
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30-ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണം. നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് രജിസ്ട്രേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ 5000ത്തില്‍പ്പരം പേര്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തു. 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്താണ് ചലച്ചിത്രമേള നടക്കുക.
16 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 12000ത്തോളം ഡെലിഗേറ്റുകള്‍ക്ക് പങ്കെടുക്കാം. registration.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്‍ത്ഥികള്‍, ഫിലിം സൊസൈറ്റി, ഫിലിം ആന്റ് ടി.വി പ്രൊഫഷണല്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.
ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 12 സിനിമകളാണ് ഉള്ളത്. എബ്ബ് (ജിയോ ബേബി), സമസ്താലോകാ (ഷെറി ഗോവിന്ദൻ), അംബ്രോസിയ (ആദിത്യാ ബേബി), കാത്തിരിപ്പ് (നിപിൻ നാരായണൻ), പെണ്ണും പൊറാട്ടും (രാജേഷ് മാധവൻ), ശവപ്പെട്ടി (റിനോഷൻ കെ.), ആദിസ്നേഹത്തിന്റെ വിരുന്നുമേശ (മിനി ഐ.ജി.), ശേഷിപ്പ് (ശ്രീജിത്ത് എസ്. കുമാർ, ഗ്രിറ്റോ വിൻസെന്റ്), അന്യരുടെ ആകാശങ്ങൾ (ശ്രീകുമാർ കെ.), ഒരു അപസർപ്പക കഥ (അരുൺ വർധൻ), മോഹം (ഫാസിൽ റസാഖ്), ചാവു കല്യാണം (വിഷ്ണു ബി. ബീന) എന്നിവയാണ് ഈ സിനിമകൾ. സഞ്ജു സുരേന്ദ്രന്റെ ‘ഖിഡ്കി ഗാവ്’, ഉണ്ണികൃഷ്ണൻ ആവളയുടെ ‘ലൈഫ് ഓഫ് എ ഫാലസ്’എന്നീ ചിത്രങ്ങളാണ് അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ