സുരക്ഷാമാനദണ്ഡം പാലിച്ച് തീയേറ്റററുകൾ തുറക്കാൻ അനുവദിക്കണമെന്ന് ചലച്ചിത്ര സംഘടനകൾ

By Web TeamFirst Published May 7, 2020, 12:38 PM IST
Highlights

ലോക്ക് ഡൗണിൽ 800 കോടിയുടെ നഷ്ടം നേരിട്ട സിനിമാരംഗം പ്രതിസന്ധിയിൽ നിന്ന് തിരിച്ചുകയറാനുളള തയ്യാറെടുപ്പിലാണ്. 

കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തിയറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്ന് ചലച്ചിത്ര സംഘടനകൾ. 50 പേരെ ഉൾപ്പെടുത്തി ഷൂട്ടിംഗുകൾ പുനരാരംഭിക്കാൻ അനുവദിക്കണമെന്നും ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ലോക്ക് ഡൗണിൽ 800 കോടിയുടെ നഷ്ടം നേരിട്ട സിനിമാരംഗം പ്രതിസന്ധിയിൽ നിന്ന് തിരിച്ചുകയറാനുളള തയ്യാറെടുപ്പിലാണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ സ‍ർക്കാരിൻ്റെ അനുമതി കിട്ടിയതോടെ തുടങ്ങിയിട്ടുണ്ട്. ഇനി വേണ്ടത് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചിത്രീകരണം തുടങ്ങാനുളള അനുമതിയാണ്. 

തിയറ്ററുകളിലേക്ക് ആളുകളെ ആകർഷിക്കാൻ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതും ഓഫറുകൾ നൽകുന്നതും പരിഗണനയിലാണ്. ഇതിനായി സർക്കാർ വിനോദനികുതി പൂർണ്ണമായും ഒഴിവാക്കണമെന്നും ചേംബർ ആവശ്യപ്പെടുന്നു. 

ഈ സാമ്പത്തിക വർഷം റിലീസ് ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ സബ്സിഡി നൽകണം, അടച്ചിട്ട തിയറ്ററുകൾക്ക് വൈദ്യുതി ഫിക്സഡ് ചാർജ്ജായി വലിയ തുക നൽകേണ്ടി വരുന്നു. ഇത് ഒഴിവാക്കണമെന്നും ചലച്ചിത്രസംഘടനകൾ ആവശ്യപ്പെടുന്നു. 

പ്രൊഡക്ഷൻ ബോയി, ഫിലിം റെപ്രസന്റേറ്റീവുമാർ, പോസ്റ്റർ ഒട്ടിക്കുന്നവർ തുടങ്ങി ചെറുകിട ജോലികൾ ചെയ്യുന്നവർക്ക് മാസം 5000 രൂപ സാന്പത്തിക സഹായം നൽകണമെന്നും ചേംബർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
 

click me!