
ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പരാശക്തിയിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. 'രത്നമാല..' എന്ന് തുടങ്ങുന്ന ഗാനത്തന് സംഗീതം ഒരുക്കിയത് ജി വി പ്രകാശ് കുമാറാണ്. അദ്ദേഹം തന്നെയാണ് ഈ മനോഹര മെലഡി ഗാനം ആലപിച്ചിരിക്കുന്നതും. ജയശ്രീ മതിമാരൻ ആണ് വരികൾ എഴുതിയിരിക്കുന്നത്. തെലുങ്ക് വരികൾ എഴുതിയത് സരസ്വതി പുത്ര രാമജോഗയ്യ ശാസ്ത്രി ആണ്. ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പരാശക്തി സംവിധാനം ചെയ്യുന്നത് സുധാ കൊങ്കരയാണ്.
1965ലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരത്തിന്‍റെയും മറ്റും പാശ്ചതലത്തിലുള്ള ഒരു ചിത്രമാണ് പരാശക്തി എന്നാണ് വിവരം. ചിത്രത്തില്‍ രവി മോഹനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. നായക വേഷത്തില്‍ മാത്രം കണ്ട രവി മോഹന്‍റെ പുതിയ രൂപമായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന. തെലുങ്ക് നടി ശ്രീലീലയുടെ ആദ്യ തമിഴ് സിനിമ കൂടിയാണ് പരാശക്തി.
നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്ത് പ്രഖ്യാപിക്കപ്പെട്ട പുറനാനൂര്‍ എന്ന ചിത്രമാണ് ഇപ്പോള്‍ എസ്കെ 25 ആയത് എന്നാണ് വിവരം. അതേസമയം, ചിത്രത്തില്‍ ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് വിവരം. ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ബേസിലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പ്രചരിച്ചിരുന്നു.
അതേസമയം, അവസാനമായി ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ ചിത്രം 'അമരനാണ്'. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മ്മിച്ച ചിത്രം എസ്കെയുടെ കരിയര്‍ ബെസ്റ്റ് ഹിറ്റായിരുന്നു. ആഗോള ബോക്സോഫീസില്‍ ചിത്രം 300 കോടി കളക്ഷന്‍ നേടിയിരുന്നു.