'ഇത് എന്തൊരു തെരഞ്ഞെടുപ്പാണ് മമ്മൂക്കാ'; പേരന്‍പിനെയും യാത്രയെയും കുറിച്ച് സൂര്യ

By Web TeamFirst Published Feb 11, 2019, 11:00 AM IST
Highlights

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച 'പാപ്പ' എന്ന കൗമാരക്കാരിയുടെ അച്ഛനാണ് പേരന്‍പിലെ മമ്മൂട്ടിയുടെ കഥാപാത്രം. അതേസമയം 22 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിച്ച യാത്ര ആന്ധ്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം പറയുന്ന സിനിമയാണ്.
 

മമ്മൂട്ടിയുടെ സമീപകാല കരിയറില്‍ ഏറ്റവും മികച്ച അഭിപ്രായം നേടുന്ന രണ്ട് സിനിമകള്‍ ഒരേസമയം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം 'പേരന്‍പും' മഹി വി രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം 'യാത്ര'യും. പേരന്‍പിന് തമിഴ്‌നാട്ടിലും യാത്രയ്ക്ക് ആന്ധ്രയിലും തെലുങ്കാനയിലും മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയിലെ നടന്‍ നടത്തിയ മികച്ച തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ നിറയുമ്പോള്‍ തമിഴ് താരം സൂര്യയും അക്കാര്യത്തെക്കുറിച്ച് പറയുകയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് സൂര്യയുടെ പ്രതികരണം.

Recently n now so many feedbacks and what a varied choice .. Thank you team for inspiring us with this truth and purity of cinema! All respects 🙏🙏🙏 pic.twitter.com/qeNndXMRC5

— Suriya Sivakumar (@Suriya_offl)

'ആദ്യം പേരന്‍പും ഇപ്പോള്‍ യാത്രയും. രണ്ട് ചിത്രങ്ങളെക്കുറിച്ചും ഒരുപാട് കേള്‍ക്കുന്നു. എന്തൊരു വൈവിധ്യമുള്ള തെരഞ്ഞെടുപ്പാണ് മമ്മൂക്കാ, ഇത്. ഇരുചിത്രങ്ങളുടെയും പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ കാട്ടിത്തന്ന സത്യത്തിനും സിനിമകളുടെ കലര്‍പ്പില്ലായ്മയ്ക്കും. എല്ലാ ആദരവും', സൂര്യ ട്വിറ്ററിലും ഫേസ്ബുക്കിലും കുറിച്ചു. ഇതിന് പിന്നാലെ സൂര്യയ്ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി ഇത് റീട്വീറ്റ് ചെയ്തു. 'നന്ദി സൂര്യ. നിങ്ങള്‍ക്കും കുടുംബത്തിനും സ്‌നേഹം. ഈ രണ്ട് സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ക്ക് ഒരുപാട് സന്തോഷം പകരും നിങ്ങളുടെ വാക്കുകള്‍', എന്ന് മമ്മൂട്ടിയുടെ മറുപടി.

Thank you Suriya ! Love to you and family ! The teams of both films would be delighted to hear this ! https://t.co/tPpQIFV3u4

— Mammootty (@mammukka)

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച 'പാപ്പ' എന്ന കൗമാരക്കാരിയുടെ അച്ഛനാണ് പേരന്‍പിലെ മമ്മൂട്ടിയുടെ കഥാപാത്രം. ഭാര്യയുടെ അസാന്നിധ്യത്തില്‍ മകളുമൊത്തുള്ള മുന്നോട്ടുപോക്കില്‍ അയാള്‍ നേരിടുന്ന പ്രതിസന്ധികളും മാനസികവ്യഥയുമാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. അതേസമയം 22 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിച്ച യാത്ര ആന്ധ്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം പറയുന്ന സിനിമയാണ്.

click me!