മലയാളത്തില്‍ വില്ലത്തിയായി കയ്യടി നേടി അമ്മു രാമചന്ദ്രന്‍

By Web DeskFirst Published Mar 18, 2017, 10:21 AM IST
Highlights

മലയാളത്തില്‍ പ്രതിനായികാ പരിവേഷമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടി തമിഴ് നടി അമ്മു രാമചന്ദ്രന്‍. കഴിഞ്ഞ ദിവസം തീയേറ്ററിലെത്തിയ ഒരു മലയാളം കളര്‍പടം എന്ന സിനിമയിലാണ് വില്ലത്തിയായി അമ്മു രാമചന്ദ്രന്‍ ശ്രദ്ധേയയാകുന്നത്. ഒരു ഗുണ്ടാ സംഘത്തിന്റെ നേതാവായ സേതു അക്ക എന്ന കഥാപാത്രമായാണ് അമ്മു രാമചന്ദ്രന്‍ ഇതില്‍ അഭിനയിക്കുന്നത്. ഗുണ്ടാത്തലവനായ ഭര്‍ത്താവിനെ കൊന്നവരോട് പകരം ചോദിക്കുന്ന കഥാപാത്രമാണ് സേതു അക്ക.  ഒരു മലയാളം കളര്‍പടം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

അജിത് നമ്പ്യാരാണ് ഒരു മലയാളം കളര്‍പടം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബീമാ പ്രോഡക്ഷന്റെ ബാനറില്‍ സഞ്ജു എസ് സാഹിബ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖം മനു ഭദ്രന്‍ ആണ് ചിത്രത്തിലെ നായകന്‍. അമ്മു രാമചന്ദ്രനു പുറമേ, മികച്ച സഹനടിക്കുള്ള  അവാര്‍ഡ് നേടിയ അഞ്ജലി, ശില്‍പ്പ എന്നിവരാണ് പ്രധാന സ്‍ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിര്‍മല്‍ പാലാഴി, മുരുകന്‍, ലിന്‍സ്, യുവന്‍, ടീന, പഴയകാല നടന്‍ ജോസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ടി ഡി ശ്രീനിവാസ്, മിംഗിള്‍ മോഹന്‍ എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുരളീധരന്‍ പട്ടാന്നൂര്‍, അനില്‍ പുന്നാട് എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. മിഥുന്‍ ഈശ്വര്‍ ആണ് സംഗീതസംവിധായകന്‍. ഹരി രാജാക്കാട് ആണ് എഡിറ്റിംഗ്. കോസ്റ്റ്യൂം ചെയ്‍തിരിക്കുന്നത് ബിജു.

മലയാളത്തിലെ മറ്റ് പ്രധാന വില്ലത്തി കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

സ്‍നേഹം നടിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന സുന്ദരി

തളര്‍ച്ച മൂലം പൂര്‍ണ്ണമായി കിടപ്പിലായ സ്റ്റീഫന്‍ ലൂയിസിനെ പരിചരിക്കാനെത്തുകയാണ് സുന്ദരിയായ ഹോം നേഴ്‍സ്. പക്ഷേ തന്റെ കാമുകന്റെ നിര്‍ദ്ദേശ പ്രകാരം സ്റ്റീഫന്‍ ലൂയിസിനോട് സ്‍നേഹം നടിച്ച് അയാളെ കൊല്ലാന്‍ ശ്രമിക്കുകയാണ്  ഹോം നേഴ്‍സ്. കഥാന്ത്യത്തില്‍ മാത്രമാണ് ഹോം നേഴ്‍സിന്റെ വില്ലത്തരം വെളിവാകുന്നത്. മേഘ്‍നാ രാജാണ് ഹോം നഴ്‍സിനെ അവതരിപ്പിച്ചിരിക്കുന്നത്. അനൂപ് മേനോന്റെ തിരക്കഥയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്‍ത ചിത്രം 2011ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.


പ്രേതബാധയുള്ള വില്ലത്തി

മണിച്ചിത്രത്താഴിലെ ഡോ സണ്ണിയായി മോഹന്‍ലാല്‍ വീണ്ടും എത്തിയ ചിത്രമാണ് ഗീതാഞ്ജലി. ചിത്രത്തിലെ ഇരട്ടസഹോദരിമാരാണ് അഞ്ജലിയും ഗീതയും. ഇതില്‍ ഗീത മരിക്കുന്നു. ഗീതയുടെ പ്രേതബാധയേറ്റ അഞ്ജലിയെ ചികിത്സിക്കാന്‍ ഡോ സണ്ണിയെത്തുന്നു. ശരിക്കും ജീവിച്ചിരിക്കുന്നത് ഗീതയാണെന്നും അഞ്ജലിയല്ലെന്നും ഡോ സണ്ണി കണ്ടെത്തുന്നു. ക്രിമിനല്‍ സ്വഭാവമുള്ള ഗീത ഒരു വാഗ്വാദത്തിനിടയ്‍ക്ക് അഞ്ജലിയെ കൊല്ലുകയാണ് ചെയ്‍തതെന്നും. മറഞ്ഞിരുന്ന വില്ലത്തിയായ ഗീതയെ അവതരിപ്പിച്ചിരിക്കുന്നത് കീര്‍ത്തി സുരേഷ് ആണ്. അഞ്ജലിയെ അവതരിപ്പിച്ചതും കീര്‍ത്തി സുരേഷ് ആണ്. 2013ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്‍തത് പ്രിയദര്‍ശന്‍ ആണ്.

ഇഞ്ചിമ്മൂട് ഗാന്ധാരി

തേന്‍മാവിന്‍ കൊമ്പത്തെ ഇഞ്ചിമ്മൂട് ഗാന്ധാരി മറുവശത്താണ്. ശ്രീകൃഷ്‍ണനെന്ന നാട്ടുപ്രമാണിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രം. പക്ഷേ എന്നും പരാജയപ്പെടാനാണ് ഇഞ്ചിമ്മൂട് ഗാന്ധാരിയുടെ വിധിയെന്ന് മാത്രം. വില്ലത്തിമാരുടെ പതിവു രീതിയിലുള്ളതല്ലെങ്കിലും ചിത്രത്തിലെ പ്രതിനായികയായി തന്നെയാണ് ഇഞ്ചിമ്മൂട് ഗാന്ധാരിയെ അവതരിപ്പിച്ചിരിക്കുന്നതെന്നു പറയാം. സുകുമാരിയാണ് ഇഞ്ചിമ്മൂട് ഗാന്ധാരിയെ അവതരിപ്പിച്ചിരിക്കുന്നത്. 1994ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് പ്രിയദര്‍ശന്‍ ആണ്.


ആരാണ് ശരിക്കും കൊല്ലപ്പെട്ടത്?

നാദിയയും നാദിറയും ഇരട്ട സഹോദരിമാരാണ്. നാദിയ അന്താരാഷ്‍ട്ര ഷൂട്ടിംഗ് താരമാണ്. നാദിറ നര്‍ത്തകിയും. ഒരു ട്രെയിന്‍‌ യാത്രയില്‍ നാദിയ അപകടത്തില്‍ പെടുന്നു. മറ്റു ചിലരും ട്രെയിനില്‍ കൊല്ലപ്പെടുന്നു. കേസ് അന്വേഷിക്കാന്‍ എത്തുന്നത് ഷറഫുദ്ദീന്‍‌ ഐപിഎസ് ആണ്. മറ്റു കൊലപാതകങ്ങള്‍ തെളിയിക്കപ്പെട്ടുവെങ്കിലും വളരെ ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞാകുന്നു നാദിയയ്‍ക്കെതിരെയുള്ള കൊലപാതക ശ്രമം. കേസ് അന്വേഷണത്തിന്‍ ഒടുവില്‍ ആ സത്യം ഷറഫുദ്ദീന്‍‌ ഐപിഎസ് തിരിച്ചറിയുന്നു. നാദിയയല്ല. നാദിറയാണ് അപകടത്തില്‍ പെട്ടത്. ക്രിമിനല്‍ സ്വഭാവമുള്ള നാദിയയെ അവതരിപ്പിച്ചിരിക്കുന്നത് കാവ്യാ മാധവനാണ്. നാദിറയായും വേഷമിട്ടത് കാവ്യാ മാധവന്‍ ആണ്. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം സംവിധാനം ചെയ്‍തത് കെ മധു ആണ്.

click me!