നടന്‍ അജു വര്‍ഗ്ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു

By Web DeskFirst Published Aug 29, 2017, 10:26 PM IST
Highlights

നടന്‍ അജു വര്‍ഗ്ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലായിരുന്നു അറസ്റ്റ്. ഇന്ന് വൈകുന്നേരം 6.30ഓടെയായിരുന്നു അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാല്‍  ഉടന്‍ തന്നെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 228 (എ) വകുപ്പ് ചുമത്തിയാണ് അജു വര്‍ഗ്ഗീസിനെതിരെ കേസെടുത്തിരിക്കുന്നത്.

നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അജു വര്‍ഗ്ഗീസ് വെളിപ്പെടുത്തിയത്. പിന്നീട് പോസ്റ്റ് പിന്‍വലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു. നേരത്തെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും അജുവിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ ഫോണ്‍ ഇപ്പോള്‍ പരിശോഘനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിനിടെ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വര്‍ഗ്ഗീസ് നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന് കാണിച്ച്, ഇരയായ നടി നല്‍കിയ സത്യവാങ്‌മൂലവും അജു വര്‍ഗ്ഗീസിന്റെ ഹര്‍ജിക്കൊപ്പം നല്‍കിയിരുന്നു. അജു വര്‍ഗ്ഗീസും താനും സുഹൃത്തുക്കളാണെന്നും പരാമര്‍ശം ദുരുദ്ദേശപരമായി കാണുന്നില്ലെന്നും സത്യവാങ്‌മൂലത്തില്‍ നടി പറഞ്ഞിരുന്നു. അതുകൊണ്ട് എഫ്.ഐ.ആര്‍ റദ്ദാക്കുന്നതില്‍ വിരോധമില്ലെന്നും ഇരയായ നടി സത്യവാങ്‌മൂലത്തില്‍ ചുണ്ടികാട്ടിയിരുന്നു. എന്നാല്‍ കേസ് റദ്ദാക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

click me!