മലയാള സിനിമയുടെ ശ്രീ മാഞ്ഞു പോയിട്ട് 13 വര്‍ഷം

By Web TeamFirst Published Oct 19, 2019, 8:18 AM IST
Highlights

മരണശേഷം ഒട്ടേറെ സിനിമകളിൽ ഒരു ഫോട്ടോയുടെ രൂപത്തിലാണെങ്കിൽ പോലും ശ്രീവിദ്യയുണ്ട്. അത്രക്ക്  അമൂല്യമാണ് ഈ ശ്രീ മലയാളത്തിന്..

 മലയാളത്തിന്റെ ശ്രീ എന്ന വിശേഷണമുള്ള നടി ആയിരുന്നു ശ്രീവിദ്യ. മൺമറഞ്ഞ് 13 വർഷം പിന്നിടുമ്പോള്‍ അഭിനയിച്ചു ജീവിച്ച നൂറുകണക്കിന് സിനിമകളിലൂടെ ശ്രീവിദ്യ ഇന്നും പ്രേക്ഷകഹൃദയത്തില്‍ ജീവിക്കുന്നു. പഞ്ചവടി പാലത്തിലെ മണ്ഡോദരി മുതല്‍ അനിയത്തി പ്രാവിലെ അമ്മ കഥാപാത്രം വരെ ശ്രീവിദ്യ നടത്തിയ പകര്‍ന്നാടങ്ങള്‍ അവരെ അനശ്വരയാക്കി നിര്‍ത്തുന്നു. 

വശ്യമായ ഗ്രാമീണ സൗന്ദര്യം അനുകരിക്കാനാവാത്ത അഭിനയത്തികവ്, ഇതായിരുന്നു ശ്രീവിദ്യ. മലയാളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവൻ അംഗീകരിക്കപ്പെട്ട കലാമികവ്. ആര്‍.കൃഷ്ണമൂര്‍ത്തിയുടേയും സംഗീതജ്ഞയായ എം.എല്‍ വസന്തകുമാരിയുടേയും മകളായി മദ്രാസിലാണ്
ശ്രീവിദ്യ ജനിച്ചത്. 

പൂർണമായും കലാകുടുംബത്തിൽ വളർന്നത് കൊണ്ട് തന്നെ നൃത്തവും  സംഗീതവും ശ്രീവിദ്യയുടെ ജീവിതത്തിന്റെ ഭാഗമായി. പതിമൂന്നാം വയസില്‍  തിരുവുള്‍  ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. 1969-ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലൂടെയാണ് സത്യന്‍റെ നായികയായാണ് മലയാളസിനിമയുടെ തറവാട്ടിലേക്ക് ശ്രീവിദ്യ വലതുകാൽ വയ്ക്കുന്നത്. പിന്നീടങ്ങോട്ട് മലയാളസിനിമയുടെ മുഖശ്രീയായി മാറുകയായിരുന്നു ശ്രീവിദ്യ.

കുമാരസംഭവം,ചെണ്ട,അരക്കള്ളൻ മുക്കാൽക്കള്ളൻ,അയലത്തെ സുന്ദരി.രാജഹംസം അങ്ങിനെ നിരവധി ചിത്രങ്ങൾ. ഏത് വേഷവും അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു ശ്രീവിദ്യക്ക്. മധുവിന്റെ നായികയായിട്ടാണ് ശ്രീവിദ്യ കൂടുതലും അഭിനയിച്ചത്. സത്യൻ- ശാരദ, നസീര്‍ - ഷീല ജോഡികള്‍  പോലെ പ്രേക്ഷകരുടെ പ്രിയ ജോഡിയായിരുന്നു മധുവും ശ്രീവിദ്യയും

1979 ൽ ശ്രീവിദ്യയുടെ അഭിനയമികവിന് ആദ്യമായി സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചു. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച,ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം. 1983-ൽ 'രചന', 1992 ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങളിലൂടെ ശ്രീവിദ്യയിലേക്ക് വീണ്ടും പുരസ്കാരങ്ങളെത്തി. മലയാളത്തിൽ തിരക്കുള്ള നടിയായി മുന്നേറുന്നതിനിടയിലും തമിഴകത്തെ ശ്രീവിദ്യ മറന്നില്ല .രജനീകാന്തും കമലഹാസനും മത്സരിച്ചഭിനയിച്ച അപൂർവ്വരാഗങ്ങളിൽ നായികയായി ശ്രീവിദ്യ തിളങ്ങി കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചു.

കർണാടക സംഗീതം അഭ്യസിച്ചിട്ടുള്ള ശ്രീവിദ്യ മലയാളചലച്ചിത്ര പിന്നണി ഗാനരംഗത്തും ഒരു കൈനോക്കി (ആന കൊടുത്താലും) എന്റെ സൂര്യപുത്രിയിലെ  സംഗീതജ്ഞയായ വസുന്ധരാ ദേവി  ശ്രീവിദ്യയുടെ അഭിനയ പുസ്തകത്തിലെ മികച്ച ഏടാണ്  .

അവസാന നാളുകളിൽ മിനി സ്ക്രീനിലും  സജീവമായ ശ്രീവിദ്യ നിരവധി  സീരിയലുകളിൽ വേഷമിട്ടു. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ
ടെലിവിഷൻ അവാർഡും നേടിയിട്ടുണ്ട്. അസാധാരണമായ സൗന്ദര്യത്തിന്റെ ഉടമയായിരുന്ന ഈ കലാകാരി ജീവിച്ചിരിക്കുന്ന കാലത്തോളം സുന്ദരിയായി ഇരിക്കാനാൻ ആഗ്രഹിച്ചിരുന്നു. കാൻസർ ബാധിച്ച് മരണക്കിടക്കയിലായപ്പോഴും അവർ അത് കാത്ത് സൂക്ഷിച്ചു. മരണശേഷം ഒട്ടേറെ സിനിമകളിൽ ഒരു ഫോട്ടോയുടെ രൂപത്തിലാണെങ്കിൽ പോലും ശ്രീവിദ്യയുണ്ട്. അത്രക്ക്  അമൂല്യമാണ് ഈ ശ്രീ മലയാളത്തിന്...

 

click me!