം ഇറങ്ങിയ ടീസറിൽ മൂന്നര മിനിറ്റ് നീളുന്ന ഒരു സിംഗിള്‍ ഷോട്ടില്‍ ദൈര്‍ഘ്യമേറിയ പഞ്ച് ഡയലോഗുകള്‍ നിര്‍ത്താതെ പറയുന്നുണ്ട് സമ്പൂര്‍ണേഷ് ബാബു. ലോകസിനിമയില്‍ തന്നെ ഇത്തരത്തിലുള്ള ഒരു ഡയലോഗ് റെക്കോര്‍ഡ് ആണെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.
1977 ല്‍ പുറത്തിറങ്ങിയ 'ദാന വീര ശൂര കര്‍ണ'യിലെ എന്‍ടിആറിന്റെ ഡയലോഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സമ്പൂര്‍ണേഷ് ബാബുവിന്റെ പുതിയ ചിത്രത്തിലെ പഞ്ച് ഡയലോഗ് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് തലമുറയെ പ്രതിനിധീകരിക്കുന്ന മൂന്ന് കഥാപാത്രങ്ങളായാണ് സമ്പൂര്‍ണേഷ് ചിത്രത്തില്‍ എത്തുന്നത്. പപ്പറായുഡു, പേഡറായുഡു, ആന്‍ഡ്രോയ്ഡു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. ആന്‍ഡ്രോയ്ഡുവിന്റെ അമ്മയായി എത്തുന്നത് ഷക്കീലയാണ്. നാഗാര്‍ജുനയുടെ 'മന്‍മധുഡു2' തീയേറ്ററുകളിലെത്തുന്നതിന്റെ പിറ്റേന്നാണ് 'കൊബ്ബരി മട്ട'യുടെ റിലീസ്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam