ഷൂട്ടിംഗ് ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്, അയച്ചത് നടി ശീതൾ തമ്പി

Published : Aug 23, 2024, 08:32 AM ISTUpdated : Aug 23, 2024, 12:55 PM IST
ഷൂട്ടിംഗ് ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്, അയച്ചത് നടി ശീതൾ തമ്പി

Synopsis

ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. ഫൂട്ടെജ് സിനിമയിൽ ശീതൾ അഭിനയിച്ചിരുന്നു. ഫുട്ടെജിന്റെ നിർമാതാവ് മഞ്ജു ആണ്‌. 

കൊച്ചി: ഫൂട്ടേജ്  ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടിസ് അയച്ച് നടി ശീതൾ തമ്പി. തനിക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടും ചിത്രത്തിൻ്റെ നിർമാതാവായ മഞ്ജു തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം.  എന്നാൽ നോട്ടീസിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും നടിക്ക് വേണ്ട ചികിത്സ സൗകര്യം ഒരുക്കിയിരുന്നുവെന്നും ഫുട്ടേജിന്റെ നിർമാതാക്കൾ വ്യക്തമാക്കി.

സൈജു ശ്രീധരൻ ഒരുക്കിയ ഫുട്ടേജിന്റെ റിലീസ് ദിനത്തിലാണ് ചിത്രത്തിലെ നടിയും നിർമാതാവുമായ മഞ്ജു വാരിയർക്ക് മറ്റൊരു നടിയായ ശീതൾ തമ്പിയുടെ വകീൽ നോട്ടീസ്. 2023 ലായിരുന്നു ഫുട്ടേജിന്റെ ചിത്രീകരണം. അന്ന് ചിമ്മിനി വന മേഖലയിൽ ഒരു രംഗം ആവർത്തിച്ച് ചിത്രീകരിച്ചപ്പോൾ തനിക്ക് ഗുരുതരമായി പരിക്കേറ്റു. ലൊക്കേഷനിൽ ഉണ്ടായിരുന്നവർ ചുമന്നാണ് തന്നെ ചികിത്സയ്ക്കായി കൊണ്ടു പോയത്. ഒരു ആംബുലൻസോ പ്രഥമ ചികിത്സക്കുള്ള സൗകര്യമോ പോലും ലൊക്കേഷനിൽ ഒരുക്കിയിരുന്നില്ല. തനിക്ക് നേരിട്ട ഗുരുതര പരിക്ക് ഇപ്പോഴും മാറിയിട്ടില്ലെന്നും ഇതു കാരണം സിനിമകളിൽ അഭിനയിക്കാനോ കുറച്ച് സമയം നിൽക്കാനോ പോലും സാധിക്കുന്നില്ലെന്നും ശീതൾ തമ്പി ആരോപിക്കുന്നു.

സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ നടി ശതീൾ തമ്പിക്ക് കോംപ്ലിക്കേറ്റഡായി പരിക്കേറ്റിരുന്നു. ഒരു പ്രാഥമിക ചികിത്സാ സൗകര്യങ്ങളും സെറ്റിലുണ്ടായിരുന്നില്ല. സാധാരണ ​ഗതിയിൽ സ്റ്റണ്ട് ചിത്രീകരിക്കുമ്പോൾ ഡ്യൂപിനെയാണ് ഉപയോ​ഗിക്കുക. എന്നാൽ അവരും മനുഷ്യരല്ലേ. ശീതളിന് വീണ്ടും സ്റ്റണ്ട് ചെയ്തതിനാൽ പരിക്കേൽക്കുകയായിരുന്നുവെന്ന് ശീതൾ തമ്പിയുടെ അഡ്വക്കറ്റ് രഞ്ജിത്ത് മാരാർ പ്രതികരിച്ചു. നേരിട്ട് ആവശ്യപ്പെട്ടിട്ടും സഹായിക്കാത്തതിനാലാണ് വക്കീൽ നോട്ടീസ് അയച്ചതെന്നും ഫൂട്ടേജിൻ്റെ പ്രമോഷൻ വർക്കുകളിലെല്ലാം നടി സഹകരിച്ചുവെന്നും അഡ്വക്കേറ്റ് പറയുന്നു. ഉചിതമായ നഷ്ടപരിഹാരം തരാമെന്ന് പറഞ്ഞ് നൽകിയില്ലെന്നും അഡ്വക്കേറ്റ് കൂട്ടിച്ചേർത്തു. 

ചികിത്സക്ക് എട്ട് ലക്ഷത്തിലേറെ രൂപ ചെലവായി. പല തവണ ആവശ്യപ്പെട്ടിട്ടും തനിക്ക് ആകെ ലഭിച്ചത് ഒന്നേ മുക്കാൽ ലക്ഷം രൂപ മാത്രമാണ്. തന്റെ കരിയറിനെ തന്നെ ബാധിക്കുന്ന സംഭവത്തിൽ അഞ്ചു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സിനിമ ഇറങ്ങുന്ന ദിനം തന്നെ പുറത്തു വന്ന വക്കീൽ നോട്ടീസിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഫുട്ടേജിന്റെ നിർമാതാക്കൾ ആരോപിച്ചു. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ  ശീതൾ ആരോഗ്യത്തോടെ പങ്കെടുത്തുവെന്ന് കാട്ടി ദൃശ്യങ്ങൾ നിർമാതാക്കൾ പുറത്തു വിട്ടു. നോട്ടീസിനു ഉചിതമായ മറുപടി നൽകാനാണ് ഫുട്ടേജ് നിർമാതാക്കളുടെ തീരുമാനം. 

കഴിഞ്ഞ ദിവസം സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പ്രസ്താവനക്കുറിപ്പ് പുറത്തിറക്കിയ ഡബ്ല്യൂസിസി നടപടിയില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യർ രംഗത്തെത്തിയിരുന്നു. 'അനിവാര്യമായ വിശദീകരണം' എന്ന് കുറിച്ചാണ് മ‍ഞ്ജു വാര്യർ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ തങ്ങളുടെ ഒരു സ്ഥാപകാംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഡബ്ല്യുസിസി പ്രസ്താവനയിലൂടെ അറിയിച്ചു. 

 

ഡബ്ല്യുസിസിയുടെ പ്രസ്താവന

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുമ്പോഴും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഞങ്ങളോടൊപ്പം ഈ ആഹ്ലാദത്തിൽ കൂടെ നിന്ന നിങ്ങളെ അറിയിക്കണമെന്ന് കരുതുന്നു. 250 ഓളം പേജുകൾ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങൾക്കിടയിൽ ചർച്ച ചെയ്യുകയും  ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങൾ മനസിലാക്കി അവ പരിഹരിക്കുവാൻ മുൻകൈ എടുക്കുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ മാധ്യമങ്ങളുടെ ഹൈലൈറ്റുകളിൽ "ഡബ്ല്യുസിസി മുൻ സ്ഥാപക അംഗത്തിൻ്റേത്" എന്ന് പറയുന്ന മൊഴികൾക്ക് പിറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ഒട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ കാണുകയുണ്ടായി.  

അതിജീവിതയ്ക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് ഡബ്ല്യുസിസി കരുതുന്നു. മറിച്ച് പറയുന്നത് പുരുഷാധിപത്യത്തിൻ്റെ പൊതു രീതിയാണ്. ഒരു സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേ സമൂഹത്തിലെ അപരിഷ്കൃത ഘടകങ്ങൾ, പ്രസ്തുത വിവരങ്ങൾ  കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ ആവില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്. 

കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി  ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങി നിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടത്.

കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്തെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുന്നതിൽ വനംവകുപ്പിന് മെല്ലെപ്പോക്ക്

https://www.youtube.com/watch?v=Ko18SgceYX8

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ; 'എന്നെ വീട്ടുകാർ മനസിലാക്കുന്നില്ലെ'ന്ന് കുറിപ്പ്
സംവിധായകന്റെ പേര് പോസ്റ്ററിൽ ഇല്ല ! ചർച്ചയായി 'ഒരു ദുരൂഹസാഹചര്യത്തില്‍'