
കൊച്ചി: താരങ്ങൾ അവാർഡ് നിശകളിൽ പങ്കെടുക്കരുതെന്ന ഫിലിം ചേംബറിന്റെ നിർദേശം തള്ളി താരസംഘടനായ അമ്മ.വിഷയം ചർച്ച ചെയ്യാൻ കൊച്ചിയിൽ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. ചാനലുകളുമായി പരസ്പര സഹകരണം ആവശ്യമാണെന്നും ഏകപക്ഷീയമായി തീരുമാനം എടുക്കാൻ ആകില്ലെന്നും ആണ് അമ്മയുടെ നിലപാട്.
അവാർഡ് നിശകളിൽ താരങ്ങൾ പങ്കെടുക്കുന്നത് സംബന്ധിച്ച് സിനിമാ സംഘടനകളും അമ്മയും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. സിനിമകളുടെ സാറ്റലൈറ്റ് സംപ്രേഷണാവകാശം ഏറ്റെടുക്കാത്ത ചാനലുകളുടെ പരിപാടികൾ താരങ്ങൾ ബഹിഷ്കരിക്കണം എന്ന ഫിലിം ചേംബറിന്റെ നിലപാടാണ് അഭിപ്രായഭിന്നതയിലേക്ക് നയിച്ചത്.
അവാർഡ് നിശകൾ കൊണ്ട് തങ്ങൾക്ക് ഗുണം കിട്ടുന്നില്ലെന്ന് സിനിമാ സംഘടനകൾ യോഗത്തിൽ ആവർത്തിച്ചപ്പോൾ ഇത്തരം പരിപാടികളിൽ നിന്ന് പിൻമാറാനാകില്ലെന്ന നിലപാടിൽ താരസംഘടനയായ അമ്മ ഉറച്ചു നിന്നു. മൂന്ന് വർഷത്തേക്ക് അവാർഡ് നിശകളിൽ പങ്കെടുക്കരുതെന്ന ചേംബറിന്റെ നിർദേശമാണ് താരസംഘടന തള്ളിക്കളഞ്ഞത്.
ചാനലുകളുമായി പരസ്പരസഹകരണം ആവശ്യമാണ്. ഏകപക്ഷീയമായി തീരുമാനം എടുക്കാനാകില്ലെന്നും അമ്മ ഭാരവാഹികൾ നിലപാടെടുത്തു. മൂന്നു മണിക്കൂർ നീണ്ട യോഗത്തിൽ സിനിമാ സംഘടനകളും അമ്മ ഭാരവാഹികളും തമ്മിൽ തർക്കങ്ങളും ഉണ്ടായി. അമ്മ പ്രസിഡന്റ് ഇന്നസെന്റും അംഗമായ കെ ബി ഗണേഷ് കുമാറും യോഗത്തിനിടെ ഇറങ്ങി പോകുകയും ചെയ്തു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല. ചർച്ച ചെയ്ത് വിഷയത്തിൽ തുടർ തീരുമാനം അറിയിക്കുമെന്ന് നിർമ്മാതാക്കളും വിതരണക്കാരും തീയറ്റർ ഉടമകളും അറിയിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ