അതെ, മരീന നിങ്ങള്‍ ഒരു അത്ഭുതമാണ്

ALEENA P C |  
Published : Mar 05, 2018, 08:20 AM ISTUpdated : Jun 08, 2018, 05:48 PM IST
അതെ, മരീന നിങ്ങള്‍ ഒരു അത്ഭുതമാണ്

Synopsis

അതെ, മരീന നിങ്ങള്‍ ഒരു അത്ഭുതമാണ് എ ഫന്റാസ്റ്റിക് വുമണ്‍ എന്ന സിനിമയുടെ

മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്‍കര്‍ നേടിയ എ ഫന്റാസ്റ്റിക് വുമണ്‍ എന്ന സിനിമയുടെ റിവ്യു. പി സി അലീന എഴുതുന്നു


സ്‍ത്രീ എന്ന തന്റെ സ്വത്വത്തെ നിരന്തരം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെതിരെയുള്ള മരീന വിഡല്‍ എന്ന യുവതിയുടെ കലഹമാണ് എ ഫന്റാസ്റ്റിക് വുമണ്‍. ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സെബാസ്റ്റ്യന്‍ ലെലിലോയുടെ ചിത്രം ലൈംഗിക ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് സമൂഹം ബഹിഷ്‍കൃതരാക്കുന്നതെന്ന് കാണിക്കുന്നു. എന്നാല്‍ സ്വന്തം സാന്നിധ്യത്തെ രേഖപ്പെടുത്തിക്കൊണ്ട് മരീന വിഡല്‍ ഇടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ട്രാന്‍സ് വുമണായ മരീനയുടെ പങ്കാളി തന്നേക്കാള്‍ 20 വയസിന് മുതിര്‍ന്ന ഓര്‍ലാന്‍ഡോയാണ്. മരീനയുടെ തെരഞ്ഞെടുപ്പുകളെല്ലാം സമൂഹത്തിന്‍റെ അലിഖതമായ നിയമങ്ങള്‍ക്ക് പുറത്താണ്. സാമൂഹിക നിയമങ്ങള്‍ക്ക് പുറത്ത് ജീവിക്കുന്ന മരീനയുടെ സ്‍ത്രീ എന്ന സ്വത്വത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്നത് ആകെ രണ്ടുപേരാണ്. ഒരാള്‍ ചിത്രത്തിന്‍റെ സംവിധായകനായ സെബാസ്റ്റ്യന്‍ ലെലിലോയും മറ്റൊരാള്‍ മരീനയുടെ പങ്കാളിയായ ഓര്‍ലാന്‍ഡോയുമാണ്.

മരീനയുടെ പിറന്നാളാഘോഷം കഴിഞ്ഞുള്ള രാത്രിയില്‍ ഓര്‍ലാന്‍ഡോ പെട്ടെന്ന് കുഴഞ്ഞുവീഴുകയാണ്. വളരെ വേഗം തന്നെ മരീന ഓര്‍ലാന്‍ഡോയെ ആശുപത്രിയില്‍ എത്തിക്കുന്നുണ്ടെങ്കിലും ഓര്‍ലാന്‍ഡോ മരിക്കുന്നു. പിന്നീട് ബന്ധുക്കളുടെയും ഡോക്ടറുടെയും സംശയത്തിലാണ് മരീന. ഓര്‍ലാന്‍ഡോയെ മരീന അപായപ്പെടുത്തിയെന്ന സംശയമാണ് ഇവര്‍ക്ക്. എന്നാല്‍ ഓര്‍ലാന്‍ഡോയുടെ മരണത്തിന് പിന്നില്‍ മരീനയാണോയെന്ന സംശയത്തിന് പ്രധാന കാരണം മരീനയുടെ സ്വത്വം തന്നെയാണ്.

 

പേരിനെ ചോദ്യം ചെയ്യുന്ന പൊലീസ് ഉദ്ദ്യോഗസ്ഥനോട് മരീന തിരിച്ച് ചോദിക്കുന്നുണ്ട്. എന്‍റെ പേര് മരീന എന്നാണ് നിങ്ങള്‍ക്ക് അതുകൊണ്ടെന്തെങ്കിലും പ്രശ്‍നമുണ്ടോയെന്ന്. അധികാര സ്വരങ്ങളെ ഭയക്കാതെ തന്‍റെ പേര് വിളിച്ച് പറയുകയും താനൊരു സ്‍ത്രീയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട് മരീന. ഓര്‍ലാന്‍ഡോയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ വരുന്ന ഡിറ്റക്ടീവും ഓര്‍ലാന്‍ഡോയുടെ മുന്‍ ഭാര്യയും ലൈംഗികത വൈകൃതത്തിന് അടിമപ്പെട്ടുപോയ ഒരാള്‍ എന്ന നിലയിലാണ് മരീനയെ പരിഗണിക്കുന്നത്.

ഓര്‍ലാന്‍ഡോയുമായി എന്തെങ്കിലും മല്‍പ്പിടുത്തം നടന്നതിന്‍റെ പാടുകളുണ്ടോയെന്ന് അറിയാനായി മരീനയുടെ ശരീരം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എന്നാല്‍ ഡോക്ടര്‍ ചോദിക്കുന്നുണ്ട്, ഡാനിയേല്‍ എന്നാണല്ലോ നിങ്ങള്‍ പറഞ്ഞത്, എങ്ങനെയാണ് ഞാനിവരെ പരിശോധിക്കുക എന്ന്. ഒരു സ്ത്രീയായി അവരെ പരിശോധിക്കുക എങ്ങനെ എന്നാണ് ഡിറ്റക്ടീവ് പറയുന്നത്. മരീനയുടെ സ്‍ത്രീ എന്ന സ്വത്വത്തിന് പുറത്ത് അവരുപേക്ഷിച്ച് പേരുകള്‍ വീണ്ടുമിട്ട് കൊണ്ട് മരീനയെ തകര്‍ക്കാന്‍ ഇവര്‍ കണ്ടുമുട്ടുന്ന ഓരോരുത്തരും ശ്രമിക്കുന്നുണ്ട്.

 

ഓര്‍ലാന്‍ഡോ നിങ്ങള്‍ക്ക് പണം തരുമായിരുന്നോ എന്ന ഡിറ്റക്ടീവിന്‍റെ ചോദ്യത്തിന് ഞങ്ങള്‍ കപ്പിള്‍സ് ആണെന്നും എന്തിനാണ് ഇങ്ങനെയൊരു ചോദ്യമെന്നും മരീന ചോദിക്കുമ്പോള്‍ ഓര്‍ലാന്‍ഡോയ്ക്ക് നിങ്ങളുടെ അച്ഛനാകാനുള്ള പ്രായമുണ്ടല്ലോ എന്നാണ് ഡിറ്റക്ടീവ് തിരിച്ച് ചോദിക്കുന്നത്. ഇത്തരത്തില്‍ വ്യക്തികളുടെ തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്ത്‍കൊണ്ട് സമൂഹ നിര്‍മ്മിത ബൈനറികളുടെയും ആള്‍ക്കൂട്ട ശരികളുടെയും വക്താക്കളാകാന്‍ ഡിറ്റക്ടീവും, മുന്‍ഭാര്യയും, പൊലീസ് ഓഫീസറും, ഡോക്ടറും ഓര്‍ലാന്‍ഡോയുടെ മകനും ശ്രമിക്കുന്നുണ്ട്.

വിവാഹം എന്ന സ്ഥാപനത്തിന്‍റെ പൊള്ളത്തരങ്ങളും ചിത്രം എടുത്ത് കാണിക്കുന്നുണ്ട്. വിവാഹമോചിതനായ വ്യക്തിയാണ് ഓര്‍ലാന്‍ഡോ. എന്നാല്‍ ഓര്‍ലാന്‍ഡോയുടെ മരണത്തോടെ ഓര്‍ലാന്‍ഡോ സ്നേഹിച്ച തന്‍റെ പങ്കാളി അപ്രസക്തയാകുകയും മുന്‍ ഭാര്യ ഓര്‍ലാന്‍ഡോയുടെ ശരീരത്തിന്‍മേല്‍ അവകാശിയാകുന്നതായും കാണും. തന്റെ പ്രിയപ്പെട്ടവന്റെ ശരീരം കാണാനായി പള്ളിയിലെത്തുന്ന മരീനയ്ക്ക് അതിനും സാധിക്കുന്നില്ല. സ്നേഹമില്ലാത്ത നിയമപരമായ ബന്ധങ്ങളുടെ സാധുതയില്‍ ഓര്‍ലാന്‍ഡോയ്‍ക്ക് മേലുള്ള അവകാശങ്ങള്‍ നഷ്‍ടമാകുന്ന മരീനയക്ക് പക്ഷേ തന്നെ തിരിച്ച് പിടിക്കാന്‍ കഴിയുന്നുണ്ട്.

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി