ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിക്ക് ബോക്സ് ഓഫീസ് വിജയം സമ്മാനിക്കുകയാണ് 'സര്‍വ്വം മായ'. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം ലോകമെമ്പാടുമായി നേടിയ കളക്ഷന്‍
മലയാള സിനിമയില്‍ യുവതാരങ്ങളിലെ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് നിവിന്‍ പോളി. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹത്തിന് പറയത്തക്ക ബോക്സ് ഓഫീസ് വിജയങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൃത്യമായി പറഞ്ഞാല്‍ 2019 ല്‍ എത്തിയ ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം. എന്നാല്‍ ആ ബോക്സ് ഓഫീസ് വരള്‍ച്ച നിവിന്‍ പോളി അവസാനിപ്പിച്ചിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ എന്ന ചിത്രത്തിലൂടെയാണ് അത്. ക്രിസ്മസ് ദിനമായ ഇന്നലെ എത്തിയ ചിത്രം അഖില്‍ സത്യന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന ആഗോള കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
അഖില്‍ സത്യനൊപ്പം കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ നിവിന്‍ ഒന്നിക്കുന്നു, ഒപ്പം അജു വര്‍ഗീസും. എന്നിങ്ങനെയായ കാരണങ്ങളാല്‍ പ്രേക്ഷകരില്‍ റിലീസിന് മുന്‍പേ പ്രതീക്ഷ സൃഷ്ടിച്ച ചിത്രമായിരുന്നു സര്‍വ്വം മായ. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം ചിത്രം ജനം ഏറ്റെടുക്കുമെന്ന് ഉറപ്പായിരുന്നു. ആദ്യ ഷോകള്‍ക്കിപ്പുറം അത് സംഭവിച്ചു. സോഷ്യല്‍ മീഡിയയിലും നേരിട്ടും ചിത്രത്തിന് വന്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ചു. അതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പും ആരംഭിച്ചു.
ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം ചിത്രം 3.50 കോടി നേടിയതായാണ് കണക്ക്. ഗള്‍ഫില്‍ നിന്നും 3.05 കോടിയാണ് ട്രാക്കര്‍മാര്‍ പറയുന്ന കണക്ക്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 40 ലക്ഷവും ആദ്യ ദിനം ചിത്രം നേടി. നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലുമൊക്കെ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഇതെല്ലാം ചേര്‍ത്തുള്ള ആഗോള ബോക്സ് ഓഫീസില്‍ ആദ്യ ദിനം ചിത്രം നേടിയിരിക്കുന്നത് 8 കോടിയോളമാണെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. മികച്ച കളക്ഷനാണ് ഇത്. ഇന്നും മികച്ച ഒക്കുപ്പന്‍സിയോടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ടിക്കറ്റ് ഡിമാന്‍ഡിനെത്തുടര്‍ന്ന് കേരളത്തില്‍ ചിത്രത്തിന്‍റെ ഷൗ കൗണ്ട് വര്‍ധിപ്പിച്ചിരുന്നു. ശനി, ഞായര്‍ ദിനങ്ങളിലും ചിത്രം വന്‍ നേട്ടം ഉണ്ടാക്കുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.
ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്. തങ്ങള്‍ കാണാൻ ഏറെ ആഗ്രഹിച്ച രീതിയിലാണ് സംവിധായകന്‍ നിവിൻ പോളി ചിത്രത്തിൽ അവതരിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണം. തമാശകളുടെ മറ്റൊരു ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ച നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്ക് ഉണ്ട്. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു.

