സോഷ്യൽ മീഡിയയിൽ ഉയർന്ന അധിക്ഷേപ കമന്റിന് മറുപടിയുമായി ഗായിക ഗൗരി ലക്ഷ്മി.
പാട്ടുകളിലൂടെയും രാഷ്ട്രീയ നിലപാടുകളിലൂടെയും എപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുന്ന താരമാണ് ഗൗരിലക്ഷ്മി. പാടുന്ന പാട്ടിന്റെ പേരിലും, വസ്ത്രധാരണത്തിന്റെ പേരിലും പലപ്പോഴും അവർ സൈബർ അറ്റാക്കുകളും മറ്റും നേരിടാറുണ്ട്. താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെ മുറിവ് എന്ന പാട്ടിലൂടെ പുറംലോകത്തോട് പറഞ്ഞപ്പോഴും വലിയ രീതിയിൽ അധിക്ഷേപവും സൈബർ അറ്റാക്കുകളും ഗൗരിൽ ലക്ഷ്മി നേരിട്ടിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വന്ന മറ്റൊരു കമന്റിന് മറുപടി നൽകിയിരിക്കുകയാണ് ഗൗരി.
'പാസ്പോർട്ട് ഉണ്ടോ അജ്മാനിൽ ഒരു ജോലി ഒഴിവുണ്ടെന്നും, ദയവ് ചെയ്ത് പാടരുതെന്നും, പാടാനുള്ള കഴിവ് ദൈവം തന്നിട്ടില്ല' എന്നുമായിരുന്നു അധിക്ഷേപ കമന്റ്. ഇതിന് മറുപടിയായാണ് ഗൗരി കമന്റ് ചെയ്തിരിക്കുന്നത്. തനിക്ക് തൊഴിലുണ്ടാക്കി തരാനുള്ള അനിയന്റെ താല്പര്യം തന്റെ ഉള്ളിൽ ഒരുപാട് സന്തോഷമുണ്ടാക്കുന്നെന്നും, ഇടക്ക് അന്യ രാജ്യങ്ങളിൽ പോവാനുള്ള അവസരം തന്റെ തൊഴിൽ നൽകുന്നുണ്ടെന്നും, അനിയൻ സ്വന്തം തൊഴിൽ മേഖലയിൽ സന്തുഷ്ടനാണെന്ന് കരുതുന്നു എന്നുമായിരുന്നു ഗൗരിയുടെ മറുപടി.
"എനിക്ക് തൊഴിലുണ്ടാക്കിത്തരാനുള്ള അനിയന്റെ താല്‍പര്യം എന്റെ ഉള്ളില്‍ ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു. എനിക്ക് നാട് വിട്ടു പോകണ്ട അനിയാ. എനിക്കിഷ്ടമുള്ള ജോലി ചെയ്ത് സന്തോഷമായിട്ട് ഞാന്‍ ജീവിച്ചോളാം. പിന്നെ ഇടയ്ക്ക് അന്യരാജ്യങ്ങളില്‍ പോവാനുള്ള അവസരവും എന്റെ തൊഴില്‍ എനിക്ക് നല്‍കുന്നുണ്ട്. അതുകൊണ്ട് എങ്ങും പോകാന്‍ പറ്റാതെ ഇവിടെ ഞാന്‍ പെട്ട് കിടക്കുവാണ് എന്ന വ്യാധി അനിയന് വേണ്ട. അനിയനും അനിയന്റെ തൊഴില്‍ മേഖലയില്‍ സന്തുഷ്ടനാണെന്ന് വിചാരിക്കുന്നു. അപ്പോ ശരി. കാണാം". ഗൗരി കുറിച്ചു. മറുപടി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും ഗൗരി പങ്കുവച്ചിട്ടുണ്ട്.



