
ചെന്നൈ: മാധ്യമപ്രവർത്തകരും തമിഴ് നടൻ ജീവയും തമ്മിൽ വാക്കേറ്റം. തെന്നിന്ത്യൻ താരം രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് താരം ക്ഷുഭിതനായത്. തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ തമിഴ്സിനിമ ലോകവും പ്രതിരോധത്തിലായിരിക്കുകയാണ്. മലയാള സിനിമാ സെറ്റിൽ കാരവനിൽ ഒളിക്യാമറ വെച്ചതായും നടിമാരുടെ നഗ്ന ദൃശ്യങ്ങൾ ചിലർ പകർത്തുകയും ചെയ്തത് താൻ കണ്ടെന്നുമാണ് രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്.
തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഈ സമയത്ത് മാധ്യമപ്രവർത്തകർ ഹേമ കമ്മിറ്റി റിപ്പോർട്ടും രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലും സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. എന്നാൽ നല്ലൊരു പരിപാടിക്ക് വന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി. വീണ്ടും ചോദ്യം ഉണ്ടായപ്പോഴാണ് തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മറുപടി നൽകിയത്. വീണ്ടും മാധ്യമ പ്രവർത്തകർ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയായിരുന്നു. മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു.
രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്കാണ് തമിഴ്നാട്ടിൽ തുടക്കമിട്ടിരിക്കുന്നത്. അതേസമയം, രാധികയുടെ വെളിപ്പെടുത്തൽ ദേശീയ തലത്തിലും ചർച്ചയാവുകയാണ്. നടിയിൽ നിന്ന് വിവരങ്ങൾ തേടിയിരിക്കുകയാണ് അന്വേഷണ സംഘം. തമിഴ് സിനിമയിൽ ഹേമ കമ്മിറ്റി പോലെയുള്ള നീക്കം വേണമെന്ന ആവശ്യവും ചിലർ ഉന്നയിക്കുന്നുണ്ട്.
മലയാള സിനിമാ ലൊക്കേഷനിലെ കാരവനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും സെറ്റില്‍ പുരുഷന്‍മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ചിരിക്കുന്നുവെന്നും നടുക്കത്തോടെയാണ് രാധികാ ശരത് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയത്. വാര്‍ത്ത കണ്ടയുടന്‍ ഇടപെട്ട പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. രാധികയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്.
അതേസമയം, ഏഷ്യാനെറ്റ് ന്യൂസിലൂടെ രാധിക ശരത്കുമാർ വെളിപ്പെടുത്തിയ മലയാള സിനിമയിലെ ഞെട്ടിക്കുന്ന ദുരനുഭവം ദേശീയ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം രാധികയുടെ വെളിപ്പെടുത്തൽ അതീവ പ്രാധാന്യത്തോടെ ഏറ്റെടുത്തിട്ടുണ്ട്. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ നടിമാരുടെ നഗ്നദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നുമാണ് രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
അർദ്ധരാത്രി വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുവന്ന യുവാവ് ഡ്രിപ്പ് ഇടുന്നതിനിടെ നഴ്സിനെ കടന്നുപിടിച്ചു
താരസംഘടന 'അമ്മ'യുടെ ഓഫീസിൽ വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ സംഘം രേഖകൾ ശേഖരിച്ചു
https://www.youtube.com/watch?v=Ko18SgceYX8
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ