
കോഴിക്കോട്: നാട്യങ്ങള്‍ ഇല്ലാതെ, സൗമ്യ സാന്നിധ്യമായ് പതിറ്റാണ്ടുകളോളം കോഴിക്കോടിന്റെ നാടക-സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു കെ.ടി.സി അബ്ദുള്ള. ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ നിരവധി ചലച്ചിത്രങ്ങളില്‍ മുഖംകാണിച്ച അബ്ദുള്ളക്ക വലിയൊരു സൗഹൃദവലയത്തിന്റെ ഉടമകൂടിയായിരുന്നു. അറുപതുകളില്‍ കോഴിക്കോട് തുടങ്ങിയ യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാദമിയിലൂടെയാണ് കെ ടി സി അബ്ദുള്ള നാടകാഭിനയ രംഗത്തേക്ക് വരുന്നത്.
കെപി ഉമ്മര്‍, മാമുക്കോയ തുടങ്ങിയവരുടെ കൂടെ അമച്വര്‍ നാടകങ്ങളിലൂടെയായിരുന്നു തുടക്കം. രാമുകാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അബ്ദുള്ള ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. നാല്പത്തിയഞ്ചില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം അറബിക്കഥ, നോട്ട്ബുക്ക്, യെസ് യുവര്‍ ഓണര്‍, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. കാണാക്കിനാവിലെ അധ്യാപകന്‍, കാറ്റത്തെ കിളിക്കൂടിലെ റിക്ഷക്കാരന്‍, അറബിക്കഥയിലെ അബ്ദുക്ക, യെസ് യുവര്‍ ഓണറിലെ കുഞ്ഞമ്പു, ഗദ്ദാമയില ഗള്‍ഫുകാരന്‍. തുടങ്ങിയവ എന്നും ഓര്‍മ്മിക്കപ്പെടുന്ന വേഷങ്ങളാണ്.
1959-ല്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനി (കെ.ടി.സി.)യില്‍ ചേര്‍ന്നതിന് ശേഷമാണ് കെ.ടി.സി. അബ്ദുള്ളയായത്. 1959-ലാണ് അബ്ദുള്ള കെ.ടി.സി. യില്‍ ജോലിയില്‍ പ്രവേശിച്ചത്. പി വി ഗംഗാധരനുമായുള്ള അടുപ്പം അദ്ദേഹത്തെ സിനിമയുമായ് ബന്ധിപ്പിച്ചു നിര്‍ത്തി. റേഡിയോനാടകരംഗത്ത് 'എ ഗ്രേഡ്' ആര്‍ട്ടിസ്റ്റായിരുന്നു അബ്ദുള്ളയ്ക്ക് പകിട്ടേറിയ നാടക പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ആദ്യനാടകത്തില്‍ സ്ത്രീവേഷമാണവതരിപ്പിച്ചത്. എ.കെ. പുതിയങ്ങാടിയുടെ 'കണ്ണുകള്‍ക്ക് ഭാഷയുണ്ട്' എന്ന നാടകം മലബാര്‍ നാടകോത്സവത്തില്‍ അവതരിപ്പിച്ചപ്പോള്‍ നടി എത്താതായപ്പോള്‍ പെണ്‍വേഷമണിയേണ്ടി വന്ന കഥ അദ്ദേഹം അയവിറക്കുമായിരുന്നു.
പിന്നീട് പി.എന്‍.എം. ആലിക്കോയയുടെ 'വമ്പത്തി നീയാണ് പെണ്ണ്' എന്ന നാടകത്തിലും സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു. ടെലിവിഷന്‍ പരമ്പരകളിലുള്‍പ്പൈ ചെറിയ വേഷങ്ങള്‍ ചെയ്ത കെ ടി സി അബ്ദുള്ള നിറഞ്ഞ പുഞ്ചിരിയിലൂടെ എന്നും കോഴിക്കോടിന്റെ സഹൃദയലോകത്തെ അടുപ്പിച്ചു നിര്‍ത്തി. പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന മൊഹബ്ബത്തില്‍ കുഞ്ഞബ്ദുള്ളയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് അദ്ദേഹം വിട്ടകലുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ