ദിലീപിനെതിരായ 'അച്ചടക്കനടപടി' അട്ടിമറിക്കപ്പെടുന്നു; 'അമ്മ'യുടെ മൗനം മുന്‍തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയത്താല്‍

By Web TeamFirst Published Sep 19, 2018, 2:54 PM IST
Highlights

നടിമാര്‍ ചൊവ്വാഴ്ച നല്‍കിയ കത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് 'മീറ്റിംഗ് കൂടട്ടെ' എന്ന് മാത്രമായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്
 

തിരുവനന്തപുരം: ദിലീപിനെതിരേ അച്ചടക്കനടപടി ആവശ്യപ്പെട്ട് നടിമാര്‍ നല്‍കിയ കത്തില്‍ ഒരു മാസത്തിനിപ്പുറവും നിലപാടെടുക്കാതെ 'അമ്മ'. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ നടപടിയും തിരിച്ചെടുത്തതും താരസംഘടനയുടെ നിയമാവലി പ്രകാരമായിരുന്നില്ലെന്നാണ് വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ വനിതാ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ട്. നടിമാര്‍ നല്‍കിയ കത്തിനോട് മൗനം തുടരുകയോ വിഷയം മുഴുവന്‍ അംഗങ്ങളും ഉള്‍പ്പെട്ട ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്ത് അച്ചടക്കനടപടി വേണ്ടെന്ന തീരുമാനം എടുക്കുകയോ ചെയ്യാനാണ് നേതൃത്വത്തിന്റെ ധാരണയെന്ന് അറിയുന്നു.

നടിമാരുടെ കത്ത് പരിഗണിച്ച് 'അമ്മ' നിലപാടെടുക്കാത്തത് ദിലീപിനെതിരായ മുന്‍ തീരുമാനങ്ങളുടെ സാധുത ചോദ്യം ചെയ്യപ്പെടുമോ എന്ന് ഭയന്നാണെന്ന് സംഘടനയിലെ ഒരു വിഭാഗം ആരോപിക്കുന്നു. അമ്മയില്‍ ആജീവനാംഗത്വമുള്ള ആളാണ് ദിലീപ്. അത്തരമൊരു അംഗത്തെ പുറത്താക്കിയെന്ന് പറഞ്ഞതും തിരിച്ചെടുത്തതായി അറിയിച്ചതും വാക്കാല്‍ മാത്രമായിരുന്നു. ഇത് സംഘടനയുടെ ബൈലോ അനുസരിച്ച് നിലനില്‍ക്കില്ലെന്ന കാര്യം പുറത്ത് ചര്‍ച്ചയാവും എന്നതാണ് ഈ വിഷയത്തില്‍ വ്യക്തമായ നിലപാടെടുക്കുന്നതില്‍ നിന്ന് സംഘടനയുടെ നേതൃത്വത്തെ തടയുന്നതെന്ന് താരസംഘടനയില്‍ ഉള്ളവര്‍ തന്നെ വ്യക്തമാക്കുന്നു. 

ദിലീപിനെതിരായ അച്ചടക്കനടപടിയില്‍ വരുന്ന കാലതാമസത്തെക്കുറിച്ച് നടിമാര്‍ ചൊവ്വാഴ്ച നല്‍കിയ കത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് 'മീറ്റിംഗ് കൂടട്ടെ' എന്ന് മാത്രമായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ കൂടിയായ രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവര്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട ബൈലോ ലംഘനം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം അമ്മ പ്രതിനിധികള്‍ക്ക് ചര്‍ച്ചയില്‍ ബോധ്യപ്പെട്ടെങ്കിലും നിയമോപദേശം തേടിയ ശേഷം സംയുക്ത വാര്‍ത്താ സമ്മേളനം നടത്താം എന്നായിരുന്നു വാഗ്ദാനം. വനിതാ അംഗങ്ങളുടെ ആവശ്യത്തിന് വഴങ്ങി കേസില്‍ പ്രതിയായ ദിലീപിനെ പുറത്താക്കിയാല്‍ അമ്മയില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റി ഭയപ്പെടുന്നത്. 

ജനറല്‍ ബോഡി ചേര്‍ന്ന് ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനപരിശോധിക്കേണ്ടതുണ്ടോ എന്ന് ചര്‍ച്ച ചെയ്യാമെന്നാണ് എക്‌സിക്യുട്ടീവ് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ തിലകനെ പുറത്താക്കിയത് എക്‌സിക്യുട്ടീവ് കമ്മിറ്റിയാണെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബൈലോ പ്രകാരം എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് അവകാശമുണ്ടെന്നുമാണ് വനിതാ അംഗങ്ങളുടെ വാദം. നടിമാര്‍ ആവശ്യപ്പെടുന്നത് പ്രകാരമുള്ള, ദിലീപിന്റെ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടികളെക്കുറിച്ച് തീരുമാനം എടുക്കേണ്ടതും ജനറല്‍ ബോഡി ആണെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഇതിന് നിയമസാധുത ഇല്ലെന്ന കാര്യം നേതൃത്വത്തിന് ബോധ്യമുള്ള കാര്യവുമാണ്. ദിലീപിനെതിരായ അച്ചടക്ക നടപടി അടക്കമുള്ള കാര്യങ്ങളില്‍ തുടര്‍ചര്‍ച്ച വേണ്ടെന്നും നേതൃത്വം കരുതുന്നു. അത്തരമൊരു ചര്‍ച്ച നിര്‍ബന്ധിതമാകുന്ന സാഹചര്യത്തില്‍ അത് അമ്മയിലെ എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്ന ജനറല്‍ ബോഡിയില്‍ നടത്താനാണ് നേതൃത്വത്തിന്റെ താല്‍പര്യം. ഇനിയും വനിതാ അംഗങ്ങളുടെ സമ്മര്‍ദ്ദമുണ്ടായാല്‍ ജനറല്‍ ബോഡി ചേര്‍ന്ന് ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനപരിശോധിക്കേണ്ടതില്ല എന്ന് സ്ഥാപിക്കുകയാണ് അമ്മ നേതാക്കളുടെ ലക്ഷ്യമെന്ന് അറിയുന്നു. കേസില്‍ നിരപരാധിത്വം തെളിയുന്നത് വരെ സംഘടനയിലേക്ക് ഇല്ല എന്നാണ് ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദിലീപ് വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് ഗണേഷ് കുമാര്‍ ഉള്‍പ്പെടുന്ന അംഗങ്ങളുടെ നിലപാട്.

click me!