'നടന്ന സംഭവങ്ങള്‍ ആയതുകൊണ്ടല്ലേ തുറന്നു പറഞ്ഞത്'; തനുശ്രീയെ പിന്തുണച്ച് കാജോള്‍

Published : Oct 03, 2018, 11:43 PM IST
'നടന്ന സംഭവങ്ങള്‍ ആയതുകൊണ്ടല്ലേ തുറന്നു പറഞ്ഞത്'; തനുശ്രീയെ പിന്തുണച്ച് കാജോള്‍

Synopsis

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സിനിമാസെറ്റില്‍ വച്ച് ഉപദ്രവിച്ച നടന്റെ പേര് തുറന്ന് പറഞ്ഞ തനുശ്രീ ദത്തയെ പിന്തുണച്ച് ബോളിവുഡ് നടി കാജോള്‍. നടന്ന സംഭവങ്ങള്‍ ആയതു കൊണ്ടാവുമല്ലോ തനുശ്രീ തുറന്നു പറച്ചില്‍ നടത്തിയതെന്ന് കാജോള്‍ പറഞ്ഞു. സിനിമാ മേഖലയില്‍ ലൈംഗിക പീഡനം ഉണ്ടെന്നുള്ളത് ഒരു സത്യമാണെന്ന് അവര്‍ പറഞ്ഞു

മുംബൈ:  പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സിനിമാസെറ്റില്‍ വച്ച് ഉപദ്രവിച്ച നടന്റെ പേര് തുറന്ന് പറഞ്ഞ തനുശ്രീ ദത്തയെ പിന്തുണച്ച് ബോളിവുഡ് നടി കാജോള്‍. നടന്ന സംഭവങ്ങള്‍ ആയതു കൊണ്ടാവുമല്ലോ തനുശ്രീ തുറന്നു പറച്ചില്‍ നടത്തിയതെന്ന് കാജോള്‍ പറഞ്ഞു. സിനിമാ മേഖലയില്‍ ലൈംഗിക പീഡനം ഉണ്ടെന്നുള്ളത് ഒരു സത്യമാണെന്ന് അവര്‍ പറഞ്ഞു. അത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിട്ടിട്ടില്ല. പക്ഷേ ഇത്തരം സംഭവങ്ങള്‍ ഇന്‍ഡസ്ച്രിയില്‍ ഉണ്ട്, ഒരു തരത്തിലും പ്രോല്‍സാഹിക്കപ്പെടാവുന്ന ഒന്നല്ല അതെന്നും കാജോള്‍ പറഞ്ഞു. 

2009ല്‍ ഇറങ്ങിയ 'ഹോണ്‍ ഒ.കെ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാന പടേക്കര്‍  തന്നെ ഉപദ്രവിച്ചതെന്നാണ് തനുശ്രീ തുറന്നുപറഞ്ഞത്. സിനിമാമേഖലയില്‍ വച്ച് താന്‍ മോശമായ പെരുമാറ്റത്തിന് ഇരയായി എന്ന് തനുശ്രീ ദത്ത നേരത്തെ പല തവണ പറഞ്ഞിരുന്നു. എന്നാല്‍ അത് ആരെന്ന കാര്യം നടി വ്യക്തമാക്കുന്നത് ഏതാനു ദിവസങ്ങള്‍ക്ക് മുമ്പാണ്. 'സൂം ടിവി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനുശ്രീ ഇക്കാര്യം വെളിപ്പെടുത്തിയത്. 

നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു. 

'അയാള്‍ നടിമാരെ അടിച്ചിട്ടുണ്ട്, പീഡിപ്പിച്ചിട്ടുണ്ട്. ഒരു ബഹുമാനവും ഇല്ലാതെയാണ് സ്ത്രീകളോട് പെരുമാറാറ്. ഇതെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരും ഇക്കാര്യം തുറന്ന് ചര്‍ച്ച ചെയ്യാറില്ല.'- തനുശ്രീ പറയുന്നു. 

വലിയ നടന്മാരുള്‍പ്പെടെ ഇന്‍ഡസ്ട്രിയിലെ എല്ലാവരും ഇത്തരത്തില്‍ മോശം സ്വഭാവമുള്ളവരെ സഹിക്കാന്‍ തയ്യാറുള്ളപ്പോള്‍ ഇന്ത്യന്‍ സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടാകില്ലെന്നും തനുശ്രീ ആരോപിക്കുന്നു. 

'അക്ഷയ് കുമാര്‍ നാന പടേക്കര്‍ക്കൊപ്പം കഴിഞ്ഞ എട്ട് വര്‍ഷത്തിനകം ഒരു പിടി ചിത്രങ്ങള്‍ ചെയ്തു. രജനീകാന്ത്, അദ്ദേഹത്തിന്റെ കാല എന്ന സിനിമയില്‍ നാന പടേക്കര്‍ക്കൊപ്പം അഭിനയിച്ചു. മോശമാണെന്ന് ഉറപ്പുള്ളവരെ ഇത്തരത്തില്‍ മഹാനടന്മാര്‍ പോലും അംഗീകരിക്കുന്ന സാഹചര്യത്തില്‍ എന്ത് മാറ്റം വരാനാണ്! ഇവരെപ്പറ്റിയൊക്കെ അണിയറയില്‍ ഗോസിപ്പുകള്‍ ഉയരും എന്നാല്‍ ആരും ഇവര്‍ക്കെതിരെ ഒന്നും ചെയ്യില്ല. കാരണം അവരുടെയെല്ലാം പി.ആര്‍ ടീം അത്ര ശക്തമാണ്. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്ന ഒരാള്‍ ജീവിതത്തിലും അങ്ങനെയാകണമെന്ന ഒരു തരം നിര്‍ബന്ധമാണ്.' തനുശ്രീ പറയുന്നു. 

'ഹോണ്‍ ഒ.കെ' എന്ന ചിത്രത്തിലെ പാട്ട് രംഗങ്ങളില്‍ അഭിനയിക്കാനെത്തിയ തനുശ്രീ ദത്ത പിന്നീട് സെറ്റില്‍ വച്ച് ഒരു നടന്‍ തന്നെ ഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചിത്രം ഉപേക്ഷിച്ചിരുന്നു. ഇമ്രാന്‍ ഹഷ്മിയോടൊപ്പം അഭിനയിച്ച 'ആഷിഖ് ബനായ' എന്ന ചിത്രമാണ് തനുശ്രീ ദത്തയെ ബോളിവുഡിലും പുറത്തും പ്രശസ്തയാക്കിയത്. 

താന്‍ ലൈംഗിക അതിക്രമത്തിനിരയായി എന്ന് വെളിപ്പെടുത്തി ടിവി അവതാരകയും മോഡലും എഴുത്തുകാരിയുമായ പദ്മ ലക്ഷ്മി രംഗത്തെത്തിയതിന്റെ തൊട്ടുപിന്നാലെയാണ് തനുശ്രീയുടെ തുറന്നുപറച്ചിലും ചര്‍ച്ചയാകുന്നത്.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്