'അബ്രഹാമിന്‍റെ സന്തതികള്‍' പുതിയ തുടക്കം? മമ്മൂട്ടി വിജയവഴിയില്‍ തുടരുമോ എന്ന് ഈ ഏഴ് സിനിമകള്‍ തീരുമാനിക്കും

Web Desk |  
Published : Jun 18, 2018, 02:44 PM ISTUpdated : Jun 29, 2018, 04:20 PM IST
'അബ്രഹാമിന്‍റെ സന്തതികള്‍' പുതിയ തുടക്കം? മമ്മൂട്ടി വിജയവഴിയില്‍ തുടരുമോ എന്ന് ഈ ഏഴ് സിനിമകള്‍ തീരുമാനിക്കും

Synopsis

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ചിത്രം ബോക്‍സ്ഓഫീസില്‍ വിജയം നേടുന്നു വരാനിരിക്കുന്നത് മമ്മൂട്ടിക്ക് പ്രതീക്ഷയുള്ള ഏഴ് പ്രോജക്ടുകള്‍

മമ്മൂട്ടിക്ക് ഇത് എന്തുപറ്റി? ബോക്‍സ്ഓഫീസില്‍ ചില ആശ്വാസജയങ്ങളൊഴിച്ചാല്‍ അദ്ദേഹത്തിലെ അനുഭവപരിചയമുള്ള അഭിനേതാവിനെ പരിഗണിക്കാത്ത ചിത്രങ്ങള്‍ തുടര്‍ച്ചയായി എത്തിക്കൊണ്ടിരുന്നപ്പോള്‍ പ്രേക്ഷകര്‍ ചോദിച്ച ചോദ്യമാണിത്. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ല എന്ന വിമര്‍ശനം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ മിക്ക മമ്മൂട്ടി റിലീസുകള്‍ക്ക് പിന്നാലെയും ഉണ്ടാവാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിക്കുന്ന ആരാധക പിന്തുണ എന്തുകൊണ്ട് തീയേറ്ററിലേക്ക് എത്തുന്നില്ല എന്നതൊക്കെ ആ പ്ലാറ്റ്ഫോമില്‍ത്തന്നെ ചര്‍ച്ചയായിട്ടുണ്ട്. പരാജയകാലത്ത് ഭേദപ്പെട്ട ബോക്‍സ്ഓഫീസ് വിജയം എന്ന നിലയില്‍ ഗ്രേറ്റ് ഫാദര്‍ ഒഴിച്ചാല്‍ കഴിഞ്ഞവര്‍ഷമിറങ്ങിയ മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നതില്‍ പരാജയപ്പെട്ടവയാണ്. എന്നാല്‍ ഇടക്കാലത്ത് തനിക്ക് കൈമോശം വന്ന പ്രേക്ഷകപ്രീതി മമ്മൂട്ടി തിരിച്ചുപിടിക്കാനൊരുങ്ങുന്നതിന്‍റെ സൂചനകള്‍ ലഭിച്ചുതുടങ്ങുകയാണ് ഇപ്പോള്‍. മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രേക്ഷകര്‍ മോശം പറയാത്ത ചിത്രമായിരുന്നു ജോയ് മാത്യുവിന്‍റെ അങ്കിള്‍. ഇപ്പോള്‍ അബ്രഹാമിന്‍റെ സന്തതികള്‍ വരുമ്പോള്‍, ആദ്യദിവസങ്ങളിലെ പ്രകടനം വച്ച് സാധാരണ സോഷ്യല്‍ മീഡിയയില്‍ മാത്രം പ്രതിഫലിക്കുന്ന 'ആരാധന' തീയേറ്ററിലേക്കും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് ഫുട്ബോളിനെയും മഴയെയുമൊക്കെ മറികടന്ന് റിലീസ് സെന്‍ററുകളിലൊക്കെ ചിത്രത്തിന് മികച്ച പ്രതികരണമുണ്ട്. ആരാധകരെ ആവേശം കൊള്ളിക്കുന്ന ചിത്രം എന്നതിനപ്പുറത്ത് മമ്മൂട്ടിയിലെ അഭിനേതാവിനെ പരിഗണിക്കുന്ന ചിത്രം എന്നും അഭിപ്രായം ലഭിക്കുന്നു അബ്രഹാമിന്‍റെ സന്തതികള്‍ക്ക്. ചിത്രം നേടുന്ന ബോക്സ് ഓഫീസ് വിജയത്തിന്‍റെ വലുപ്പത്തെക്കുറിച്ച് ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിക്കാനാകില്ലെങ്കിലും ഒരു വ്യത്യാസം തിരിച്ചറിയാനാവും. മമ്മൂട്ടി എന്ന താരത്തിന്, നടന് നേരിടേണ്ടിവരുന്ന വിമര്‍ശനങ്ങള്‍ കുറവാണ് ഇവിടെ. അബ്രഹാമിലൂടെ മമ്മൂട്ടി തിരിച്ചുപിടിക്കാനൊരുങ്ങുന്ന ജനപ്രീതിക്ക് തുടര്‍ച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് താഴെ പറയുന്ന പ്രോജക്ടുകള്‍ മറുപടി പറയും. അത്തരത്തിലൊരു (പ്രേക്ഷകപ്രീതിയിലേക്കും ബോക്‍സ്ഓഫീസ് വിജയത്തിലേക്കുമുള്ള) മടങ്ങിവരവ് മമ്മൂട്ടി നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

വരാനിരിക്കുന്ന പ്രോജക്ടുകള്‍

മാമാങ്കം, ഉണ്ട, കുട്ടനാടന്‍ ബ്ലോഗ്, ബിലാല്‍ കൂടാതെ അന്‍വര്‍ റഷീദിന്‍റെയും വൈശാഖിന്‍റെയും സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളും മമ്മൂട്ടിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളാണ്. 

മാമാങ്കം

താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയെന്ന് പ്രഖ്യാപനത്തിന്‍റെ വേളയില്‍ മമ്മൂട്ടി പറഞ്ഞ സിനിമയാണ് മാമാങ്കം. വള്ളുവനാട്ടിലെ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തിന്‍റെ തിരക്കഥ പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണത്തിലൂടെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ സജീവ് പിള്ള പൂര്‍ത്തിയാക്കിയത്. വേണു കുന്നംപിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രണ്ട് ഷെഡ്യൂളുകള്‍ മംഗലാപുരത്തും കൊച്ചിയിലുമായി പൂര്‍ത്തിയായി. ഇനി മൂന്ന് ഷെഡ്യൂളുകള്‍ കൂടിയുണ്ട്. തിരുനാവായ മറ്റൊരു ലൊക്കേഷനാണ്. ജിം ഗണേഷ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സ് നിര്‍വ്വഹിക്കുന്നത് ബാഹുബലി ടീമാണ്. വലിയ മുതല്‍മുടക്കിലാണ് ചിത്രത്തിന്‍റെ സെറ്റുകള്‍. വീരയോദ്ധാക്കളായ നായകന്മാരുടെ കഥകളില്‍ മമ്മൂട്ടി മുന്‍പും ശോഭിച്ചിട്ടുണ്ട്. വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമൊക്കെ ഉദാഹരണം. അക്കൂട്ടത്തിലേക്ക് ഇടംപിടിക്കാനാണ് മാമാങ്കത്തിന്‍റെയും ഒരുക്കം. മമ്മൂട്ടിയെ അഭിനേതാവിനും വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഒന്നിലധികം ഗെറ്റപ്പുകള്‍ ഉള്ളതായും അറിയുന്നു. ചിത്രം ഈ വര്‍ഷം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി.

ഉണ്ട

പ്രഖ്യാപനസമയത്ത് പേരിലൂടെ ശ്രദ്ധ പിടിച്ച ചിത്രം. അനുരാഗ കരിക്കിന്‍വെള്ളം എന്ന വിജയചിത്രം ഒരുക്കിയ ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം. സംവിധാനത്തിന് പുറമെ നിര്‍മ്മാതാവായപ്പോഴും വന്‍ വിജയങ്ങള്‍ മാത്രം സ്വന്തമായുള്ള അന്‍വര്‍ റഷീദാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നക്‍സല്‍ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രത്തിന്‍റേതെന്നാണ് വിവരം. കേരളത്തിന് പുറത്താവും ചിത്രീകരണം. 

യാത്ര

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം. മഹി പി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക നയന്‍താര. വൈഎസ്ആറിന്‍റെ 1999 മുതല്‍ 2004 വരെയുള്ള ജീവിതകാലത്തിലേക്കാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. മമ്മൂട്ടിയിലെ നടന് വെല്ലുവിളി ഒരുക്കുന്ന മറ്റൊരു കഥാപാത്രമാകുമെന്ന് കരുതപ്പെടുന്നു. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 

ബിലാല്‍

മലയാളത്തിലെ പോപ്പുലര്‍ സൂപ്പര്‍താര സിനിമകളുടെ ഫോര്‍മാറ്റിലേക്ക് പുതിയ ഭാവുകത്വം കൊണ്ടുവന്ന സിനിമ. തീയേറ്ററിലെത്തിയപ്പോള്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വാദനത്തിന് പ്രാപ്യമായില്ലെങ്കിലും പില്‍ക്കാലത്ത് ഒരുതരം കള്‍ട്ട് സ്റ്റാറ്റസ് നേടി. അമല്‍ നീരദിന്‍റെ അരങ്ങേറ്റചിത്രമായ ബിഗ് ബിയുടെ സീക്വലാണ് ബിലാല്‍. തീയേറ്ററില്‍ കാലത്തിന് മുന്നേ എത്തിയ ബിഗ് ബിയിലെ നായകന്‍ റിയലിസം സ്വീകരിക്കപ്പെടുന്ന കാലത്ത് പുനരവതരിക്കുമ്പോള്‍ എങ്ങനെയുണ്ടാവുമെന്നത് കൗതുകമാണ്. അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും.

വൈശാഖ് ചിത്രം

പുലിമുരുകന്‍റെ അഭൂതപൂര്‍വ്വമായ വിജയത്തിന് പിന്നാലെ വൈശാഖ് അനൗണ്‍സ് ചെയ്ത പല പ്രോജക്ടുകളില്‍ ഒന്നാണ് മമ്മൂട്ടിയുടെ രാജ 2. എന്നാല്‍ രാജ 2ന് മുന്‍പ് മറ്റൊരു മമ്മൂട്ടി ചിത്രം ആലോചിക്കുന്നുണ്ടെന്ന് വൈശാഖ് ഈ വര്‍ഷം തുടക്കത്തില്‍ വെളിപ്പെടുത്തി. മറ്റ് പല പ്രോജക്ടുകളുടെ ആലോചനകളിലും തിരക്കുകളിലുമുള്ള വൈശാഖ് ഈ പ്രോജക്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

കുട്ടനാടന്‍ ബ്ലോഗ് 

സേതുവിന്‍റെ തിരക്കഥ, സംവിധാനം. പൂര്‍ണമായും കുട്ടനാട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലെ ഒരു ബ്ലോഗെഴുത്തുകാരന്‍റെ കഥ പറയുന്നു. പൂര്‍ണമായും സിങ്ക് സൗണ്ടില്‍ പൂര്‍ത്തിയാക്കിയ ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും.

അന്‍വര്‍ റഷീദ് ചിത്രം

മമ്മൂട്ടിയെ നായകനാക്കി അരങ്ങേറിയ സംവിധായകനാണ് അന്‍വര്‍ റഷീദും. 2005 ല്‍ പുറത്തെത്തിയ രാജമാണിക്യം കൂടാതെ 2008ല്‍ റിലീസ് ചെയ്ത അണ്ണന്‍ തമ്പിയും ഈ ടീമിന്‍റേതായി ഉണ്ട്. മമ്മൂട്ടിക്കൊപ്പം ഇനിയൊരു സിനിമ എന്നെന്ന ചോദ്യം അന്‍വര്‍ അഭിമുഖങ്ങളില്‍ സ്ഥിരം നേരിടുന്നതാണ്. അത്തരമൊരു ആലോചന സജീവമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സംവിധാനം ചെയ്യുന്ന ട്രാന്‍സിന്‍റെ തിരക്കുകളിലാണ് ഇപ്പോള്‍ അന്‍വര്‍. അതിനുശേഷം മമ്മൂട്ടി ചിത്രത്തിന്‍റെ കൂടുതല്‍ ആലോചനകളിലേക്കും പ്രോജക്ട് ഡിസൈനിങ്ങിലേക്കും കടന്നേക്കും.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്‍റെ റാപ്പിന് പ്രശ്നമുണ്ട്, ലിറിക്സ് സിസ്റ്റത്തിന് എതിരാ..'; ത്രസിപ്പിച്ച് ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ', ട്രെയിലർ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി