ഡബ്ല്യുസിസി വിഷയത്തില്‍ 'അമ്മ'യില്‍ ഭിന്നത രൂക്ഷം; മോഹന്‍ലാല്‍ രാജി സന്നദ്ധത അറിയിച്ചു

By Nirmal SudhakaranFirst Published Oct 15, 2018, 6:57 PM IST
Highlights

സംഘടനയുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ ഒരു വര്‍ക്കിംഗ് പ്രസിഡന്റോ അല്ലെങ്കില്‍ സ്ഥിരം വക്താവോ വേണമെന്ന അഭിപ്രായവും മോഹന്‍ലാല്‍ പങ്കുവച്ചു എന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പും ഉച്ചയ്ക്ക് ശേഷം സിദ്ദിഖിന്റെയും കെപിഎസി ലളിതയുടെയും വാര്‍ത്താസമ്മേളനവും നടന്നത്.

ഡബ്ല്യുസിസി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് താരസംഘടനയായ 'അമ്മ'യില്‍ ഭിന്നത രൂക്ഷം. ദിലീപ് വിഷയത്തില്‍ ഓരോ അവസരത്തിലും ആരോപണങ്ങള്‍ തനിക്കുനേരെ വരുന്നതിലുള്ള അസ്വസ്ഥതയും ഒപ്പം രാജി സന്നദ്ധതയും മോഹന്‍ലാല്‍ സുഹൃത്തുക്കളെ അറിയിച്ചതായി 'അമ്മ'യുമായി അടുത്ത വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനെ അറിയിച്ചു. സംഘടനയുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങള്‍ നോക്കാന്‍ ഒരു വര്‍ക്കിംഗ് പ്രസിഡന്റോ അല്ലെങ്കില്‍ സ്ഥിരം വക്താവോ വേണമെന്ന അഭിപ്രായവും മോഹന്‍ലാല്‍ പങ്കുവച്ചു എന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പും ഉച്ചയ്ക്ക് ശേഷം സിദ്ദിഖിന്റെയും കെപിഎസി ലളിതയുടെയും വാര്‍ത്താസമ്മേളനവും നടന്നത്.

ഒറ്റ നോട്ടത്തില്‍ തന്നെ പരസ്പര വൈരുദ്ധ്യമുള്ള കാര്യങ്ങളാണ് ജഗദീഷും സിദ്ദിഖും 'അമ്മ'യുടെ നിലപാടായി മാധ്യമങ്ങളോട് പറഞ്ഞത്. ആക്ഷേപമുയര്‍ത്തിയ വനിതാ അംഗങ്ങളുമായി രമ്യതയിലെത്തണമെന്ന അഭിപ്രായത്തോടുകൂടിയായിരുന്നു ജഗദീഷിന്റെ കുറിപ്പ്. എന്നാല്‍ നേര്‍ വിപരീതമായ അഭിപ്രായമായിരുന്നു സിദ്ദിഖും കെപിഎസി ലളിതയും ചേര്‍ന്നുനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ഉയര്‍ത്തിയത്. ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്കില്ലെന്നും വനിതാ അംഗങ്ങളെ തിരിച്ചെടുക്കണമെങ്കില്‍ മാപ്പ് പറയണമെന്നുമാണ് ഇരുവരും പറഞ്ഞത്. പിന്നാലെ ആരാണ് 'അമ്മ'യുടെ യഥാര്‍ഥ വക്താവ് എന്നതിനെച്ചൊല്ലിയും ഇരുവരും തമ്മില്‍ തര്‍ക്കം നടന്നു. ജഗദീഷ് 'അമ്മ'യുടെ ഖജാന്‍ജി മാത്രമാണെന്നും വക്താവല്ലെന്നും അദ്ദേഹത്തിന്റെ വാര്‍ത്താക്കുറിപ്പ് കണ്ടിട്ടില്ലെന്നുമായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. എന്നാല്‍ മോഹന്‍ലാലിനോട് ചോദിച്ചിട്ടാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത് എന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം.

'അമ്മ' പ്രസിഡന്റ് മോഹന്‍ലാലിനൊപ്പം മുകേഷ്, ജയസൂര്യ, സുധീര്‍ കരമന, ആസിഫ് അലി, ഇടവേള ബാബു എന്നിവര്‍ ഉള്‍പ്പെടെയുള്ള വര്‍ക്ക് ജഗദീഷിനോട് അഭിപ്രായൈക്യം ഉണ്ടെന്ന് അറിയുന്നു. എന്നാല്‍ സിദ്ദിഖ് പറഞ്ഞതിനോട് യോജിപ്പുള്ളവരും സംഘടനയിലുണ്ട്. ഗണേഷ്‌കുമാര്‍, അജു വര്‍ഗീസ്, ടിനി ടോം, ബാബുരാജ് തുടങ്ങിയവര്‍ സിദ്ദിഖിനെ പിന്തുണയ്ക്കുന്നവരാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി സമാഹരിക്കാനായുള്ള 'അമ്മ'യുടെ ഗള്‍ഫ് ഷോയ്ക്ക് പിന്നാലെ രാജി വെക്കാനുള്ള സന്നദ്ധതയാണ് മോഹന്‍ലാല്‍ അടുത്ത സുഹൃത്തുക്കളെ അറിയിച്ചത്.

click me!