'ഡിജിറ്റലി ചെറുപ്പമായി' പ്രിയതാരങ്ങള്‍; സ്‌കോര്‍സെസെയുടെ 'ഐറിഷ്മാന്‍' ടീസര്‍

By Web TeamFirst Published Jul 31, 2019, 8:26 PM IST
Highlights

കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിലൂടെ 'പ്രായം കുറച്ചാണ്' (ഡിജിറ്റലി ഡി-ഏജ്) ചിത്രത്തിനുവേണ്ടി ഡി നീറോയും അല്‍ പച്ചീനോയും സ്‌ക്രീനില്‍ എത്തുന്നത്. ഷീരന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനാലാണ് ഡി നീറോയുടെ ഡി-ഏജിംഗ്. കാണാതാവുമ്പോള്‍ 62 വയസ്സുണ്ടായിരുന്ന ജിമ്മി ഹോഫയെ വിശ്വസനീയമാക്കാനാണ് സ്‌കോര്‍സെസെ പച്ചീനോയെയും ഡി-ഏജ് ചെയ്തിരിക്കുന്നത്.
 
പ്രേക്ഷകരില്‍ ഏറെ കാത്തിരിപ്പുയര്‍ത്തിയ മാര്‍ട്ടിന്‍ സ്‌കോര്‍സെസെ ചിത്രം 'ദി ഐറിഷ്മാന്റെ' ടീസര്‍ പുറത്തെത്തി. റോബര്‍ട്ട് ഡി നീറോയും അല്‍ പച്ചീനോയും ജോ പാസ്‌കിയുമൊക്കെ അണിനിരക്കുന്ന ചിത്രം കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്ന പ്രോജക്ട് ആണ്. ഐബിറ്റി (ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്‌സ്) പ്രസിഡന്റായിരുന്ന, 62-ാം വയസ്സില്‍ കാണാതായ ജിമ്മി ഹോഫയുടെയും പില്‍ക്കാലത്ത് ഹോഫയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഫ്രാങ്ക് ഷീരന്റെയും കഥയാണ് സ്‌കോര്‍സെസെ സിനിമയാക്കിയിരിക്കുന്നത്. ഷീരനെക്കുറിച്ച് ചാള്‍സ് ബ്രാന്റ് രചിച്ച 'ഐ ഹേഡ് യു പെയിന്റ് ഹൗസസ്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നത്.

കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിലൂടെ 'പ്രായം കുറച്ചാണ്' (ഡിജിറ്റലി ഡി-ഏജ്) ചിത്രത്തിനുവേണ്ടി ഡി നീറോയും അല്‍ പച്ചീനോയും സ്‌ക്രീനില്‍ എത്തുന്നത്. ഷീരന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനാലാണ് ഡി നീറോയുടെ ഡി-ഏജിംഗ്. കാണാതാവുമ്പോള്‍ 62 വയസ്സുണ്ടായിരുന്ന ജിമ്മി ഹോഫയെ വിശ്വസനീയമാക്കാനാണ് സ്‌കോര്‍സെസെ പച്ചീനോയെയും ഡി-ഏജ് ചെയ്തിരിക്കുന്നത്.

2010ലാണ് ഈ പ്രോജക്ട് സ്‌കോര്‍സെസെ ആദ്യമായി അനൗണ്‍സ് ചെയ്തത്. എന്നാല്‍ പ്രധാന അഭിനേതാക്കളെ ഡി-ഏജ് ചെയ്യേണ്ടിവരുന്നതിലുള്ള തൃപ്തികരമായ സാങ്കേതികതയുടെ അഭാവവും വലിയ കാന്‍വാസില്‍ ഒരുക്കേണ്ട ചിത്രത്തിനുള്ള നിര്‍മ്മാതാവ് ലഭ്യമല്ലാതെ വരുകയും ചെയ്തതോടെ സിനിമ വൈകുകയായിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ആണ് ഇപ്പോള്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വരുന്ന ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായാണ് 'ദി ഐറിഷ്മാന്റെ' വേള്‍ഡ് പ്രീമിയര്‍. സെപ്റ്റംബര്‍ 27ന് നടക്കുന്ന ലോക പ്രീമിയറിന് ശേഷം തീയേറ്റര്‍ റിലീസ്. ഈ വര്‍ഷാവസാനം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീംമിഗിനുമെത്തും ചിത്രം. 

click me!