
ബുദ്ധി ജീവിയാകുന്നതിനുളള ഉപദേശവുമായി ഇറങ്ങിയ വ്ലോഗര്‍ ലക്ഷ്മി മേനോന്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച വിഷയമായിരക്കുകയാണ്. ലക്ഷ്മിയുടെ ബുദ്ധിജീവി വീഡിയോക്ക് നിരവധിപേര്‍ മറുപടികളും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ആക്ടിവിസ്റ്റായ ബി. അരുന്ധതി എഴുതിയിരിക്കുന്ന മറുപടി കുറിപ്പും വൈറലായിരിക്കുകയാണ്. ബുദ്ധിജീവികളായി നടിക്കുന്ന സ്ത്രീകളുടെ ലക്ഷണങ്ങള്‍ പറഞ്ഞായിരുന്നു ലക്ഷ്മി മേനോന്‍റെ വീഡിയോ.
അരുന്ധതിയുടെ കുറിപ്പ്
‘ബുദ്ധിജീവി’ വീഡിയോ ഒരു പ്രൊപ്പഗാന്‍ഡ വര്‍ക്കാണ്. വിമര്‍ശിക്കപ്പെടേണ്ടതാണ്.
ലക്ഷ്മി മേനോന്‍റോ വീഡിയോ കൗതുകത്തോടെയാണ് ആദ്യം കണ്ടത്. സ്‌ളീവ് ലെസ്സ് ബ്‌ളൗസും വെട്ടിയ മുടിയുമുള്ള ഫെമിനിസ്റ്റ് ”കൊച്ചമ്മ” കോമഡികളില്‍നിന്ന്, തലേക്കെട്ടും കണ്ണടയുമുള്ള ”ബുദ്ധിജീവി” കോമഡികളിലേക്ക് പൊതുബോധം മാറിയിട്ട് കുറച്ചായല്ലോ. IFFK കാലത്ത് ഇത്തരക്കാരുടെ ആക്രമണം കൂടുകയും ചെയ്തു. പബ്‌ളിക് സ്‌പേസ് claim ചെയ്യുന്ന സ്ത്രീകള്‍ക്കെതിരായി ഇവിടുത്തെ ആണ്‍ബോധത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരിഹാസങ്ങള്‍ തന്നെയാണല്ലോ ലക്ഷ്മിയും അവതരിപ്പിച്ചത്. അവരത് സ്മാര്‍ട്ടായി ചെയ്തല്ലോ എന്നതായിരുന്നു ഫസ്റ്റ് ഇംപ്രഷന്‍.
അധികം വൈകാതെ വീഡിയോ ഇന്‍ബോക്‌സിലേക്കും കമന്‍റുകളിലേക്കും എത്തിത്തുടങ്ങി. അയക്കുന്നവരില്‍ ഭൂരിഭാഗവും സംഘികളാണ്. ഫാന്‍ വെട്ടുകിളികളുമുണ്ട്. ”കാണെടീ ഡാഷ് മോളേ.. കാണ്” എന്ന് പുച്ഛിക്കുന്ന മെസേജുകളുടെ എണ്ണം കൂടിയപ്പൊ ഒരുവട്ടം കൂടി വീഡിയോ കണ്ടു.
”മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ മാവുകള്‍ക്കിട്ട് എറിയാവുന്നതാണ്” എന്ന ഒറ്റ വരിയില്‍, പാര്‍വതി നടത്തുന്ന പോരാട്ടങ്ങളെ റദ്ദ് ചെയ്യുന്നു. പുസ്തകം വായിക്കുന്ന, സിനിമ കാണുന്ന, അതിലും പ്രധാനമായി സമരങ്ങളില്‍ സജീവമായിടപെടുന്ന പെണ്‍കുട്ടികളെ മുഴുവന്‍ പ്രിട്ടന്‍ഷ്യസ് ജീവികളാക്കുകയാണ് വീഡിയോ.
”കുലസ്ത്രീ” മോഡല്‍ പിന്തുടരാത്ത പെണ്‍കുട്ടികള്‍ എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും പെണ്‍കുട്ടികളുടെ ശരീരങ്ങള്‍ക്ക് മേല്‍ അലിഖിത നിയമങ്ങളുണ്ട്. പ്രൈവറ്റ് സ്‌കൂളുകളുടെ കാര്യം പറയാനില്ല. സ്വന്തം വസ്ത്രധാരണത്തിലോ മുടിയിലോ യാതൊരു തെരഞ്ഞെടുപ്പിനും അവകാശമില്ലാതെയാണ് 17 വയസ്സുവരെയെങ്കിലും നമ്മുടെ പെണ്‍കുട്ടികള്‍ വളരുന്നത്.
മുടിയഴിച്ചിട്ട് പുറത്തിറങ്ങുന്നത് പോലും ”അഴിഞ്ഞാട്ട”മാകുന്ന ഒരു സമൂഹത്തിലാണ് നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ജീവിക്കുന്നത്. അവിടെയാണ് കുറേയേറെ സ്ത്രീകള്‍ അടക്കാനുമൊതുക്കാനും കഴിയാത്തവരായി മുന്നോട്ടുവരുന്നത്. മുണ്ടുടുക്കുകയോ മുടിയെടുത്തുച്ചിയില്‍ കെട്ടുകയോ മാത്രമല്ല ഈ പെണ്‍കുട്ടികള്‍ ചെയ്യുന്നത്. സദാചാര പൊലീസ് കളിക്കുന്ന ആങ്ങളമാരോട് OMKV പറയുന്ന, സമരങ്ങളില്‍ സജീവസാന്നിധ്യമാവുന്ന, സിനിമയിലും സാഹിത്യത്തിലും അപ്‌ഡേറ്റഡായ പെണ്‍കുട്ടികള്‍ പത്തോ നൂറോ അല്ല ഇന്ന് കേരളത്തില്‍.
പൊതുസ്ഥലങ്ങളില്‍ പൊതുബോധത്തെ വകവയ്ക്കാതെ ഇടപെടുന്ന ഈ സ്ത്രീകള്‍ മുഴുവന്‍ പ്രിട്ടന്‍ഷ്യസ് ആണെന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ, ആണധികാര വ്യവസ്ഥയ്ക്ക് വലിയ സേവനം ചെയ്യുകയാണ് ലക്ഷ്മി. സ്ത്രീകള്‍ക്കെതിരെ പറയാന്‍ സ്ത്രീയെക്കിട്ടിയാല്‍ അതിലും മികച്ച ആയുധമെന്തുണ്ട്. സുജയുടെ പോസ്റ്റിനെക്കാള്‍ വളരെ വലുതാണ് ലക്ഷ്മിയുടെ വീഡിയോ ഉണ്ടാക്കിയ ഡാമേജ്. അത് ഷെയര്‍ ചെയ്യുന്നവരില്‍ ”ശംഖൊലി” യും ”People’s Political Platform” ഉം ഒറ്റക്കെട്ടാണെന്നത്, സ്ത്രീവിരുദ്ധതയ്ക്ക് കേരളത്തില്‍ പാര്‍ട്ടിഭേദമില്ലെന്ന വസ്തുതയ്ക്ക് അടിവരയിടുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ