കന്നഡ സീരിയൽ നടി നന്ദിനി സി.എമ്മിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അഭിനയം തുടരാനുള്ള ആഗ്രഹവും, ലഭിച്ച സർക്കാർ ജോലി സംബന്ധിച്ച് വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസവുമാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു.

ബെംഗളൂരു: കന്നഡ സീരിയൽ നടി നന്ദിനി സി.എമ്മിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ കെങ്കേരിയിലെ പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലത്ത് നന്ദിനിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 26 വയസായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെങ്കേരി പോലീസ് സ്‌റ്റേഷനിലെ ഹനുമന്ത ഹാദിമാനിയുടെ നേതൃത്വത്തിലാണ് ആന്വേഷണം.

2025 ഡിസംബർ 28ന് രാത്രി 11:16 നും 29 ന് പുലർച്ചെ 12:30 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് അനുമാനം. സംഭവ സ്ഥലത്തു നിന്നും നന്ദിയുടെ ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യക്തിപരമായ കാരണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇതിൽ നിന്നും മനസിലാകുന്നതെന്നും പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ ജോലി ചെയ്യാൻ താൽപര്യമില്ലെന്നും അഭിനയിക്കാനാണ് ആ​ഗ്രഹമെന്നും നന്ദിനി ഡയറിയിൽ കുറിച്ചിട്ടുണ്ട്. തന്റെ ഫീലിം​ഗ്സ് വീട്ടുകാർ മനസിലാക്കുന്നില്ലെന്നും ഡയറിയിൽ കുറിച്ചിരിക്കുന്നു.

പൊലീസിന്റെ എഫ്ഐആർ ഇങ്ങനെ

2018ൽ ബല്ലാരിയിൽ നിന്നും പിയുസി വിദ്യാഭ്യാസം പൂർത്തിയാക്കിയ ആളാണ് നന്ദിനി. പിന്നീട് എൻജിനീയറിങ് കോഴ്‌സിന് ചേർന്നു. എന്നാൽ അഭിനയത്തോടുള്ള താൽപര്യം കാരണം രാജരാജേശ്വരി നഗറിൽ അഭിനയ പരിശീലനം നേടുകയായിരുന്നു. 2019മുതൽ, നിരവധി കന്നഡ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച നന്ദിനി ബെംഗളൂരുവിലായിരുന്നു ആദ്യം താമസിച്ചിരിക്കുന്നത്. ശേഷം 2025 ഓഗസ്റ്റിൽ കെങ്കേരിയിലേക്ക് താമസം മാറ്റി.

സർക്കാർ ഉദ്യോ​ഗസ്ഥനായ നന്ദിനിയുടെ പിതാവ് 2023ൽ അന്തരിച്ചിരുന്നു. ഈ ജോലി നന്ദിനിക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ അഭിനയം ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. ഇതോടെ വീട്ടിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. ഡിസംബർ 28ന് വൈകുന്നേരം നന്ദിനി തന്റെ സുഹൃത്തായ പുനീതിൻ്റെ വീട്ടിലെത്തിയിരുന്നു. രാത്രി 11:23 മണിയോടെ പിജിയിൽ തിരിച്ചെത്തി. പിന്നീട് പുനീത് പലതവണ നന്ദിനിയെ ഫോൺ വിളിച്ചെങ്കിലും കോൾ എടുത്തിരുന്നില്ല. ഇതോടെ രാത്രി 11.50ന് പുനീത് പിജി മാനേജർ കുമാറിനെയും ഇൻചാർജ് കിരണിനെയും വിവരമറിയിച്ചു. ഇവർ വന്ന് വാതിൽ ഇടിച്ച് തുറന്ന് അകത്തു കയറിപ്പോൾ കണ്ടത് ജനൽ ഗ്രില്ലിൽ ആത്മഹത്യ ചെയ്ത നന്ദിനിയെ ആയിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്