ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്നും സിനിമാ പാട്ടിലേക്ക്!

By പ്രശോഭ് പ്രസന്നന്‍First Published Oct 14, 2016, 11:27 PM IST
Highlights

കാല്‍പ്പന്തുകളിയുടെ ലോകത്തു നിന്നും കാല്‍പ്പനീക ഈണങ്ങളുമായി വന്നു മലയാളികളെ നിരന്തരം പാട്ടുപാടിച്ചയാളാണ്‌ എ ടി ഉമ്മര്‍ എന്ന വടക്കേ മലബാറുകാരന്‍. കണ്ണൂരിലെയും തലശേരിയിലെയും ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്നും 1960 കളുടെ മധ്യത്തിലാണ്‌ മലയാള സിനിമാസംഗീത ലോകത്തേക്ക്‌ ഉമ്മര്‍ കടന്നുവരുന്നത്‌.  കെ രാഘവനും ദക്ഷിണാമൂര്‍ത്തിയും ബാബുരാജും ദേവരാജനുമൊക്കെ ചേരുന്ന ഒന്നാംതലമുറ താളമിട്ടുയര്‍ത്തിയ ഈണങ്ങളുടെ കൊട്ടാരം തല ഉയര്‍ത്തിത്തുടങ്ങുന്ന കാലം. എം കെ അര്‍ജ്ജുനനെന്ന തുടക്കക്കാരനില്‍ രണ്ടാം തലമുറയും ശ്രദ്ധേയമായിത്തുടങ്ങിയിരുന്ന അറുപതുകള്‍.

അപ്പോഴാണ്‌ അങ്ങു വടക്കു കണ്ണൂരിലെ അഞ്ചുകണ്ടിയില്‍ നിന്നും ഉമ്മറെന്ന വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരന്‍ ഈണക്കൂട്ടുകളുമായി മദ്രാസില്‍ വണ്ടിയിറങ്ങുന്നത്‌. മെലഡികളുടെ പെരുമഴക്കാലമായിരുന്നു പിന്നീട്‌ മലയാളത്തില്‍. അറുപതുകളുടെ ഒടുവില്‍ തളിരിട്ട ഉമ്മറിന്റെ ഗ്രാഫ്‌ എഴുപതുകളില്‍ കുതിച്ചുയര്‍ന്നു. നീലജലാശയത്തില്‍.. ചെമ്പകപ്പൂങ്കാവനം.. വാകപ്പൂമരം ചൂടും.. ദേവീ നിന്‍ചിരിയില്‍.. മാരിവില്ലു പന്തലിട്ട... പ്രണയവും വിരഹവും പ്രതീക്ഷകളും ജ്വലിപ്പിക്കുന്ന എഴുന്നൂറിലധികം ഗാനങ്ങള്‍ മലയാളിക്കു നല്‍കിയ എ ടി ഉമ്മര്‍ വിടപറഞ്ഞിട്ട്‌ പതിനഞ്ചു വര്‍ഷങ്ങള്‍.

കുന്നുമ്മല്‍ അഞ്ചുകണ്ടിയിലെ മൊയ്‌തീന്‍ കുഞ്ഞിന്റെയും സൈനബയുടെയും മകനായി 1933ലാണ്‌ ഉമ്മറിന്റെ ജനനം. എസ്‌എസ്‌എല്‍സി പഠനത്തിനു ശേഷം സംഗീതവും ഫുട്‌ബോളും ചോരയില്‍ ചാലിച്ചു നടക്കുന്ന കാലം. സംഗീതത്തില്‍ ഉപരിപഠനം നടത്താനായിരുന്നു മോഹം. വേണുഗോപാലന്‍ ഭാഗവതര്‍ ആദ്യഗുരു. ഭാഗവതരുടെ കീഴില്‍ നാലു വര്‍ഷത്തെ പഠനത്തിനു ശേഷം വളപട്ടണം മുഹമ്മദിനും ശരത്‌ചന്ദ്ര മറാത്തേ, കാസര്‍കോടു കുമാര്‍ എന്നിവരുടെ കീഴില്‍ തുടര്‍പഠനം. പിന്നെ നേരെ ഇറങ്ങിയത്‌ കളിക്കളത്തിലേക്കാണ്‌. സ്‌പിരിറ്റ്‌ഡ്‌ യൂത്ത്‌ കണ്ണൂര്‍ എന്ന ടീമിനു വേണ്ടി ജേഴ്‌സിയണിഞ്ഞു.

 

മദിരാശി മലയാളം സമാജത്തിന്റെ നാടകത്തിനു സംഗീതമൊരുക്കാന്‍ കൂട്ടുകാരന്‍ ഡോ പവിത്രന്‍റെ ക്ഷണം. തുടര്‍ന്ന്‌ 1967ല്‍ ഡോ ബാലകൃഷ്‌ണന്‍ നിര്‍മ്മിച്ച്‌ എം എസ്‌ മണി സംവിധാനം ചെയ്‌ത തളിരുകള്‍ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിനു തളിരിട്ടു. ഡോ പവിത്രന്‍ തന്നെയായിരുന്നു ഗാനരചന. ആകാശവീഥിയില്‍ എന്നു തുടങ്ങുന്ന ആദ്യ ഗാനത്തിനു ശബ്ദം പകര്‍ന്നത്‌ യേശുദാസ്‌. 1968ല്‍ എ ബി രാജ്‌ ചിത്രമായ കളിയല്ല കല്ല്യാണത്തില്‍ ഉമ്മറിന്റെ ഈണങ്ങള്‍ക്ക്‌ അക്ഷരങ്ങള്‍ നല്‍കിയത്‌ പി ഭാസ്‌കരന്‍.

 

മെലഡികള്‍ സൃഷ്ടിക്കുന്ന ഉമ്മറിലെ പ്രതിഭയെ എളുപ്പം തിരിച്ചറിഞ്ഞു, സാക്ഷാല്‍ എ വിന്‍സെന്റ്‌. 1969ല്‍ ആല്‍മരത്തില്‍ പി ഭാസ്‌കരന്റെ വരികള്‍ക്കു ഈണമൊരുക്കാന്‍ വിന്‍സെന്റ്‌ ക്ഷണിച്ചത്‌ ഉമ്മറിനെ.

പിന്നെയും ഇണക്കുയില്‍ പിണങ്ങിയല്ലോ' എന്ന ജയചന്ദ്രനും ജാനകിയും ചേര്‍ന്നു പാടിയ ഗാനം തരംഗമായി

 

1971ല്‍ വിന്‍സെന്റിന്റെ തന്നെ ആഭിജാത്യത്തില്‍ ഭാസ്‌കരനും ഉമ്മറും വീണ്ടുമൊന്നിച്ചു. ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍ തപസിരുന്ന ആട്ടിടയനും മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്‌ണനുമൊക്കെ മലയാളക്കരയില്‍ പാട്ടിന്റെ പാലാഴി തീര്‍ത്തു. പ്രണയവും ഭക്തിയും ചേര്‍ത്തു വച്ച മെലഡികള്‍. അടൂര്‍ ഭാസിയും അമ്പിളിയും പാടിയ 'തള്ള്‌ തള്ള്‌ തള്ളാക്കു വണ്ടി'യിലൂടെ ഹാസ്യവും വഴങ്ങുമെന്ന്‌ ഉമ്മര്‍ തെളിയിച്ചു. ആഭിജാത്യം ഒരു തുടക്കമായിരുന്നു. മലയാള സിനിമയിലെ ഉമ്മര്‍ യുഗത്തിന്റെ തുടക്കം.

ഉത്സവം എന്ന അക്കാലത്തെ ന്യൂജനറേഷന്‍ ചിത്രത്തിലൂടെയാണ്‌ പൂവച്ചല്‍ ഖാദര്‍- എ ടി ഉമ്മര്‍ കൂട്ടുകെട്ടിന്റെ പിറവി. സ്വയംവരത്തിനു പന്തലൊരുക്കി, ആദ്യസമാഗമ ലജ്ജ എന്നിവയില്‍ തുടങ്ങി പില്‍ക്കാലത്തു 141 ഗാനങ്ങളാണ്‌ ഇരുവരും ചേര്‍ന്നു സൃഷ്ടിച്ചത്‌.

ഒരു പ്രത്യേക കൂട്ടുകെട്ടിന്റെയും ഭാഗമല്ലായിരുന്നു ഉമ്മറിന്റെ സിനിമാക്കാലം.

ബിച്ചു തിരുമലയും ശ്രീകുമാരന്‍ തമ്പിയും സത്യന്‍ അന്തിക്കാടും മങ്കൊമ്പു ഗോപാലകൃഷ്‌ണനും യൂസഫലി കേച്ചേരിയും ഭരണിക്കാവ്‌ ശിവകുമാറുമൊക്കെ അക്ഷരക്കൂട്ടുകളുമായി ഉമ്മറിനൊപ്പം ഒരുമിച്ചപ്പോഴൊക്കെ മലയാളത്തില്‍ ഭാവ- സംഗീത വസന്തം വിടര്‍ന്നു.

അപ്പന്‍ തച്ചേത്തിന്റെ വരികള്‍ക്ക്‌ ദര്‍ബാരി കാനഡയില്‍ ചിട്ടപ്പെടുത്തിയ ദേവീനിന്‍ചിരിയില്‍ (രാജപരമ്പര) എങ്ങനെ മറക്കാനാണ്‌? സത്യന്‍ അന്തിക്കാടിന്റെ ഒരു നിമിഷം തരൂ എന്ന ഗാനം ഇന്നും മനസ്സില്‍ കൊളുത്തി വലിക്കുന്നതും ഈണത്തിന്റെ പ്രത്യേകത തന്നെ.

ബിച്ചുതിരുമലയുടെ നീലജലാശയത്തില്‍ നീരാടുന്ന ഹംസ ഭാവനകളെ എസ് ജാനികയുടെ മധുരസ്വരത്തില്‍ ലയിപ്പിച്ചു ചേര്‍ത്ത പ്രതിഭയെ എന്തു പേരിട്ടു വിളിക്കണം.

ഭാര്യയുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു കുറ്റങ്ങള്‍ സമ്മതിക്കുന്ന ഭര്‍ത്താവിന്റെ മുഖം (അഭിമാനം, ശ്രീകുമാരന്‍ തമ്പി), വളര്‍ന്നു വലിയവനാകുന്ന മകനെ കിനാവുകാണുന്ന അമ്മ (അവളുടെ രാവുകള്‍, ബിച്ചു തിരുമല), കൊമ്പില്‍ കിണുക്കു കെട്ടിയ കാളകളെയും കൊണ്ടു നാട്ടുവഴികളിലൂടെ, കണ്ണില്‍ വിളക്കും വച്ച് പെണ്ണൊരുത്തി കാത്തിരിക്കുന്ന കൂരയിലേക്കു പോകുന്ന വണ്ടിക്കാരന്‍ (കരിമ്പന, ബിച്ചു), കാറ്റുതാരാട്ടുന്ന കിളിമരത്തോണിയിലേറിയ കമിതാക്കള്‍ (അഹിംസ, ബിച്ചു) തുടങ്ങി എത്രയെത്ര മലയാളി ജീവിതങ്ങള്‍ക്കാണ്‌ ഉമ്മര്‍ ശബ്ദവും സംഗീതവും നല്‍കിയത്‌.

മൂന്നരപ്പതിറ്റാണ്ടു മുമ്പുള്ള കേരളീയ ഗ്രാമീണ ജീവിതങ്ങളുടെ നേര്‍ക്കാഴ്‌ചയായിരുന്നു ഭൂരിപക്ഷം എ ടി ഉമ്മര്‍ ഗാനങ്ങളും. ലളിത ജീവിതങ്ങളുടെ മേല്‍ മധുര സംഗീതം കൊണ്ട്‌ വെറുതെ തൊടുകയായിരുന്നില്ല അദ്ദേഹം.

ആധുനികതയുടെ അത്ര സങ്കീര്‍ണമല്ലാത്ത നേര്‍ത്ത സങ്കേതങ്ങളാണ്‌ ഉമ്മറിന്റെ മിക്ക ഈണങ്ങളെയും വേറിട്ടതാകുന്നത്‌. ശ്യാമും കെ ജെ ജോയിയുമൊക്കെ മലയാള ചലച്ചിത്രഗാന ശാഖയില്‍ തുടങ്ങി വച്ച പാശ്ചാത്യ സംഗീതത്തില്‍ അധിഷ്ഠിതമായ ഈണക്കൂട്ടുകളുടെ അംശങ്ങള്‍ ഉമ്മര്‍ ഗാനങ്ങളിലും കാണാം.

എണ്‍പതുകളുടെ തുടക്കത്തില്‍ത്തന്നെ മലയാളത്തിലെ ആദ്യരണ്ടു തലമുറകളിലെ സംഗീതസംവിധായകരില്‍ പലരും അണിയറയിലേക്ക്‌ ഒതുങ്ങിയപ്പോള്‍ തൊണ്ണൂറുകളുടെ ആദ്യപകുതി വരെ സിനിമാ ലോകത്ത്‌ സാനിധ്യമറിയിക്കാന്‍ എ ടി ഉമ്മറിനു കഴിഞ്ഞതും വെറുതെയല്ല.

 

 

 

click me!