ജോൺ എബ്രഹാമിന് തുടക്കത്തിൽ അഭിനയിക്കാൻ അറിയില്ലായിരുന്നുവെന്ന് 'ധൂം' സഹതാരമായിരുന്ന നടി റിമി സെൻ.

ബോളിവുഡിലെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ജോൺ എബ്രഹാം, അഭിഷേക് ബച്ചൻ തടുങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ധൂം. സഞ്ജയ് ഗദ്വി സംവിധാനം ചെയ്ത ചിത്രം യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമ്മിച്ചത്. ഉദയ് ചോപ്ര, ഇഷ, റിമി സെൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ സഹ താരമായിരുന്ന ജോൺ എബ്രഹാമിനെ കുറിച്ച് റിമി സെൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലെന്നാണ് റിമി സെൻ പറയുന്നത്. എന്നാൽ തനിക്ക് അനുയോജ്യമായ വേഷങ്ങൾ മാത്രം തിരഞ്ഞെടുത്ത് നല്ല രീതിയിൽ അവതരിപ്പിക്കാനുള്ള കാര്യങ്ങൾ ജോൺ എബ്രഹാം ചെയ്തവെന്നും റിമി സെൻ പറയുന്നു. ധൂമിൽ അഭിഷേക് ബച്ചൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായിരുന്നു റിമി സെൻ വേഷമിട്ടത്.

മനുഷ്യർ അവരുടെ നല്ലവശങ്ങൾ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും പക്ഷേ ഒരാൾ തന്റെ പരിമിതികൾ മനസിലാക്കുകയും അത് പരിഹരിക്കാനായി ശ്രമിക്കുകയും ചെയ്‌താൽ അയാൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയും, അതിന്റെ മികച്ച ഉദാഹരണമാണ് ജോൺ എബ്രഹാംമെന്നും റിമി സെൻ പറയുന്നു.

"കരിയറിന്റെ തുടക്കത്തിൽ മോഡലായിരുന്ന അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ലായിരുന്നു. ആളുകൾ ഓരോന്ന് പറയുമ്പോഴും അദ്ദേഹം അതിനൊന്നും മറുപടി പറയാൻ പോയില്ല. തനിക്ക് ഏറ്റവും അനുയോജ്യമായതും അധികം അഭിനയിക്കേണ്ടാത്തതുമായ വേഷങ്ങളാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അധികവും ആക്ഷൻ ചിത്രങ്ങൾ. തന്നെ നല്ലരീതിയിൽ അവതരിപ്പിക്കാനുള്ള കാര്യങ്ങൾ ജോൺ ചെയ്തു. അതിനാൽ അദ്ദേഹം ചെയ്യുന്നതിനെ ആളുകൾക്ക് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല." റിമി സെൻ പറയുന്നു.

"പിന്നീട് ജനപ്രിയതാരമായപ്പോൾ ആളുകൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. നിങ്ങൾ അഭിനയം വളരെ സാവധാനമാണ് പഠിക്കുക. കുറച്ചുകാലത്തിനുശേഷം ക്യാമറയ്ക്ക് മുന്നിൽ നിങ്ങൾ പരിചയസമ്പന്നനാകും. അതിനുശേഷമാണ് ജോൺ എബ്രഹാം തനിക്ക് അഭിനയിക്കാനുള്ള വേഷങ്ങൾ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കം ശരിയായതായിരുന്നു. അദ്ദേഹത്തിന് സ്വന്തം പരിമിതികൾ അറിയാം. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാം. അദ്ദേഹം വളരെ ബുദ്ധിമാനായ നടനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്." റിമി സെൻ കൂട്ടിച്ചേർത്തു. അടുത്തിടെ ഒരു പോഡ്കാസ്റ്റിലായിരുന്നു റിമിയുടെ പ്രതികരണം.

YouTube video player