
തിരുവനന്തപുരം: തന്റെ അസാന്നിധ്യം ചലച്ചിത്ര മേളയെ ബാധിച്ചിട്ടില്ലെന്ന് അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. താൻ ഇവിടെ ഇല്ലായിരുന്നു എന്നേയുള്ളൂവെന്നും വെർച്വൽ ആയി ഓരോ നിമിഷവും മേളയുടെ സംഘാടനത്തിൽ ഉണ്ടായിരുന്നുവെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. ലണ്ടനിലെ അസൈൻമെൻ്റ് നേരത്തെ തന്നെ സർക്കാരിനെ അറിയിച്ചിരുന്നു. ചില വിദേശ സംവിധായർക്ക് കേന്ദ്രം വിസ നിഷേധിച്ചുവെന്നും വിദേശകാര്യ നയവുമായി ബന്ധപ്പെട്ട കാരണമാണ് പറഞ്ഞതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അക്കാദമി ചെയർമാൻ. മേള നടക്കുമ്പോൾ അക്കാദമി ചെയർമാൻ സ്ഥലത്തില്ലാതിരുന്നത് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ഐ ആൻ്റ് ബി വാക്കാൽ അനുമതി നൽകിയെന്ന് പറഞ്ഞ പല സിനിമകളും ലിസ്റ്റ് വന്നപ്പോൾ ഉണ്ടായിരുന്നില്ല. ആദ്യം 187 സിനിമകൾക്കും അനുമതി നൽകിയില്ല. വ്യക്തിപരമായി ഇടപെട്ടാണ് അവസാന നിമിഷം അനുമതി വാങ്ങിയെടുത്തത്. ബ്യൂറോക്രസിയുടെ കാലതാമസം ഉണ്ടായി. കേരള സർക്കാർ ഒറ്റ രാത്രി കൊണ്ട് ഒരു രാഷ്ട്രീയ നിലപാടെടുത്തത് കൊണ്ടാണ് 6 സിനിമകൾ ഒഴിച്ചുള്ളവയ്ക്ക് അനുമതി നൽകിയത്. ആറ് സിനിമകളാണ് ഞങ്ങൾ പ്രദർശിപ്പിക്കാതെ ഇരുന്നത്. അത് ഇന്ത്യയുടെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട കാര്യമാണ്. അത് അംഗീകരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. പിടി കുഞ്ഞഹമ്മദിന്റെ കാര്യത്തിൽ അക്കാദമി വീഴ്ച്ച വാരിത്തിയിട്ടില്ലെന്നും കാലതാമസം ഇല്ലാതെ നടപടി എടുത്തുവെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രതിസന്ധിയിൽ കേന്ദ്ര വിലക്കിന് വഴങ്ങി കേരളം. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്ന ആറ് ചിത്രങ്ങളാണ് കേന്ദ്രം വിലക്കിയത്. ഓൾ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്ലെയിംസ്, ഈഗ്ൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങൾക്കാണ് വിലക്കുണ്ടായിരുന്നത്. ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദേശം നൽകി. ഈ ചിത്രങ്ങൾക്ക് സെൻസർ ഇളവ് അനുവദിക്കാനാകില്ലെന്നാണ് മന്ത്രാലയം അറിയിരിക്കുന്നത്. ഈ നിർദേശം ചീഫ് സെക്രട്ടറി ചലച്ചിത്ര അക്കാദമിക്ക് കൈമാറുകയായിരുന്നു.
നേരത്തെ എല്ലാ ചിത്രങ്ങളെയും മുൻ നിശ്ചയിച്ച പ്രകാരം പ്രദർശിപ്പിക്കാനുള്ള നിർദേശം സംസ്ഥാന സർക്കാർ ചലച്ചിത്ര അക്കാദമിക്ക് നൽകിയിരുന്നു. കേന്ദ്രം വിലക്കിയ ഈഗ്ൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങളുടെ പ്രദർശനം ഇന്നലെ കഴിഞ്ഞിരുന്നു. അതിനുശേഷം ഇന്നലെ രാത്രിയോടെയാണ് ചിത്രങ്ങൾക്ക് വിലക്ക് നൽകിക്കൊണ്ടുള്ള ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്. ഇതോടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേരളം പിറകോട്ട് പോവുകയായിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ