ഏഷ്യാനെറ്റിന്‍റെ 25-ാം വാര്‍ഷികാഘോഷം; ആശംസകളുമായി മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍

By Web TeamFirst Published Dec 4, 2018, 11:27 PM IST
Highlights

ഞായറാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുത്ത് ഏഷ്യാനെറ്റുമായി തങ്ങള്‍ക്കുള്ള വൈകാരികബന്ധത്തെക്കുറിച്ച് സദസ്സിനോട് സംവദിച്ചത് മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസനുമാണ്.

കൊച്ചി: ഏഷ്യാനെറ്റ് ചാനലിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആശംസകളുമായി തെന്നിന്ത്യയുടെ പ്രിയതാരങ്ങളെത്തി. ഞായറാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുത്ത് ഏഷ്യാനെറ്റുമായി തങ്ങള്‍ക്കുള്ള വൈകാരികബന്ധത്തെക്കുറിച്ച് സദസ്സിനോട് സംവദിച്ചത് മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസനുമാണ്. ഏഷ്യാനെറ്റുമായി ബന്ധപ്പെട്ട് തനിക്ക് ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടെന്നും പലപ്പോഴും പ്രവാസി മലയാളികള്‍ സ്വന്തം നാടിനെ കണ്ടറിഞ്ഞത് ഈ ചാനലിലൂടെയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

'25 വര്‍ഷത്തെ ബന്ധമാണ് എനിക്ക് ഏഷ്യാനെറ്റുമായി. ഏഷ്യാനെറ്റില്‍ ആദ്യമായി വന്ന ഒരു അഭിനേതാവിന്റെ അഭിമുഖം എന്റേതാണ്. കഴിഞ്ഞദിവസം അവസാനമായി വന്ന അത്തരത്തില്‍ ഒരു അഭിമുഖവും എന്റേതായിരുന്നു. ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പറ്റി. ഞാന്‍ ആദ്യമായി ചെയ്ത ടെലിവിഷന്‍ ഷോ ആയിരുന്നു അത്', മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ചായ കുടിക്കുന്നതുപോലെയോ ചോറുണ്ണുന്നത് പോലെയോ ഉള്ള മലയാളിയുടെ ഒരു ദിവസത്തെ ദിനചര്യയായി ഏഷ്യാനെറ്റ് മാറിയിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. 'ഏഷ്യാനെറ്റിന്റെ അവാര്‍ഡ് പരിപാടികളിലും അഭിമുഖങ്ങളിലും പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ വളരെ സന്തോഷപൂര്‍വ്വം ഞാന്‍ എന്നെത്തന്നെ സമര്‍പ്പിച്ച പരിപാടിയായിരുന്നു മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍.' ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ചാനല്‍ അവതരിപ്പിക്കാന്‍ തനിക്കാണ് അവസരം ലഭിച്ചതെന്നും ഏഷ്യാനെറ്റ് ആണ് എന്നും ഒന്നാം സ്ഥാനത്തെന്നും മറ്റ് സ്ഥാനങ്ങളിലേക്കേ മത്സരമുള്ളൂവെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

25 വര്‍ഷമായി നിലനില്‍ക്കുന്നു എന്നതല്ല ഒന്നാമത് നില്‍ക്കുന്നു എന്നത് അനിതരസാധാരണമായ വിജയമാണെന്നായിരുന്നു കമല്‍ഹാസന്റെ അഭിനന്ദനം. കേരളവുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചും കമല്‍ വാചാലനായി. 'തമിഴ്‌നാട് എന്റെ നാടാണ്, പക്ഷേ കേരളമാണ് എന്റെ വീട്. ഗജ ചുഴലിക്കാറ്റ് വന്നപ്പോള്‍ ഞാന്‍ ആദ്യം സഹായമഭ്യര്‍ഥിച്ചത് കേരളത്തോടാണ്. ഇവിടെ ക്യാബിനറ്റ് കൂടി ഉടന്‍ 10 കോടി രൂപ അനുവദിച്ചിരുന്നു.' ആ കര്‍ഷകര്‍ തിരിച്ചുവരാന്‍ ഏഴ് വര്‍ഷമെങ്കിലും എടുക്കുമെന്നും അത്രകാലവും മുഴുവന്‍ ഇന്ത്യയും അവരെ പിന്തുണയ്ക്കണമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റിന്റെ 25-ാം വാര്‍ഷികാഘോഷം ലോകമലയാളിയുടെ മുഴുവന്‍ ആഘോഷമാണെന്ന് സ്റ്റാര്‍ സൗത്ത് ഇന്ത്യ ബിസിനസ് ഹെഡ് കെ മാധവന്‍ പറഞ്ഞു. 'പുളിയറക്കോണത്തെ ചെറിയ ഓഫീസില്‍ നിന്ന് ആഗോളമലയാളിയുടെ മനസ്സില്‍ ഒന്നാമതെത്തിയതിന് പിന്നില്‍ ഒട്ടേറെപ്പേരുടെ അധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ട്. മലയാളിയുടെ കാഴ്ച സംസ്‌കാരത്തില്‍ വലിയ മാറ്റമുണ്ടാക്കിക്കൊണ്ടാണ് ഏഷ്യാനെറ്റ് കടന്നുവന്നത്.' മലയാളസിനിമയുടെ കഴിഞ്ഞ 25 വര്‍ഷത്തെ വളര്‍ച്ചയിലും ഏഷ്യാനെറ്റ് അതിന്റെ പങ്ക് വഹിച്ചിട്ടുണ്ടെന്നും അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും പല സിനിമകളും പിന്നീടുള്ള തലമുറ കണ്ടറിഞ്ഞത് ഏഷ്യാനെറ്റിലൂടെയായിരുന്നു. ഇനിയും ഒരുപാട് ദൂരം ഈ പ്രസ്ഥാനത്തിന് പോകാനുണ്ട്', കെ മാധവന്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ സംപ്രേഷണം അടുത്ത ഞായറാഴ്ച (9) ഏഷ്യാനെറ്റില്‍ വൈകിട്ട് ഏഴിന് നടക്കും.

"

click me!