ഈറോഡിൽ നടന്ന ടിവികെ പാർട്ടി പരിപാടിക്കിടെ, അപകടകരമായി ലൈറ്റ് സ്റ്റാൻഡിൽ കയറിയ ആരാധകനെ നടൻ വിജയ് ഇടപെട്ട് താഴെയിറക്കി. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, വിജയിയുടെ ജനനായകന്‍ ജനുവരിയില്‍ റിലീസ് ചെയ്യും.

'ഇന്ത മൂഞ്ചിയെ യാരാവത് പാക്കുമാ', എന്ന് ഒരുകാലത്ത് പറ‍ഞ്ഞവരെ കൊണ്ടുതന്നെ തിരിത്തി പറയിപ്പിച്ച് ആരാധകനാക്കിയ നടനാണ് ദളപതി വിജയ്. പിന്നീട് തമിഴ് സിനിമയുടെ തന്നെ തലവനായി മാറിയ വിജയ് ടോളിവുഡിന്റെ ബോക്സ് ഓഫീസ് ഭരിച്ച കാഴ്ച ഏവരും കണ്ടതാണ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ വിജയ്ക്ക് കേരളത്തിലും ശക്തമായ ആരാധകവൃന്ദം തന്നെയുണ്ട്. നിലവിൽ തന്നെ സ്നേഹിക്കുന്ന ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് താരം. ജനനായകൻ എന്ന സിനിമയ്ക്ക് ശേഷം പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് വിജയ്. ഈ വേളയിൽ കഴി‍ഞ്ഞ ദിവസം നടന്ന പാർട്ടി പരിപാടിയിൽ നിന്നുള്ളൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഈറോഡിൽ വച്ചായിരുന്നു ടിവികെ പാർട്ടിയുടെ പരിപാടി നടന്നത്. പ്രിയ താരത്തെയും നേതാവിനെയും കാണാൻ ഒട്ടനവധി പേരാണ് തടിച്ചുകൂടിയത്. ഇതിനിടെ ​ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ഒരു ആരാധകൻ കയറി. വിജയ് പ്രസം​ഗിച്ചു കൊണ്ടിരിക്കെയാണ് സംഭവം. ലൈറ്റ് സ്റ്റാന്റിന് മുകളിൽ കയറിയ ആരാധകൻ വിജയെ കൈവീശി കാണിക്കുകയും ചുംബനം നൽകുകയും ചെയ്യുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട വിജയ് ആരാധകനോട് താഴെ ഇറങ്ങാൻ ആവശ്യപ്പെടുന്നുണ്ട്. പലതവണ വിജയ് ഇക്കാര്യം പറയുന്നത് വീഡിയോയിൽ കാണാം.

താഴെ ഇറങ്ങിയാൽ മാത്രമെ ചുംബനം തരുള്ളൂവെന്ന് വിജയ് പറയുകയും ചെയ്തു. ഇതോടെയാണ് ആരാധകൻ താഴെ ഇറങ്ങിയത്. പിന്നാലെ സ്നേഹ ചുംബനവും വിജയ് ചിരിച്ച് കൊണ്ട് നൽകുന്നുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ വിജയിയുടെ കരുതലിനെ പ്രശംസിച്ച് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. കരൂർ അപകടം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കിപ്പുറമാണ് കഴിഞ്ഞ ദിവസം ടിവികെ പരിപാടി നടന്നത്.

View post on Instagram

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ചിത്രം 2026 ജനുവരിയിൽ പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തും. പൂജ ഹെഗ്‌ഡെ , ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ , പ്രകാശ് രാജ് ,നരേൻ, പ്രിയാമണി , മമിത ബൈജു , മോനിഷ ബ്ലെസി , വരലക്ഷ്മി ശരത്കുമാർ തുടങ്ങി വലിയ താരനിരയും ജനനായകനിൽ ഉണ്ട്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്