പിണക്കം മാറി, അനുജത്തിമാരെ ആശ്വസിപ്പിക്കാന്‍ അര്‍ജുനെത്തി

By Web DeskFirst Published Feb 27, 2018, 9:03 AM IST
Highlights

മുംബൈ: രാജ്യത്തെ സിനിമ പ്രേമികളെ നടുക്കിയ വാര്‍ത്തയായിരുന്നു ശ്രീദേവിയുടെ മരണം. ചലച്ചിത്ര രംഗത്തെ പലരും ശ്രീദേവിക്ക് അനുശോചനം അറിയിക്കാനായി ഭര്‍തൃസഹോദരന്‍ അനില്‍ കപൂറിന്‍റെ വസതിയില്‍ എത്തി. അതില്‍ ബോളിവുഡ് യുവതാരം അര്‍ജുന്‍ കപൂറുമുണ്ടായിരുന്നു. 

 ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്‍റെ ആദ്യവിവാഹത്തിലെ മകനാണ് അര്‍ജുന്‍ കപൂര്‍. 'നമസ്തേ ഇംഗ്ലണ്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അമൃത്‌സറിലായിരുന്ന അർജുൻ, മരണവാര്‍ത്ത അറിഞ്ഞയുടന്‍ മുംബൈയിലെത്തുകയും അര്‍ധസഹോദരിയായ ജാന്‍വിയെ ആശ്വസിപ്പിക്കുകയും ചെയ്തു. 

ബോണിയുടെ ആദ്യഭാര്യ മോനയില്‍ അര്‍ജുന്‍, അന്‍ഷുല എന്നീ മക്കളാണ് ഉള്ളത്. 1990 കളുടെ തുടക്കത്തില്‍ ശ്രീദേവിയുമായി ബന്ധം ആരംഭിച്ച ബോണി ശ്രീദേവി ഗര്‍ഭിണിയായപ്പോള്‍ മോനയേയും മക്കളെയും ഉപേക്ഷിച്ച് പോവുകയായിരുന്നു. മോനയുടെ അമ്മ ശ്രീദേവിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പിന്നീട് മാനസികമായും, സാമ്പത്തികമായും തകര്‍ന്ന മോനയ്‌ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്. 

2012ല്‍ അര്‍ജ്ജുന്‍ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ കാന്‍സര്‍ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാന്‍ അര്‍ജുന്‍ ശ്രമിച്ചുമില്ല. മുന്‍പ് ഒരു അഭിമുഖത്തില്‍ ശ്രീദേവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അര്‍ജ്ജുന്‍ പറഞ്ഞത് ഇങ്ങനെ. "അവര്‍ എന്‍റെ അച്ഛന്‍റെ ഭാര്യയാണ്, എന്റെ അമ്മയല്ല, അവരുടെ കുട്ടികള്‍ എന്‍റെ സ്വന്തം സഹോദരങ്ങളുമല്ല അതിനാല്‍ അവരുടെ ജീവിതത്തേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല, അച്ഛനോടും, ഭാര്യയോടും പല മാനസിക വികാരങ്ങളും എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ അതിലൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. മുന്നോട്ട് പോവുക മാത്രമാണ് ലക്ഷ്യം. എപ്പോഴും എനിക്കൊപ്പം സഹോദരിയുണ്ട്". 

അതേസമയം,  ബോണികപൂറിനെ ദുബായി പോലീസ് ചോദ്യം ചെയ്തു. അപകട മരണമായത് കൊണ്ട് മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാനാണ് സാധ്യതയെന്നാണ് സൂചന. ശ്രീദേവിയുടേത് അപകടമരണമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ബോണി കപൂറിനെ ചോദ്യംചെയ്തത്. കേസന്വേഷിക്കുന്ന ബര്‍ദുബായി പോലീസ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടതായാണ് വിവരം.

മരണസമയത്ത് ബോണി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ ഉണ്ടായിരുന്നു. ദുബായില്‍ വന്നതുമുതല്‍ ശ്രീദേവിയുടെ ചലനമറ്റ ശരീരം ആശുപത്രിയിലേക്കെത്തിച്ചതുവരെയുള്ള കാര്യങ്ങള്‍ പോലീസ് ചേദിച്ചറിഞ്ഞു. അപകടമരണം സംഭവിച്ചാല്‍ കൂടെയുണ്ടായിരുന്നയാളെ ചോദ്യംചെയ്യുകയെന്നത് സാധാരണ നടപടിക്രമമാണ്. പ്രോസിക്യൂഷന്‍റെ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടായാല്‍ ബോണികപൂര്‍ ദുബായില്‍ തുടരേണ്ടിവരും. അങ്ങനെയാണെങ്കില്‍  അദ്ദേഹത്തിന് മൃതദേഹത്തെ അനുഗമിക്കാനാവില്ല. നേരത്തെ ഒമാനില്‍ മലയാളി നഴ്സായ ചിക്കുറോബര്‍ട്ടിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ മൃതദേഹം കയറ്റിവിട്ടെങ്കിലും ഭര്‍ത്താവ് ആറുമാസം പോലീസ് കസ്റ്റഡിയിലായിരുന്നു

click me!