
സിനിമാ സീരിയല്‍ താരങ്ങളെ വ്യാജ പ്രചരണങ്ങള്‍ നടത്തി സമൂഹമാധ്യമങ്ങളില്‍ അപമാനിക്കാറുണ്ട്. ഇത്തരം അപമാനത്തിന് ഇത്തവണ ഇരയായത് അഭിനേത്രിയും അവതാരികയുമായ അനു ജോസഫ് ആണ്. അനു ജോസഫിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്‍റെ സത്യാവസ്ഥ വിശദീകരിച്ച് താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
'വാട്‌സാപ്പില്‍ എന്‍റെ പേരില്‍ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നുന്നുണ്ട്. ഇവരെ അറിയുമോ? ഇവര്‍ അറിയാതെ ഒളി ക്യാമറ വച്ച് എടുത്തതാണ് എന്നു പറഞ്ഞ് ഏതോ ഒരു സ്ത്രീ വസ്ത്രം മാറുന്ന വിഡിയോയാണ് എന്‍റെ പേരില്‍ പ്രചരിക്കുന്നത്. ഈ പോസ്റ്റിനടിയില്‍ എന്‍റെ ഫോട്ടോയും ചേര്‍ത്ത് തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് ഇപ്പോള്‍ ആ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.
വൈഡ് ഷൂട്ട് ആയത് കൊണ്ട് മുഖം വ്യക്തമാണ്. ഏതോ പാവം സ്ത്രീയാണ് വിഡിയോയില്‍ ഉള്ളത്. പക്ഷെ എന്നെ നേരിട്ട് കാണാത്ത ഒരാള്‍ക്ക് ഒരുപക്ഷേ സാമ്യം തോന്നാവുന്ന പോലെ എന്‍റെ അത്ര ഉയരവും രൂപ സാദൃശ്യവുമുള്ള ഒരാളാണ് വിഡിയോയിലുള്ളത്. ഗള്‍ഫില്‍ നിന്നാണ് വിഡിയോ ഷെയര്‍ ചെയ്തത് എന്ന് സംശയമുണ്ട്. അവിടെയുള്ള സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞാണ് ഞാന്‍ വിവരം അറിയുന്നത്. പണ്ടൊരിക്കല്‍ ഇതുപോലെ ഞാന്‍ മരിച്ചു എന്ന് പറഞ്ഞ് വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു.' - അനു ജോസഫ് പറയുന്നു.
'എസ് പി ഓഫീസില്‍ പരാതി കൊടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന് വിഡിയോ കൈമാറിയിട്ടുമുണ്ട്. ഇനി ഷെയര്‍ ചെയ്ത് പോകുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുന്ന വിധത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നാമത്തെ കാര്യം ഞാനെന്നല്ല, ഏത് സ്ത്രീയ്ക്ക് സംഭവിച്ചതായാലും സംഗതി കുറ്റകൃത്യം തന്നെയാണ്. ഒരാള്‍ അറിയാതെ അവരുടെ സ്വകാര്യ വിഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് പ്രചരിപ്പിയ്ക്കുകയും ചെയ്തു എന്നുള്ളതാണ് ഒന്നാമത്തെ കാര്യം.
രണ്ടാമത് ഒരു ബന്ധവുമില്ലാത്ത എന്‍റെ ചിത്രം വച്ച് തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധത്തില്‍ ഇത് പ്രചരിപ്പിച്ചു എന്നതും. ഞാന്‍ വളരെ പബ്ലിക്ക് ആയ ഒരു ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ്. ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമായും എന്നെ മാനസികമായും തൊഴില്‍പരമായും ബാധിക്കും. എനിക്കെന്നല്ല ആര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അതു കൊണ്ടാണ് ഈ വിശദീകരണവുമായി ഞാന്‍ തന്നെ രംഗത്തു വരുന്നത്.' - അനു കൂട്ടിച്ചേര്‍ത്തു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ